തിരുവനന്തപുരം:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷത്തിനൊപ്പം സമരം ചെയ്യുമെന്ന് കെ.എം.മാണി. പാല ക്കാട്ട് നടക്കുന്ന സിപിഎം പ്ലീനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി റിപോര്‍ട്ട് പുറത്തുവരുന്നതുവരെ കസ്തൂരി രംഗന് റിപോര്‍ട്ട് നടപ്പാക്കരുതെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ടശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവു. എന്നാല്‍ ഭരണ മുന്നണിവിട്ട് ഇടതിനൊപ്പം പോകുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ട കാര്യമില്ലെന്നായിരുന്നു മാണിയുടെ അഭിപ്രായം.
നിലവിലുള്ള സാഹചര്യത്തില്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ കെ.എം.മാണിയുടെ നിലപാട് ഭരണപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മലയോരമേഖലയില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ അതിനൊപ്പം നില്ക്കാതിരിക്കാന് മാണിക്കാകില്ല.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ പല വ്യവസ്ഥകളും കര്‍ഷക വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതിനിടയില് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് അപ്പാടെ സ്വീകരിച്ചത് വിരോധാഭാസവും ഉത്കണ്ഠാജനകവുമാണ്. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ മോശമാണെന്നോ തള്ളിക്കളയണമെന്നോ അഭിപ്രായമില്ല. ഇതിലെ ചില വ്യവസ്ഥകള്‍ കര്‍ഷക ദ്രോഹപരമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ 633 പഞ്ചായത്തുകളാണ് പരിസ്ഥിതി ലോലപ്രദേശമായി ഉള്‍പ്പെടുത്തിയിരുന്നത്. കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ ഇത് 123 ആയി കുറച്ചെങ്കിലും ഇതില്‍ പലതും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണ്.
പാലക്കാട് സി.പി.എം പ്ലീനത്തിന്റെ ഭാഗമായി നടക്കുന്ന സാമ്പത്തിക സെമിനാറിലേക്കാണ് കെ.എം.മാണിയെ വിളിച്ചിട്ടുള്ളത്. വിളികേട്ട മാണി സെമിനാറില്‍ ബദല്‍ സാമ്പത്തിക നയം അവതരിപ്പിക്കും. സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളില്‍ വലതുചേരിയിലുള്ളവരെ പങ്കെടുപ്പിക്കുന്നത് പതിവല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് സിപിഎമ്മിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. താന്‍ അതില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കും.
എകെജി സെന്ററിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളില്‍ മുമ്പും പങ്കെടുത്തിട്ടുണ്ടെന്നും മാണി പറഞ്ഞു. തന്നെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് നല്ല അഭിപ്രായങ്ങള്‍ പറയുന്നതില്‍ സന്തോഷം ഉണ്ട്. ലാവ്ലിന് വിധിക്കു ശേഷമുള്ള വി.എസിന്റെ നിശബ്ദത നല്ല മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോര്‍ജിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഇതുസംബന്ധിച്ച് ഒരു ചോദ്യത്തിനും താന്‍ മറുപടി പറയില്ല. ഇത്തരം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്. പാര്‍ട്ടിയില്‍ ധാരാളം ആളുകള്‍ ഉണ്ട്. പല അഭിപ്രായങ്ങള്‍ ഉണ്ടാവും. എന്നാല്‍ ചെയര്മാന് പറയുന്നതാവും പാര്‍ട്ടിയുടെ നയവും നിലപാടും. പി.സി.ജോര്‍ജിനെ ഭയമാണോ എന്ന ചോദ്യത്തിന് താന്‍ ഒരാളെയും ഭയപ്പെടുന്ന ആളല്ലെന്ന് ജനത്തിനറിയാം എന്നായിരുന്നു മറുപടി. ഇടുക്കി സീറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് സമയമാവുമ്പോള്‍ കേരളത്തിലെ ഇരുപതു സീറ്റുകളെ കുറിച്ചും പാര്‍ട്ടി ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും കെ.എം.മാണി പറഞ്ഞു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: