ശബരിമല: തിരുനട ലക്ഷ്യമാക്കി ഒരേ മനസ്സോടെ ഭക്തര്‍ ശബരിമലയിലേക്ക്. മാളികപ്പുറം, കൊച്ചുമാളികപ്പുറം ഉള്‍പ്പെടെയുള്ള ഭക്തരാണ് ഇന്നലെ വൈകിയും ദര്‍ശനത്തിനായി മലചവിട്ടിയതില്‍ കൂടുതല്‍. എന്നാല്‍ ഇന്ന് ഹര്‍ത്താലായതിനാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഹര്‍ത്താലിനെ മുന്നില്‍ കണ്ടുകൊണ്ട് ഭക്തര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പമ്പയിലും സന്നിധാനത്തും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദീര്ഘവീക്ഷണങ്ങളോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രതയില്‍ നടക്കേണ്ടിയിരിക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം നടത്തേണ്ട ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് അവധിയില്‍ പ്രവേശിച്ചത് ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ഇന്നലെ നിലയ്ക്കലില്‍ കുടിവെള്ളം ലഭിക്കാതെ അയ്യപ്പഭക്തര്‍ വലഞ്ഞു. ഇതുമൂലം കുളിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ കഴിയാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. നിലയ്ക്കലില്‍ ജലക്ഷാമം അനുഭവപ്പെടുന്നത് പതിവാണ്. ഇവിടെ സ്ഥാപിച്ച തടയണ പ്രവര്‍ത്തന സജജമാക്കിയിട്ടില്ല. ഇതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് വരെ ജല വിതരണം പൂര്‍ണ്ണമായി മുടങ്ങിയിരുന്നു. നിലയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് ആഹാരം കഴിക്കുന്നതിനും മറ്റും പാത്രങ്ങളും അനുബന്ധ സാധനങ്ങളും ലഭിച്ചിട്ടില്ല. ഇവിടെ 20പേരാണ് ജോലി നോക്കുന്നത്. ആകെ അഞ്ചുപേര്‍ക്ക് മാത്രമേ പാത്രം പോലും ലഭിച്ചിട്ടുള്ളൂ. ഡെയ്ലി വേജസിനായി വിവിധ ജോലിക്കായി സന്നിധാനത്ത് എത്തിയവര്‍ക്ക് പൂര്‍ണ്ണമായും ജോലി നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഭക്തര്‍ കാണിക്കയായി ഇടുന്ന നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇപ്പോള്‍ 130 ജീവനക്കാര്‍ മാത്രമാണുള്ളത്. തിരക്കേറുമ്പോള്‍ വേഗത്തില്‍ നാണയം എണ്ണിത്തിട്ടപ്പെടു ത്തണമെങ്കില് 200 ജീവനക്കാരെങ്കിലും വേണം. ഈവര്‍ഷം ഭണ്ഡാരത്തില് ജോലിക്കായി നിയമിച്ചവര്‍ മുഴുവനും ദേവസ്വം ജീവനക്കാരാണ്.
വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്ട്രോള് റൂം ആരംഭിച്ചു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രസാദിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. റേഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 14 ബീറ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ഒരു കണ്ട്രോള് റൂമില്‍ നിയമിച്ചിരിക്കുന്നത്. 12 പേരടങ്ങുന്ന എലിഫെന്റ് സ്ക്വാഡിന് പുറമേ വെറ്റിനറി ഓഫീസര്‍ ഉള്‍പ്പെടുന്ന ആറ് പേരടങ്ങുന്ന മറ്റൊരു സ്ക്വാഡും രംഗത്തുണ്ട്.
ആനശല്യമുണ്ടാകാതിരിക്കുവാന് ആനയുടെ സാന്നിദ്ധ്യമുള്ള ഭാഗങ്ങളില്‍ തീര്‍ത്ഥാടകര്‍ പോകാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിഷപ്പാമ്പുകളെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിടുവാന്‍ പമ്പയിലും സന്നിധാനത്തും പാമ്പുപിടിത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. നീലിമല, അപ്പാച്ചിമേട്, ഉരക്കുഴി, ഭാഗത്ത് വനംവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്കും പമ്പാ ദേവസ്വം ഗാര്‍ഡ് റൂമിന് എതിര്‍വശത്ത് ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. അരവണ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ള അരവണ പ്ലാന്റ് പ്രമുഖ വ്യവസായി രവിപിള്ള നിര്‍മ്മിച്ചു നല്‍കുമെന്ന് സമ്മതിച്ചതായി ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു പറഞ്ഞു. നാലുകോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രസാദ മണ്ഡപം നിര്‍മ്മിക്കുമ്പോള്‍ പ്ലാന്റിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനവും ആരംഭിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: