കോട്ടയം: രാഷ്ട്രീയത്തിലും ഭരണത്തിലും കേരള കോണ്‍ഗ്രസ്സുകളെ മുന്‍നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തിയിരുന്ന ക്രൈസ്തവ സഭകള്‍ കത്തോലിക്ക കോണ്‍ഗ്രസ്സിനെ മുന്‍നിര്‍ത്തി വര്ഗ്ഗീയതപ്രചരിപ്പിച്ച് സജീവരാഷ്ട്രീയത്തില്‍ ഇടപെടുന്നു. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍, റബര്‍ വിലയിടിവ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ കേരള കോണ്‍ഗ്രസ്സുകള്‍ സഭയോട് ആത്മാര്‍ത്ഥതമായ നിലപാടുകള്‍ സ്വീകരിച്ചില്ലെന്നാണ് മതനേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ്സുകളെ പൂര്‍ണ്ണമായി തള്ളിപ്പറയാതെ കാലങ്ങളായിനിര്ജ്ജീവമായിരുന്ന കത്തോലിക്കാ കോണ്‍ഗ്രസിനെ രംഗത്തിറക്കി പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടത്താന്‍ ക്രൈസ്ഭവ സഭകള്‍ തീരുമാനിച്ചത്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേരള കോണ്ഗ്രസ്സുകാര് പ്രക്ഷോഭവുമായി രംഗത്തുണ്ടെങ്കിലും സഭാനേതൃത്വം കത്തോലിക്കാ കോണ്‍ഗ്രസ്സിനെ മുന്‍ നിര്‍ത്തിയാണ് സമരവും മറ്റും നടത്തുന്നത്. ഏറെ വര്‍ഷങ്ങളായി കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കടലാസിലൊതുങ്ങുന്നതായിരുന്നു.
കേരള കോണ്ഗ്ര സ്സുകളുടെ ആധിപത്യമായിരുന്നു ഇതിന് പ്രധാന കാരണം. സഭയുടെ നിയന്ത്രണത്തിലുള്ള നേതൃത്വം നയിക്കുന്ന കേരള കോണ്‍ഗ്രസ്സുകള്‍ക്ക് വ്യക്തമായ നിയന്ത്രണമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് റബര്‍ വിലയിടിവ് പോലുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ പോലും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകാതിരുന്നതാണ് സഭകളെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കേരള കോണ്‍ഗ്രസ്സുകളുടെ പ്രക്ഷോഭങ്ങളില്‍ പരസ്യമായി രംഗത്ത് വരാതിരുന്ന വൈദികരും സഭാധ്യക്ഷന്മാരും കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമരങ്ങള്‍ നയിക്കാന്‍ വരെ തയ്യാറായിക്കഴിഞ്ഞു.
പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പരമാവധി മതവികാരമിളക്കിവിടുന്ന സമരപരിപാടികളാണ് കത്തോലിക്കാ കോണ്‍ഗ്രസ്സിനെ മുന്‍ നിര്‍ത്തി ക്രൈസ്തവ സഭകള്‍ നടത്തുന്നത്.
ഇടുക്കി ജില്ലയിലും മറ്റും കേരള കോണ്‍ഗ്രസ് പ്രചരണ ജാഥകള്‍ നടത്തുന്നതിന് സമാന്തരമായി കത്തോലിക്കാ കോണ്‍ഗ്രസ്സും സഭകളുടെ പിന്തുണയോടെ വയനാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ സമരം പ്രഖ്യാപന ജാഥകള്‍ നടത്തുകയാണ്.
യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ച് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് കെ.എം മാണിയോട് സഭാ നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ മുസ്ലീലീഗ്, യുഡിഎഫ് ഭരണത്തില്‍ സ്വാധീനം ചെലുത്തി സ്വന്തം മതത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് പോലെ നേട്ടമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസ്സുകളെ മുന്‍നിര്‍ത്തി കൈസ്തവ സമൂഹത്തിന് കഴിയാത്തതും ന്യൂനപക്ഷ പ്രമോട്ടര്‍ നിയമനങ്ങളിലെ അവഗണനയുമൊക്കെയാണ് സഭകളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ നടത്തുന്ന സമര പ്രചരണ ജാഥകള്‍ വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്യുന്നത് ബിഷപ്പുമാരാണ്. തുടര്‍ന്ന് വിവിധ സഭകളുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ മതവികാരമുണര്‍ത്തി പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്നറിയുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: