ഛത്തീസ്ഗഢിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളിലുണ്ടായ അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പ്രധാനമന്ത്രി മന്മോഹന് സിംഗ് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ഛത്തീസ് ഗഢിലെ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി അമര്‍ച്ച ചെയ്യുന്നതില്‍ രമണ്‍സിംഗ് സര്‍ക്കാര്‍ പരാജയമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന്റെ കാതല്‍. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളായി കണക്കാക്കുന്ന ബസ്തര്‍, ദന്തേവാഡ മേഖലകളിലായിരുന്നു ആദ്യ ഘട്ട പോളിംഗ്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യവും അവരുടെ ഭീഷണിയും വച്ചു നോക്കുമ്പോള്‍ ഇതിലും എത്രയോ കൂടുതല്‍ സംഭവിക്കേണ്ടതായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ മന്മോഹന് സിംഗിന്റെ പ്രസ്താവന, അത് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാവേണ്ടതായിരുന്നോ എന്ന ചോദ്യം ബാക്കിയാക്കുന്നു.
ഛത്തീസ് ഗഢിനു പുറമെ ഒറീസ, ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളെല്ലാം മാവോയിസ്റ്റ് ഭീഷണിയെ അഭിമുഖീകരിക്കുന്നുണ്ട്. ഛത്തീസ് ഗഢ് സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളാണ് ആ സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീകരവാദത്തില്‍ നിന്ന് ഇക്കാലമത്രയും കാത്തതും.
വസ്തുതയെന്താണ്. 2006 ലാണെന്നു തോന്നുന്നു മന്മോഹന് സിംഗ് പറയുകയുണ്ടായി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റ് ഭീകരവാദത്തിന്റെതാണെന്ന്. മന്മോഹന് സിംഗിന്റെ ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിലൊന്ന് ഇത്രയും സംസ്ഥാനങ്ങളില്‍ ഒരേ സമയം വ്യാപകമായി വേരുകളാഴ്ത്തിയിട്ടുള്ള ഭീകരവാദം ഇന്ത്യ നേരിടുന്നത് ഇതാദ്യമാണ്. കാശ്മീര്‍ തീവ്രവാദികളേക്കാള്‍ ,ഖാലിസ്ഥാന്‍ വാദികളെക്കാള്‍ ഏറെ വ്യാപകമാണ് മാവോയിസ്റ്റുകളുടെ ഇന്ത്യയിലെ സ്വാധീനം. രണ്ടാമതായി മാവോയിസ്റ്റുകള്‍ക്ക് കിട്ടുന്ന വിദേശ പിന്തുണയാണ്. ചൈന പോലെയുള്ള വന്‍ ശക്തികളില്‍ നിന്ന് അവര്‍ക്ക് ആയുധങ്ങളും പണവും ലഭിക്കുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിധിക്ക് പുറത്ത് നേപ്പാളില്‍ പരിശീലന സൗകര്യങ്ങള്‍ ലഭിക്കുന്നു. തീര്‍ച്ചയായും മന്മോഹന് സിംഗ് പറഞ്ഞതു പോലെ ഇതൊരു വലിയ വെല്ലുവിളി തന്നെ. പക്ഷെ ചോദ്യമിതാണ്. ഇത്രയും ശക്തമായ മാവോയിസ്റ്റ് വെല്ലുവിളി നേരിടേണ്ടത് ഛത്തീസ് ഗഢ് സര്‍ക്കാരിന്റെ മാത്രം കാര്യമാണോ. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് മാവോയിസ്റ്റ് ഭീഷണിക്കെതിരെ സുശക്തമായ നിലപാട് എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരല്ലേ.
2004-ല്‍ ഇന്ത്യയില്‍ സംഭവിച്ച രണ്ട് പ്രധാന കാര്യങ്ങളാണ് മന്മോഹന് സിംഗ് പ്രധാനമന്ത്രിയായതും പീപ്പിള്‍സ് വാര് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പഴയ മാവോയിസ്റ്റ് ഗ്രൂപ്പുകളെല്ലാം ഒന്നായി മാവോയിസ്റ്റ് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചതും. ദുര്‍ബലമായ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കില്‍ ഫലപ്രദമായ നടപടി എടുത്തില്ല. ഭരണ ഘടനയുടെ ഫെഡറല്‍ സ്വഭാവമനുസരിച്ച് ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ ക്രമസമാധാന നില വഷളാവുകയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുകയോ ചെയ്യുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സൈനിക- സാമ്പത്തിക സഹായങ്ങള്‍ ചെയ്യുകയും വേണം. ഇവിടെ കഴിഞ്ഞ പത്തു വര്‍ഷവും ഇക്കാര്യങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയാണ് ഒരു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ഒരു നിലവാരമില്ലാത്ത ആരോപണം എന്നതിലുപരി മന്മോഹന്റെ വിമര്‍ശനത്തെ ആരും പരിഗണിക്കുമെന്ന് തോന്നുന്നില്ല.
മാവോയിസ്റ്റുകളെ നേരിടാന്‍ വാസ്തവത്തില്‍ വേണ്ടത് ബഹുമുഖ പദ്ധതികളാണ്. സൈനിക ശക്തികൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ല. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി , ആശയവും നേതൃത്വവും വിദേശ ശക്തികളുടേതാണെങ്കിലും മാവോയിസ്റ്റ് എന്ന പേരില്‍ സൈന്യത്തിന് നേരിടേണ്ടി വരുന്നത് ഇന്ത്യന്‍ ആദിവാസി ഗോത്ര ജനതയെത്തന്നെയാണ് എന്നതാണ്. ഇവിടെ സൈനിക സന്നാഹങ്ങളെക്കാള് പ്രസക്തിയുള്ളത് ഭരണ തന്ത്രജ്ഞതക്കാണ്.
അക്ഷരാഭ്യാസമില്ലാത്ത ദരിദ്രരായ ജനവിഭാഗത്തെ വിപ്ലവാശയങ്ങള്‍ കൊണ്ട് സ്വാധീനിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും അവര്‍ ദയാരഹിതമായ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്. മാവോയിസ്റ്റുകള്‍ക്ക് ഇന്ന് ഏറെ വേരോട്ടമുള്ള ദണ്ഡകാരണ്യം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭൂപ്രദേശമാണ്. ധാതു സമ്പത്തുക്കള്‍ കൊണ്ട് ഏറെ സമ്പന്നമായ ഭൂപ്രദേശം. കോടികളുടെ സമ്പത്ത് ഇവിടെനിന്ന് ഖാനനം ചെയ്ത് കൊണ്ടുപോകുമ്പോഴും പ്രദേശ വാസികള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നു. ഈ സാഹചര്യമാണ് മാവോയിസ്റ്റ് നേതാക്കള്‍ മുതലെടുത്തത്. ജീവിച്ചിരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ലാത്തവര്‍ മാവോയിസ്റ്റ് മസ്തിഷ്ക പ്രക്ഷാളനത്തിനിരകളായി ആയുധമടുത്ത് പോരിനിറങ്ങിയിരിക്കുകയാണ്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രാവബോധം കൊണ്ടല്ല ഈ മേഖലയിലെ നൂറു കണക്കിന് ചെറുപ്പക്കാര്‍ തീവ്രവാദികളായത്. ഇനിയെങ്കിലും അവരുടെ ജീവിതത്തിന് അര്‍ത്ഥവും ആഴവും ഉണ്ടാക്കിക്കൊടുക്കുന്ന നയങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം രൂപം നല്‍കണം. ചൈനയുടെയും മറ്റു വിദേശ ശക്തികളുടെയും കയ്യിലെ ചാവേറുകളായി മാറി അവര്‍ സ്വന്തം രാജ്യത്തിനെതിരെ ആയുധമെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിനാകണം.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യഥേഷ്ടം ഖാനനം നടത്താന്‍ സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍, അതിനായി സിആര്‍പിഎഫിന്റെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെയും സംരക്ഷണം ഒരുക്കുന്ന സര്‍ക്കാര്‍ പ്രദേശത്തെ ദരിദ്ര -പിന്നോക്ക ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കാനും അവരെ ദേശീയ ധാരയില്‍ ലയിപ്പിക്കാനും ശ്രദ്ധ വക്കണം. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രാജ്യം ഭരിച്ച, മന്മോഹന്റെ മുന്ഗാമികള്ക്ക് ഇല്ലാതെ പോയത് ഈ വിവേകമാണ്. പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ തനിക്കും അതിനായില്ല എന്ന സത്യം അദ്ദേഹം അംഗീകരിക്കുകയും വേണം. പറഞ്ഞു കേള്‍ക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രി പളനിയപ്പന്‍ ചിദംബരത്തിനു വരെ ഈ മേഖലയില്‍ നടക്കുന്ന ഖാനനത്തില്‍ ബിനാമി ഇടപാടുകളുണ്ടെന്നാണ്.
ഛത്തീസ്ഗഢ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റി രക്ഷപ്പെടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. വേണ്ടത് കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഈ പ്രശ്നത്തിന് പരിഹാരം ആരായാനുള്ള ശ്രമമാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: