ഭാരതത്തിലെ ജനാധിപത്യത്തിന് ആരാണ് ഭീഷണി? സംഘപരിവാറാണെന്ന് സ്ഥാപിക്കാനായി കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മതേതരവാദികളെന്ന് നടിച്ചു കഴിയുന്ന വിവിധ ഛായയിലുള്ള സോഷ്യലിസ്റ്റുകളും അവരുടെ മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. അവരുടെ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഗീബത്സിനെ വെല്ലുന്ന വാശിയോടെയാണ് ഓരോ ദിവസവും ആഴ്ചയും സൃഷ്ടികള്‍ പടച്ചുവിടുന്നത്. നരേന്ദ്രമോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലക്കാരനായി നിയമിതനായപ്പോള്‍ ആരംഭിച്ച കോലാഹലങ്ങള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ ശക്തമായിത്തീര്‍ന്നു. മലയാളത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് അക്കാര്യത്തില്‍ എല്ലാവരേയും പിന്നിലാക്കി മുന്നേറുകയാണ്. ഗുജറാത്തിലെ ജനങ്ങള്‍ മൂന്നുതവണ തുടര്‍ച്ചയായി, ഭൂരിപക്ഷം നല്കി അധികാരത്തിലേറ്റിയ പാര്‍ട്ടിയേയും നേതാവിനേയുമാണ് ആവര്‍ത്തിച്ച് കുരിശില്‍ തറയ്ക്കാന് അക്കൂട്ടര്‍ തുനിയുന്നത്.
ജനാധിപത്യബോധത്തെക്കുറിച്ച് വായലയ്ക്കുന്നവര് മനഃപൂര്‍വം വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. ജനാധിപത്യത്തിനുള്ള ഏറ്റവും മാരകമായ പ്രഹരമേല്‍പ്പിച്ചത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നതാണ് അത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചുവെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തിയതിനാല്‍ അതിനെ അസാധുവാക്കുകയും ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തതിനെ അവര്‍ നേരിട്ടത് ജനായത്തത്തിന്റെ ശിഷ്ടാചാരങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ്. രാജ്യത്തെയൊട്ടാകെ അടിയന്തരാവസ്ഥക്ക് കീഴില്‍ അമര്‍ത്തി, മൗലികാവകാശങ്ങളെ റദ്ദു ചെയ്ത്, നീതിന്യായ സംവിധാനത്തെ ആശ്രയിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ ഇല്ലാതാക്കി പാര്‍ലമെന്റിനെ തന്നെ അപ്രസക്തമാക്കിയും ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ജനാധിപത്യത്തെ കശാപ്പു ചെയ്തു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളെയും പാര്‍ലമെന്റ് സമിതിയംഗങ്ങളെയും അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിലടയ്ക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല. അടിയന്തരാവസ്ഥയില്‍ ജീവിക്കാനുള്ള സ്വാഭാവികമായ അവകാശം പോലും സംരക്ഷിക്കാന്‍ അത്യുന്നത നീതിപീഠം തയ്യാറായില്ല. തന്റെ കല്‍പ്പനയെ ധിക്കരിക്കുമെന്ന് ഇന്ദിരാഗാന്ധി ശങ്കിച്ച ന്യായാധിപന്മാരെ നാണംകെടുത്തി രാജിവെക്കാന്‍ നിര്‍ബന്ധിതരാക്കി. സ്വാതന്ത്ര്യസമരത്തിലെ മുന്‍നിര നേതാക്കളും അധികാര മോഹത്തിന് അനാസക്തരുമായിരുന്ന ജയപ്രകാശ് നാരായണനെപ്പോലുള്ള ഋഷി തുല്യരായ മഹത്തുക്കളെ കാരാഗൃഹത്തിലടച്ചു. ലക്ഷക്കണക്കിന് ജനങ്ങളെയും തുറുങ്കിനുളളില് കഴിയാന്‍ വിട്ടു. ഭാരതബന്ധത്തെയൊട്ടാകെ ഇരുമ്പുമറയ്ക്കുള്ളിലാക്കി. സ്റ്റാലിനും ഹിറ്റ്ലറും ഒരുമിച്ച് അവതാരം പൂണ്ടതുപോലെയായിരുന്നു ഇന്ദിരാഗാന്ധി. ആ ഇന്ദിരാഗാന്ധിയുടെ സ്തുതിപാഠകരും വൈതാളികരുമായിട്ടാണ് അക്കാലത്തു രാജ്യത്തെ ഒട്ടുമുക്കാലും ബുദ്ധിജീവികളും സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും നിലകൊണ്ടത്. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെ വാഴ്ത്തിക്കൊണ്ട് “പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല” എന്ന മട്ടില്‍ കവിത പ്രസിദ്ധീകരിച്ച എന്‍.വി.കൃഷ്ണവാര്യരെപ്പോലുളളവരെയും മറക്കാനാവില്ല.
ഫാസിസ്റ്റുകളെന്നും ഹിറ്റ്ലറുടെ പിന്‍ഗാമികളെന്നും അധിക്ഷേപിക്കപ്പെട്ട ജനസംഘനേതാക്കളായ എല്‍.കെ.അദ്വാനിയും എ.ബി.വാജ്പേയിയും കേന്ദ്രമന്ത്രിമാരായപ്പോള്‍, അവരുടെയും തനിനിറം പുറത്തുവന്നു. ഇരുവരും ബാല്യം മുതല്‍ ആര്‍എസ്എസുകാരായിരുന്നു. അടിയന്തരാവസ്ഥയിലായിരുന്നു ദല്‍ഹിയിലും മറ്റു പലയിടങ്ങളിലും മുസ്ലിം ജനങ്ങളെ കൂട്ടമായി ആട്ടിത്തെളിച്ചു കൊണ്ടുപോയി നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയത്. കുടുംബ സംവിധാനത്തിന് മനുഷ്യത്വ മുഖം നല്‍കിയത് വാജ്പേയിയുടെ പ്രേരണ മൂലമായിരുന്നു. വിഭജനകാലത്ത് പാക്കിസ്ഥാനില്‍ പെട്ടുപോയ കേരളത്തിലെ നൂറുകണക്കിന് മുസ്ലിം കുടുംബാംഗങ്ങള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാക്കിയത് വാജ്പേയിയായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ ലോകരാജ്യങ്ങളുമായുണ്ടായിരുന്ന തകര്‍ന്ന ബന്ധങ്ങളെ ആരോഗ്യകരമാക്കിത്തീര്ത്തതും മറ്റാരുമായിരുന്നില്ല.
വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എല്‍.കെ.അദ്വാനിയാകട്ടെ തന്റെ ഉദാരമായ ജനാധിപത്യവിശ്വാസം തെളിയിക്കാന്‍ ലഭിച്ച ആദ്യത്തെ അവസരം തന്നെ പ്രയോജനപ്പെടുത്തി. അന്നുവരെ ഇന്ദിരാവാണിയായിരുന്ന ആകാശവാണിയേയും ശൈശവാവസ്ഥയിലായിരുന്ന ദൂരദര്‍ശനെയും പുതിയ കാഴ്ചപ്പാട് നല്കി പരിഷ്കരിച്ചു. ചരിത്രത്തിലാദ്യമായി അധികാരമേറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ശേഷം, പ്രതിപക്ഷ നേതാവായിരുന്ന സി.എം.സ്റ്റീഫനെയും രാഷ്ട്രത്തോടു പ്രതികരിക്കാന്‍ അദ്ദേഹം ക്ഷണിച്ചത് അദ്ദേഹത്തെപ്പോലും വിസ്മയിപ്പിച്ചു.
മാത്രമല്ല അത്തരം സുപ്രധാന അവസരങ്ങളിലെല്ലാം തന്നെ രാഷ്ട്രത്തോട് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവിനും അവസരം നല്കി. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ ദേശീയ കക്ഷികള്‍ക്കും ആകാശവാണി, ദൂരദര്ശന് വഴി പ്രചാരണം നടത്താനുള്ള അവസരവും അദ്ദേഹം സൃഷ്ടിച്ചു.
ഭാരതീയ ജനതാപാര്‍ട്ടിയുടെ പൂര്‍വ രൂപമായിരുന്ന ജനസംഘം സ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയും ജനാധിപത്യത്തിന്റെ ഉത്തമമാതൃകയായിരുന്നു. അന്ന് ശൈശവാവസ്ഥയിലായിരുന്ന ജനസംഘത്തെ തകര്‍ക്കുമെന്ന് (I will cursh your Janasangh) പ്രധാനമന്ത്രി ആക്രോശിച്ചപ്പോള്‍ I will crush this crushing mentality എന്ന് ഡോ.മുഖര്‍ജി തിരിച്ചടിച്ചു. ഷേക്ക് അബ്ദുള്ളയുടെ സ്വേഛാധിപത്യത്തില്‍ നിന്ന് ജമ്മുകാശ്മീരിലെ ജനങ്ങളെ രക്ഷിച്ച് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഒപ്പം ഭാരതഭരണഘടനയുടെ അവകാശികളാക്കാന്‍ വേണ്ടി അങ്ങോട്ടുപോയ മുഖര്‍ജിയെ അറസ്റ്റ് ചെയ്തു ദുരൂഹമായ സാഹചര്യത്തില്‍ മരിക്കാന്‍ ഇടയാക്കിയ ഷേക്കിനെ പിന്താങ്ങുകയാണ് നെഹ്റു ചെയ്തത്. ആ സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഡോ.മുഖര്‍ജിയുടെ വൃദ്ധമാതാവ് യോഗമായാദേവി അയച്ച കണ്ണീരില്‍ കുതിര്‍ന്ന കത്തിനെ അദ്ദേഹം അവഗണിച്ചു. ഇതാണ് ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവിനോട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഗ്രഗാമിയായി പ്രകീര്‍ത്തിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്റു കാട്ടിയ ജനാധിപത്യ മര്യാദ. 1930 ലും 1948 ലും സര്‍ദാര്‍ പട്ടേലിന് പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും നെഹ്റുവിനെ പ്രസിഡണ്ടാക്കിയത് നേരായ വഴിക്കല്ലായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കിയതും ജനാധിപത്യരീതിയിലായിരുന്നില്ല.
രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യക്ക് മുന്‍കൈ എടുത്തത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നല്ലൊ. 1980 കളില്‍ ഇന്ദിരാഗാന്ധിയുടെ രണ്ടാംവരവു കാലത്തു പഞ്ചാബിലെ അകാലിദളിന്റെ സ്വാധീനത്തെ തകര്‍ക്കാനായി ആരാലും അറിയപ്പെടാതെ കഴിഞ്ഞ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാലേയെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്ദിരയും രാജീവുമായിരുന്നല്ലൊ. സര്‍ദാര്‍ സെയില്‍ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവര്‍ ഭിന്ദ്രന്‍ വാലയെ ഇറക്കിയിരുന്നു. രാജീവ് ഗാന്ധി തന്നെ അയാളെ ചെന്നു കണ്ട് വണങ്ങി ഗാന്ധിജിയെപ്പോലത്തെ സമാധാന പ്രേമിയായ ‘സന്ത്’ ആണ് എന്ന് സര്‍ട്ടിഫിക്കറ്റും നല്കി. ഭിന്ദ്രന്‍ വാലേ പഞ്ചാബിലും ഹരിയാനയിലും നടത്തിയ സംഹാരതാണ്ഡവവും അതിനെ അമര്‍ച്ച ചെയ്യാന്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികളും സൃഷ്ടിച്ച വടുക്കള്‍ ഇന്നും മാഞ്ഞിട്ടില്ല. അവര്‍ തന്നെ അതിന്റെ പ്രതികാരത്തിനിരയായി. സ്വന്തം അംഗരക്ഷകര്‍ തന്നെയാണവരുടെ അന്ത്യം വരുത്തിയത്. അതിനുശേഷം ദല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് സമാനതകളില്ല. ദല്‍ഹിയില്‍ മാത്രമല്ല ഭാരതത്തിലെങ്ങും ഇങ്ങു കേരളത്തിലെ ഇടുക്കി പദ്ധതി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സിഖുകാര്‍ പോലും ആക്രമിക്കപ്പെട്ടു. ദല്‍ഹിയിലെ കൂട്ടക്കൊല തടയാന്‍, പ്രധാനമന്ത്രിസ്ഥാനമേറ്റെടുത്ത രാജീവ് ഗാന്ധി ചെറുവിരല്‍ അനക്കിയില്ല. “വന്മരം മറിഞ്ഞു വീഴുമ്പോള്‍ അതിന് കീഴില്‍ ഭൂമി കുലുങ്ങു”മെന്ന് ആ കൂട്ടക്കൊലയെ ന്യായീകരിച്ചു. ആ വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസ് നടത്താന്‍ പോലും തയ്യാറായില്ല. 30 വര്‍ഷത്തിനുശേഷവും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണരംഗത്തും വിലസുന്നു.
ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ 59 രാമസേവകരെ ചുട്ടുകൊന്നതില് രോഷം പൂണ്ട് ഗുജറാത്തിലെ ജനങ്ങള്‍ നടത്തിയ ലഹളകളെ പട്ടാളത്തെ വരുത്തി മൂന്നു ദിവസത്തിനകം അമര്‍ച്ച ചെയ്യുകയും ഓരോ സംഭവത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ച് കുറ്റക്കാരെ സ്വന്തം പാര്‍ട്ടിക്കാരാണോ എന്നൊന്നും കണക്കാക്കാതെ ശിക്ഷിക്കാന്‍ നടപടിയെടുക്കുകയും ചെയ്ത നരേന്ദ്ര മോദിയാണല്ലൊ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ചതുര്‍ത്ഥി. നാം സഞ്ചരിക്കുന്ന കാറിനിടയില്പെട്ട് നായ്ക്കുട്ടി ചത്താലും വിഷമമുണ്ടാവുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ചൊല്ലിയുണ്ടായ കോലാഹലം എന്തായിരുന്നു! “വന്മരം വീണ” രാജീവ് ഗാന്ധി പരാമര്‍ശവും അതും താരതമ്യം ചെയ്യാന്‍ ആരും തയ്യാറല്ല.
ജനാധിപത്യത്തിനല്ല വംശവാഴ്ചയ്ക്കാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്ന് ഇന്ന് ആര്‍ക്കും സംശയമില്ല. മഹാരഥന്മാര് വിഹരിച്ചിരുന്ന പ്രദേശത്തുകൂടി ഇന്ന് നടക്കുന്നത് ആരെന്ന് കാണുമ്പോള്‍ നാം മൂക്കില്‍ വിരല്‍ വെച്ചു പോകുന്നു. ഇവരില്‍ ജനാധിപത്യവും മനുഷ്യത്വവും സുരക്ഷിതമാവുമോ?
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: