പത്തനംതിട്ട : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന ഹര്‍ത്താലും അക്രമസംഭവങ്ങളും മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രക്ഷോഭ പരിപാടികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നും ഹര്‍ത്താലില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ക്രൈസ്തവ സഭകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു.
ശബരിമല ക്ഷേത്രനട തുറന്നതോടെ ലക്ഷക്കണക്കിന് അയ്യപ്പന്മാര് അടുത്ത രണ്ടു മാസക്കാലം കേരളത്തിലെ പ്രധാന വഴികളിലൂടെ യാത്ര ചെയ്യുകയാണ്. ദീര്‍ഘനാളത്തെ വ്രതാനുഷ്ഠാനങ്ങളോടെ മുന്‍ കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികളുമായി പോകുന്ന അയ്യപ്പന്മാര് ഹര്‍ത്താല്‍ മൂലം വളരെയേറെ കഷ്ട നഷ്ടങ്ങള്‍ സഹിച്ചു വരികയാണ്. പത്തനംതിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി സമ്മേളനം നേരത്തേ തീരുമാനിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ തീര്‍ത്ഥാടന വേളയില്‍ നടത്തിയ പ്രക്ഷോഭം നിമിത്തം അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അയ്യപ്പന്മാര് വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചു. മുപ്പതു ശതമാനം കണ്ട് തീര്‍ത്ഥാടകരുടെ എണ്ണവും ക്ഷേത്രവരുമാനവും ആ വര്‍ഷം കുറഞ്ഞു. ഹര്‍ത്താലില്‍ നിന്ന് തീര്‍ത്ഥാടകരെ ഒഴിവാക്കിയതു കൊണ്ടു മാത്രം പ്രശ്നപരിഹാരമാവില്ല. ഭക്ഷണം, കുടിവെള്ളം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്കു ഹര്‍ത്താല്‍ മൂലം കിട്ടാതെ വരുന്നു. തന്മൂലം തീര്‍ത്ഥാടനം ദുഷ്ക്കരമാകുമെന്നതിനാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വരാന്‍ മടിക്കും.
കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തില്‍ കസ്തൂരീരംഗന് റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്തു വരികയാണ്. തുടര്‍ന്നും വിവിധ വേദികളില്‍ ആശയ വിനിമയത്തിനും അഭിപ്രായ രൂപീകരണത്തിനും വേദി ഒരുക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. പകരം ശബരിമല തീര്‍ത്ഥാടന വേളയില്‍ തന്നെ വിഷയത്തെ തെരുവിലേക്ക് ഇറക്കി വിട്ടത് പ്രതിഷേധാര്‍ഹമാണ്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും പശ്ചിമഘട്ടത്തെ എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെക്കുറിച്ചുമുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നടപടികളും ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ക്രൈസ്തവസഭകളും രാഷ്ട്രീയ പാര്‍ട്ടികളും വസ്തുതകള്‍ ബോധ്യപ്പെട്ട് പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: