ആലുവ: ദൈവനിയോഗമായി കരുതി, തലമുറകള്‍ക്ക് അറിവ് പകരുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു തന്ത്രശാസ്ത്ര ബൃഹസ്പതി കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് പറഞ്ഞു.
തന്ത്രവിദ്യാപീഠത്തിന്റെ പരമാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല്‍പ്പുഴയുടെ ഇച്ഛാശക്തിയാണ് തന്ത്രവിദ്യാപീഠത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംബന്ധമായ എല്ലാ കാര്യങ്ങളിലും ആചാര്യന്മാര് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉദാത്തവും ഉത്കൃഷ്ടവുമായ അദ്വൈതദര്‍ശനത്തിന്റെ ഉത്തമ ആവിഷ്കാരമാണ് ക്ഷേത്രങ്ങള്‍, അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. താന്ത്രികമേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കെ.പി.സി. നാരായണന് ഭട്ടതിരിപ്പാട്, മണ്ണാറശാല വലിയ സുബ്രഹ്മണ്യന് നമ്പൂതിരി, പാടിവട്ടം കൃഷ്ണന് നമ്പൂതിരി എന്നിവര്‍ക്ക് തെക്കേമഠം മൂപ്പില്‍ സ്വാമിയാര് ശങ്കരബ്രഹ്മാനന്ദഭൂതി സ്വാമികള്‍ പുരസ്കാരം സമര്‍പ്പിച്ചു. കാണിപ്പയ്യൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട്, ആര്‍എസ്എസ് ധര്‍മ്മജാഗരണ മഞ്ച് പ്രമുഖ് വി.കെ. വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു. 2012-13 വര്‍ഷത്തിലെ തന്ത്രരത്ന സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി സ്വാഗതവും ഗോപാലകൃഷ്ണന് കുഞ്ഞി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: