മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിനടുത്ത് ‘ശ്രീപദം’ വീട്ടില്‍ പൂരപ്പറമ്പില്‍ ചെങ്ങര അരവിന്ദനെ പരിചയമുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ ഗാനഗന്ധര്വന് യേശുദാസും മലയാളത്തിന്റെ വാനമ്പാടി ചിത്രയും ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ച 1600 ഓളം ഭക്തിഗാനങ്ങള്‍ എഴുതി മലയാളികളെ ഭക്തിലഹരിയിലാറാടിച്ച പി.സി. അരവിന്ദനെ അറിയുമോ എന്നു ചോദിച്ചാല്‍ ഒരു മലയാളി സംഗീതാസ്വാദകനും ഇല്ല എന്നു പറയില്ല, മാത്രമല്ല അദ്ദേഹത്തിന്റെ വരികള്‍ പലര്‍ക്കും ഹൃദിസ്ഥവുമാണ്.
പ്രശസ്ത സാഹിത്യകാരനായ നന്ദനാരുടെ മരുമകനാണ് അരവിന്ദന്. ചെറിയച്ഛന് വീട്ടില്‍ മാധവതരകന്റെയും ജാനകി മങ്ങയുടെയും പുത്രനായി 1953 ജൂലൈ 25 ന് അങ്ങാടിപ്പുറത്ത് ജനനം. ഇക്കഴിഞ്ഞ ജൂലൈയില്‍ ഷഷ്ഠിപൂര്‍ത്തിയും ആഘോഷിച്ചു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ ദിവസവും രാവിലെ തിരുമാന്ധാംകുന്ന് അമ്മയെ കണ്ട് വണങ്ങുന്ന ശീലം തുടങ്ങി. ജലപാനം പോലും അതിനുശേഷം. നാലാം ക്ലാസ് മുതല്‍ ബാലപംക്തികളിലേക്ക് കുട്ടിക്കവിതകള്‍ എഴുതിത്തുടങ്ങി.
മുപ്പെട്ട് ഞായറാഴ്ച (മലയാളമാസത്തിലെ ആദ്യ ഞായര്‍)കളില്‍ വി.ടി.ശങ്കരന് നായര്‍ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നയിച്ചിരുന്ന ഭജനയില്‍ കുട്ടിക്കാലത്ത് മുടങ്ങാതെ പങ്കെടുത്തതിന്റെ ഗുണം അരവിന്ദനുണ്ടായി. ഭജനക്കുശേഷം കിട്ടുന്ന ത്രിമധുരത്തിനുവേണ്ടിയായിരുന്നു ആദ്യമൊക്കെ പങ്കാളിയായതെങ്കില്‍ പിന്നീട് അത് ഗൗരവമുള്ള കാര്യമായി മാറി. വി.ടിയുടെ മരണത്തിനുശേഷം അമ്മയുടെ നടയില്‍ ഭജനപ്രസാദമായി അതിന്നും അര്‍പ്പിച്ചുവരുന്നു.
1986 ല്‍ ആദ്യമായി തിരുമാന്ധാംകുന്നിലമ്മയുടെ എട്ട് ഭക്തിഗാനങ്ങള്‍ അടങ്ങിയ ‘പ്രസാദം’ കാസറ്റ് പുറത്തിറക്കി. പി.ലീല, കല്യാണി മേനോന്, മണ്ണൂര്‍ രാജകുമാരന് ഉണ്ണി, കൃഷ്ണചന്ദ്രന് തുടങ്ങിയവരായിരുന്നു ഗായകര്‍. പിന്നീട് കല്യാണി മേനോന് മുഖേന ‘സംഗീത കാസറ്റി’ന്റെ പൊന്നോണം, ബാലഗോകുലം എന്നിവയ്ക്ക് രചന നടത്തി. പൊന്നോണം ചിദംബരം മാസ്റ്റര്‍ സംഗീതം ചെയ്തു.
മണ്ണൂര്‍ രാജകുമാരനുണ്ണി മാസ്റ്ററാണ് അരവിന്ദനെ ടി.എസ്.രാധാകൃഷ്ണാജിയുമായി ബന്ധപ്പെടുത്തിയത്. നാലാങ്കല്‍ കൃഷ്ണപിള്ളയുടെ ഉപദേശപ്രകാരം പ്രധാനപ്പെട്ട 12 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗാനങ്ങള്‍ ആ ക്ഷേത്രങ്ങള്‍ ദര്‍ശിച്ചതിനുശേഷം എഴുതി നല്കി. അതില്‍ പത്തെണ്ണം ടിഎസ് സംഗീതം നല്കി ചിട്ടപ്പെടുത്തി യേശുദാസിനെ കേള്‍പ്പിച്ചു. കേട്ടമാത്രയില്‍ ദാസേട്ടന്റെ മനസ്സും ആ ഗാനങ്ങളോട് ചേര്‍ന്നു. പക്ഷേ മൂന്ന് വര്‍ഷം കഴിഞ്ഞ് 1989 ജൂലൈ മാസമാണ് കാസറ്റിന്റെ പ്രകാശനം നടന്നത്. തരംഗിണിക്കുവേണ്ടി യേശുദാസ് ആലപിച്ച ‘ഗംഗാതീര്‍ത്ഥ’ത്തിന്റെ സൃഷ്ടി അങ്ങനെയാണ് സംഭവിച്ചത്.
“വടക്കും നാഥാ സര്‍വം നടത്തും നാഥാ, പ്രഭാതമായി തൃക്കണിയേകിയാലും തുടങ്ങിയ ഉജ്വലവരികള്ക്ക് ഭക്തിസുന്ദരമായി ടിഎസ് സംഗീതം നല്കി, അത്യുജ്വല നാദഗരിമയോടെ അത് യേശുദാസ് ആലപിച്ചു. ഗംഗാതീര്‍ത്ഥം ഭക്തഹൃദയങ്ങളില്‍ അലിഞ്ഞുചേര്‍ന്നു. പിന്നീട് മൂന്ന് ദശാബ്ദക്കാലമായി ഭക്തിഗാനരംഗത്തെ സജീവ എഴുത്തുകാരനായി പി.സി.അരവിന്ദന്. ഇക്കാലയളവില്‍ എഴുതിയത് 1600 ഓളം ഗാനങ്ങള്‍. നൂറ്റിയമ്പതോളം കാസറ്റുകള്‍. 16 ആല്‍ബങ്ങള്‍ യേശുദാസും 15 ആല്‍ബങ്ങള്‍ ചിത്രയും പാടി. വയലാര്‍-ദേവരാജന്‍ സഖ്യം പോലെ ഭക്തിഗാനരംഗത്ത് ടിഎസ്-അരവിന്ദന് സഖ്യം നിറഞ്ഞുനില്ക്കുന്നു. 41 കാസറ്റുകള്‍ ടിഎസിനോടൊപ്പം ചെയ്തു. പ്രശസ്തരായ എല്ലാ സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ചു. പതിനാല് കാസറ്റുകള്‍ ഒരുകൊല്ലം പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സുപ്രഭാതഗാനങ്ങള് രചിച്ചതും പിസി തന്നെ.
പൂന്താനത്തിന്റെ ജന്മനാടായ വള്ളുവനാട്ടില്‍ ജനിച്ച പി.സി.അരവിന്ദന് എന്ന അഭിനവ പൂന്താനം ജ്ഞാനപ്പാന നിത്യപാരായണം ചെയ്യുന്നു. പൂന്താനം നമ്പൂതിരിയുടെ അനുഗ്രഹത്താല്‍ പൂന്താനം ഇല്ലത്ത് പൂജിച്ച കടലാസില്‍ ദേവീ ഉപാസകനായ അരവിന്ദന് ‘നാമപ്പാന’ എഴുതിക്കഴിഞ്ഞിരിക്കുന്നു. സംഗീതം നല്കി അത് ഒരുങ്ങുകയാണ്.
സിനിമയിലും ഈയിടെ ഒരു ഗാനമെഴുതി. ‘ആനച്ചന്തം’ എന്ന സിനിമയ്ക്കുവേണ്ടി ‘ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ’ എന്ന ഗാനം പാടിയത് ജി.വേണുഗോപാലായിരുന്നു.
ഭക്തിഗാന രചന നടത്തുന്ന പി.സി.അരവിന്ദന്റെ ജീവിതവും മാതൃകാപരവും. എല്‍ഐസി ഉദ്യോഗസ്ഥയായ വിജയലക്ഷ്മിയാണ് ഭാര്യ. അജയ്, അരുണ്‍, അഖില്‍ എന്നിവര്‍ മക്കളും. ഒട്ടേറെ ബഹുമതികള്‍ ഈ പ്രതിഭയെത്തേടിയെത്തിയിട്ടുണ്ട്. കണ്ണാടിപ്പറമ്പ് അതിരുദ്രമഹായജ്ഞത്തിന്റെ സമാപനത്തില്‍ പ്രഥമ ശ്രീരുദ്ര പുരസ്കാരം നല്കിയു അദ്ദേഹം ആദരിക്കപ്പെട്ടു. സര്‍വതിലും ഈശ്വരനെ ദര്‍ശിക്കുവാന്‍ കഴിയുന്ന മനസ്സ്. വിനയവും ആചാരാനുഷ്ടാനങ്ങളും പിസിയുടെ ഋഷിതുല്യമായ ജീവിതത്തിന് കരുത്തു പകരുന്നു. കൂടെ തിരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹവും. തന്നെത്തേടിവരുന്നവര്ക്ക് ഉപാസനാ മനോഭാവത്തോടെ പ്രതിഫലേച്ഛയില്ലാതെ അദ്ദേഹം മധുര സുന്ദര പദങ്ങളാല്‍ കാവ്യകുസുമങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. ഭക്തരുടെ മനസ്സില്‍ നിറസുഗന്ധമായ ആ വരികള്‍ ഇടം നേടുകയാണ്.
പി.സി. ദിനേശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: