കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ല്‍ ജോസഫ്- ജോര്‍ജ് വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തരകലഹം മൂര്‍ഛിച്ചതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളരാതെ പിളര്‍ന്ന നിലയില്‍. പി സി ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കണമെന്ന പി.ജെ. ജോസഫിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ ആവശ്യം പാര്‍ട്ടി ചെയര്മാന് കെ എം മാണി തള്ളിയതോടെ ആഭ്യന്തരപ്രശ്നം രൂക്ഷമായി മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലായത്.
മന്ത്രി പി ജെ ജോസഫും, കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫും പാര്‍ട്ടി പിളര്ത്തുന്നതിനോട് യോജിപ്പിച്ചില്ലെന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെങ്കിലും ജോര്‍ജിനെതിരെ പരസ്യനിലപാടുമായി രംഗത്ത് എത്തിയ പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ സി ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ ഇനി ഒത്തുപോകേണ്ടെന്ന് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അപമാനം സഹിച്ച് പാര്‍ട്ടിക്കുള്ളില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.
കെ.എം. മാണി തീരുമാനം കൈക്കൊള്ളുന്നില്ലെങ്കില്‍ യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവര്‍ക്ക് പിന്തുണയുമായി കോതമംഗലം എം എല്‍ എ ടി യു കുരുവിളയും രംഗത്തുണ്ടെങ്കിലും യാക്കോബായ സഭയിലെ ഉന്നതരുടെ സമ്മര്‍ദ്ദം മൂലം അദ്ദേഹം താല്‍ക്കാലികമായി പിന്നോക്കം വലിഞ്ഞിരിക്കുകയാണ്ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കുകയാണ് വിമത നേതാക്കളുടെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.ജെ. ജോസഫ് ഒപ്പമുണ്ടാകുമെന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ പി.സി. ജോര്‍ജിനെതിരായ വ്യക്തിപരമായ വൈരാഗ്യങ്ങളുടെ പേരില്‍ രംഗത്തുവന്നവര്‍ വിട്ടുപോയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് കെ.എം.മാണി എത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ പി സി ജോര്‍ജിനെ പിന്തുണച്ച മാണിയുടെ നീക്കത്തിന് പിന്നില്‍ വിമതനേതാക്കള്ക്കുള്ള സന്ദേശമായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം കേരള കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടായാലും അത് സര്‍ക്കാരിന് ഒരുവിധ ഭീഷണിയും ഉണ്ടാക്കില്ലെന്ന് കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കോട്ടയം ലോകസഭാ മണ്ഡലത്തിന് പുറമെ ഒരു രാജ്യസഭാ സീറ്റുകൂടിയുള്ള കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റു വിട്ടുനല്‍കുക അപ്രായോഗികമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം മാണിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റിംഗ് സീറ്റായ ഇടുക്കി കേരള കോണ്‍ഗ്രസിന് വാങ്ങിച്ചെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്ന തിരിച്ചറിവാണ് തുടക്കത്തില്‍ സീറ്റിന് അവകാശവാദം ഉന്നയിച്ചവര്‍ പിന്നീട് പിന്‍വലിഞ്ഞത്. ഈ സാഹചര്യത്തില്‍ ഇടുക്കി സീറ്റില്‍ കണ്ണുവെച്ച് പാര്‍ട്ടിക്കുള്ളില്‍ വിമത വേഷം കെട്ടിയ ഫ്രാന്‍സിസ് ജോര്‍ജിനെ സംരക്ഷിക്കുക പാര്‍ട്ടി നേതൃത്വത്തിന് വിഷമകരവുമാണ്.
ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസുമായി സീറ്റ് പ്രശ്നത്തില്‍ കലഹിക്കുന്നത് കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാണിയും കൂട്ടരും കരുതുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ ക്യത്യമായി വിലയിരുത്തിയാണ് ജോസഫ് വിഭാഗത്തിലെ ഒരുകൂട്ടരുടെ വിമത ശബ്ദങ്ങള്‍ അവഗണിക്കാന്‍ മാണിയും തീരുമാനിച്ചിരിക്കുന്നത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: