മധ്യപ്രദേശ് നിയമസഭയില്‍ തലസ്ഥാനമായ ഭോപ്പാലിനെ എറ്റവും കൂടുതല്‍ പ്രതിനിധീകരിച്ചത് കമ്മ്യുണ്സ്റ്റുകളായിരുന്നു എന്നിപ്പോള്‍ പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറയും. പ്രധാന നഗരങ്ങളായ ഗ്വാളിയോറിനേയും ഇന്‍ഡോറിനേയും പ്രതിനിധീകരിച്ചും ഇടത് എംഎല്‍എമാര്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞാലോ. വിശ്വസിച്ചില്ലങ്കിലും അതാണ് ചരിത്രം.
1951 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 12 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. എന്നാല്‍ 57ല്‍ തലസ്ഥാനമായ ഭോപ്പാലിനുപുറമെ ഗ്വാളിയറും കൂടി ജയിച്ച് കമ്മ്യൂണിസ്റ്റ് ശക്തി തെളിയിച്ചു. 62ലും 67 ലും ഗ്വാളിയര്‍ പോയെങ്കിലും ഭോപ്പാലില്‍ തോല്‍വിയറിയാതെ മുന്നേറി. ഭോപ്പാലിനും ഗ്വാളിയറിനും പുറമെ ഇന്‍ഡോറും കൂടി ജയിച്ചാണ് 1972 ല്‍ ചരിത്ര നേട്ടം കൈരിച്ചത്. പാര്‍ട്ടി പിളര്‍പ്പിനുശേഷം നടന്ന തെരഞ്ഞെടിപ്പില്‍ അഞ്ചിടത്തുമാത്രം മത്സരിച്ച് സിപിഐ യാണ് മൂന്നു സീറ്റും പിടിച്ചത്. സിപിഎം മത്സരിച്ചിടെത്തെല്ലാം തോറ്റു.
അടിയന്തരാവസ്ഥക്കുശേഷം 77 ലെ തെരഞ്ഞെടുപ്പില്‍ ഇരു കമ്മ്യുണി്സ്റ്റുകളുമായി 52 സീറ്റില്‍ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു.
നഗരഹൃദയങ്ങളിലെ പിടി അയഞ്ഞെങ്കിലും 85 ല്‍ രണ്ട് സംവരണ സീറ്റുകളില്‍ ജയിച്ച് സിപിഐ വീണ്ടും സഭയിലെത്തി. ദന്താവദെ, മല്ലേഹം മണ്ഡലങ്ങളിനാണ് ജയിച്ചത്. പതിനഞ്ചിടത്ത് മത്സരിച്ചെങ്കിലും സിപിഎമ്മിന് ജയിക്കാനായില്ല. 90 ല്‍ മുന്നു സീറ്റായി സിപിഐ നില ഉയര്‍ത്തി. മല്ലേഹം നഷ്ടപ്പെട്ടപ്പോള്‍ കോണ്ടയിലും ഗുരയിലും ജയിക്കാനായി. 93 ലാണ് സിപിഎമ്മിന് സ്വന്തമായി ഒരു സീറ്റ് കിട്ടുന്നത്. സംവരണമണ്ഡലമായ സിര്‍മോറില്‍ ജനാതാദള്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന രാംലഘന് ശര്‍മ്മ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചപ്പോളായിരുന്നു അത്. സിപിഐ ക്കും അത്തവണ രണ്ട് സീറ്റ് കിട്ടി. 98 ല്‍ ഒരു സീറ്റുപോലും പിടിക്കാന്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമായില്ല. 2003 ല്‍ സിര്‍മോറില്‍ രാംലഘന് വീണ്ടും ജയിച്ച് സിപിഎമ്മിന് ഒരു സീറ്റ് നല്‍കിയെങ്കിലും സിപിഐ ഒരിടത്തും ജയിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികള്‍ക്കും സീറ്റൊന്നു കിട്ടിയില്ല. സിറ്റിംഗ് സീറ്റായ സിര്‍മോറിലെ സിപിഎം തോല്‍വിയായിരുന്നു രസകരം. 9-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
തിരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കേ അതേ സിര്മോറിന്റെ പേരില്‍ ഇരു കമ്മ്യുണിസ്റ്റുകളും തമ്മിലടിക്കുകയാണ്. രണ്ടു പേരും ഇവിടെ സ്ഥാനാത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മധ്യ പ്രദേശില്‍ തങ്ങളാണ് വല്ല്യേട്ടന് എന്നതാണ് സിപിഐ നിലപാട്. അംഗീകരിക്കാന്‍ സിപിഎമ്മിനാകുന്നുമില്ല. സി.പി.എമ്മും സി.പി.ഐയും പരസ്യമായി ആരോപങ്ങളും ഉയര്‍ത്തുന്നുണ്ട്. ജനധിപത്യമര്യാദകള് ലംഘിച്ചുകൊണ്ടുള്ള വല്യേട്ടന് മനോഭാവം സി.പി.എം സ്വീകരിക്കുന്നതായാണ് സി.പി.ഐ യുടെ ആക്ഷേപം.
സി.പി.ഐ ചില മണ്ഡലങ്ങളില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായിട്ടാണ് സി.പി.എം കുറ്റപ്പെടുത്തല്‍. സി.പി.എം 8 ഉം സി.പി.ഐ 23 സീറ്റുകളിലാണ് മത്സരിയ്ക്കുന്നത്. ഇടതുസഖ്യത്തിലുള്ള മറ്റുപാര്‍ട്ടികളുമായി ആശയവിനിമയം നടത്താതെ സി.പി.ഐ എകപക്ഷിയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു എന്നതാണ് സി.പി.എം മധ്യപ്രദേശ് ഘടകത്തിന്റെ പരാതി. സിരിമോര് പോലെ സി.പി.എമ്മിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇടതുപക്ഷവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി സഹായിക്കാനാണെന്നാണ് സി.പി.ഐ ശ്രമിക്കുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു
എന്നാല്‍ സി.പി.എമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സി.പി.ഐ സംസ്ഥാന കമ്മറ്റിയുടെ പ്രതികരണം. ഇടതുപക്ഷ മര്യാദകളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ തെന്ന് സംസ്ഥാന സെക്രട്ടറി മഹേന്ദ്ര ബാജ്പേയ് കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ സിപിഐ ക്കാണ് ശക്തി. 16 ജില്ലകളിലായി 35 യൂണിറ്റുകളുണ്ട്. പരമ്പരാഗത സ്വാധിന മേഖലകളുമുണ്ട്. ഇതോന്നുമില്ലാത്ത സിപിഎമ്മിന്റെ ആവശ്യം അംഗീകരിക്കാനാവില്ലന്ന് ബാജ്പേയി ജന്മഭൂമിയോട് പറഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിക്കാന്‍ സിപിഎം വിയര്‍പ്പൊഴുക്കുമ്പോള്‍ മധ്യപ്രദേശില്‍ ഇടതുമുന്നണി ഐക്യം തന്നെ തകര്‍ന്ന അവസ്ഥമാണ്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പിന്നോട്ടുപോയപ്പോള്‍ മുലയത്തിന്റേയും മായാവതിയുടേയും സമാജ് പാര്‍ട്ടികള്‍ ചെറിയ നേട്ടം കൈവരിച്ചിരുന്നു. 1990 ല്‍ ആദ്യമായി ഒരംഗത്തെ വിജയിപ്പിച്ച ബിഎസ്പി 93 ല്‍ 10 സീറ്റ് നേടി. 98 ല്‍ 8 ഉം 2003 ല്‍ 2 ഉം സീറ്റികള്‍ കിട്ടിയ ബിഎസ്പിക്ക് നിലവില്‍ 7 സീറ്റുണ്ട്.98 ല്‍ നാലും 2003 ല്‍ ഏഴും സീറ്റുകളുണ്ടായിരുന്ന എസ്പി കഴിഞ്ഞതവണ ഒരു സീറ്റിലൊതുങ്ങി.ഉത്തപ്രദേശിനോടുചേര്ന്നുള്ള ബിഎസ്പി യും എസ്പിയും ഇത്തവണ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കില്ലന്നാണ് കണക്കുകൂട്ടല്‍ 187 സീറ്റിലാണ് ബിഎസ്പി മത്സരിക്കുക. യുപിയില്‍ ഭരണത്തിലിരുന്ന സാഹചര്യത്തിനാണ് കഴിഞ്ഞതവണ 7 സീറ്റ് നേടാനായത്. മുന്‍ എംഎല്‍എമാരായ രണ്ട്പേര് കഴിഞ്ഞദിവസം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപികരിക്കുകയും ചെയ്തു.അമര്‍സിംഗ് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ചിരുന്നപ്പോളാണ് 2003 ല്‍ എസ്പിക്ക് ഏഴ് സീറ്റ് കിട്ടിയത്. ഇത്തവണ 190 സീറ്റിലും മത്സരിക്കുന്നുണ്ട്.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: