പത്തനംതിട്ട: ശബരിമലയില്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ ഭക്തജന സൗഹൃദമായിരിക്കണമെന്നും ഭക്തജനപങ്കാളിത്തം ഉറപ്പാക്കണമെന്നും ശബരിമല അയ്യപ്പസേവാ സമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ശബരിമല സുഖദര്‍ശനം’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ക്ഷേത്രഭരണം സര്‍ക്കാരില്‍ കേന്ദ്രീകൃതമാണ്. ഇതു മാറി ഭരണവികേന്ദ്രീകരണം നടപ്പാക്കണം. ഭക്തജന പങ്കാളിത്തത്തോടെയാകണം ഭരണം നടത്തേണ്ടത്. അധികൃതരുടെ അശാസ്ത്രീയമായ നിലപാടുകളാണ് ശബരിമല വികസനം എങ്ങുമെത്താത്തതിനു കാരണം. പല പഠനങ്ങളും പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും അയ്യപ്പന്മാര്ക്കു പ്രയോജനപ്പെടുന്നില്ല. ശബരിമലയെ സംബന്ധിച്ച പുല്ലുമേടു ദുരന്തം അടക്കമുള്ള കമ്മീഷന് റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടില്ല. ഇവ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ദല്‍ഹി ആസ്ഥാനമായ ഇക്കോ സ്മാര്‍ട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടും അധികൃതര്‍ അവഗണിച്ചു.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ഉണ്ടാകണം. മറ്റു സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാര്‍ അടക്കമുള്ളവരുമായും ആശയവിനിമയം നടത്തണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഭക്തജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഭദ്രമാക്കുന്നത് ശബരിമല തീര്ഥാടനക്കാലത്തെ വരുമാനമാണ്. അയ്യപ്പന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് തികഞ്ഞ അനാസ്ഥയാണ്. കഴിഞ്ഞമാസം 20ന് ഡാം തുറന്നു വിട്ട് പമ്പയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഗ്നിശമന സേനാംഗം മരിക്കാനിടയായത് ഇതിന് ഉദാഹരണമാണ്.
പുല്ലുമേടു ദുന്തം ഉണ്ടായപ്പോള്‍ കേന്ദ്ര ദ്രുതകര്‍മസേന സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് എത്തിയില്ല. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഒരു നടപടിയും അധികൃതര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഏഴു കോടി രൂപയോളം ചെലവില്‍ വാങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. പുല്ലുമേട് സംഭവത്തില്‍ മരണമടഞ്ഞ അയ്യപ്പന്മാരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് തുക ഇതുവരെ നല്‍കിയിട്ടില്ല.
തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പണം ഈടാക്കുവാന്‍ പാടില്ല. ആഹാരം, കുടിവെള്ളം, ചികിത്സാസൗകര്യം അടക്കമുള്ള ധര്‍മശാലകള്‍ ആരംഭിക്കണം. ശബരിമലയിലെ വരുമാനത്തിന്റെ ഒരുഭാഗം ദുരിതമനുഭവിക്കുന്ന വനവാസി സഹോദരങ്ങള്‍ക്കായി മാറ്റി വയ്ക്കണം. നിലയ്ക്കല്‍, എരുമേലി, പന്തളം അടക്കമുള്ള ഇടത്താവളങ്ങള്‍ വികസിപ്പിക്കണം. പമ്പ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തയ്യാറാകണം. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരം ബാധിക്കുന്നത് തീര്‍ഥാടകരെയാണ്.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: