തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന്റെ പേരില്‍ കേരളത്തിന്റെ മലയോരമേഖലയില്‍ നടക്കുന്ന കലാപവും അക്രമവും ശബരിമലതീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്.
മലയോരജില്ലകളിലും കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മലയോര മേഖലകളിലും നടന്ന അക്രമ സമരങ്ങളില്‍ കര്‍ഷക പങ്കാളിത്തം ഇല്ലായിരുന്നു. സമൂഹത്തില്‍ ഭീതിപരത്തിയും പ്രകോപനപരമായ പ്രസംഗത്തിലൂടെ അക്രമത്തിനാഹ്വാനം ചെയ്തും സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വി.മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുമ്പ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് ഇതേ തന്ത്രമാണ് ചിലര്‍ പുറത്തെടുത്തത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും പേരില്‍ ഭീതിസൃഷ്ടിച്ച് വോട്ട് ബാങ്ക് തട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സും സിപിഎമ്മും കളിക്കുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനേക്കാള്‍ ജനാധിപത്യപരവും ജനങ്ങള്‍ക്ക് അനുകൂലമായതും ഗാഡ്ഗില്‍ ശുപാര്‍ശകളായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നുമാണ് ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കസ്തൂരിരംഗന്‍ സമിതി ശുപാകര്ശകളില് ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് അവസരം നല്‍കുന്നില്ല. ജനങ്ങളുടെ നിലനില്‍പ്പും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ മുന്നോട്ടുവച്ചത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടും അതിന്റെ മലയാള പരിഭാഷ ജനങ്ങള്‍ക്ക് നല്കാന് പോലും സര്‍ക്കാരിനായില്ലെന്ന് വി.മുരളീധരന് പറഞ്ഞു.
സംസ്ഥാന, ജില്ലാതലങ്ങളിലും അതിനു താഴെയും പശ്ചിമഘട്ട അതോറിറ്റി രൂപീകരിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ജനങ്ങള്‍ക്കു പങ്കാളിത്തമുള്ള വേദികളുണ്ടാക്കണമെന്ന നിര്‍ദ്ദേശവും അവഗണിച്ചു. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പേര് പറഞ്ഞ് കയ്യേറ്റക്കാരെ സംരക്ഷിക്കാനും നാട്ടില്‍ കലാപം സൃഷ്ക്കാനുമാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കലാപവും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരത്തുന്ന ഭീതിയും ഗൂഢോദ്ദേശ്യത്തോടെയുള്ളതാണ്. മതമേധാവികള്‍ തന്നെ അക്രമത്തിന് ആഹ്വാനം നല്‍കുകയാണ്.
മലയോര മേഖലയിലെ കുടിയേറ്റകര്ഷകര്ക്കായി താന്‍ രക്തസാക്ഷിയാകാമെന്നാണ് ഒരു ബിഷപ്പ് പ്രസംഗിച്ചത്. അക്രമത്തിന് പ്രേരണ നല്‍കുകയും ജനങ്ങളില്‍ അനാവശ്യമായ ഭീതിപരത്തുകയുമാണ് അവര്‍ ചെയ്തിരിക്കുന്നത്. പശ്ചിമഘട്ടം നിലനില്‍ക്കേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. അനധികൃതമണല്വാരലും ക്വാറികളുമെല്ലാം കേരളത്തെ തകര്‍ക്കുകയാണ്. ഇതിനെല്ലാം നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ ദ്രോഹിക്കപ്പെടുകയും കുടിയൊഴിക്കപ്പെടുകയും ചെയ്യുമെന്ന പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ആരെയും കുടിയൊഴിപ്പിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നില്ല. ഇരുപതിനായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിടം പണിയുന്ന കര്‍ഷകര്‍ കേരളത്തിലുണ്ടാകില്ല. രണ്ടു ദിവസങ്ങളായി പലയിടങ്ങളിലും ഹര്‍ത്താലും അക്രമവുമാണ്.
ശബരിമല തീര്‍ത്താടകരെ സമരത്തില്‍ നിന്നൊഴിവാക്കിയെന്ന് പറയുന്നത് വെറും പറച്ചിലല്‍ മാത്രമായി. വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തുമെല്ലാം ശബരിമലതീര്ത്ഥാടകരെ അടക്കം തടയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ഭീകരാന്തരീക്ഷമാണെന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രചരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: