പുന്നയൂര്‍കുളം: സ്മാരകം വേണ്ടത് കമല സുരയ്യക്കല്ല നാലാപ്പാടനെന്നു തപസ്യയുടെ പ്രമേയം. ബാലാമണിയമ്മയ്ക്കോ നാലപ്പാട്ട് നാരായണമേനോനോ സ്മാരകം ഉണ്ടാകാതിരിക്കെ കമലാസുരയ്യക്ക് സ്മാരകമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല പുന്നയൂര്‍ക്കുളത്തെ നാലാപ്പാടന്‍ സാംസ്ക്കാരിക സമിതി ഇതുമായി ബന്ധപ്പെട്ട് സാംസ്ക്കാരിക വകുപ്പുമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. തപസ്യ ഇടുക്കിജില്ലാ സെക്രട്ടറി ബിജു. വി.കീയാണ് പ്രമേയം അവതരിപ്പിച്ചത്.
മലയാള സാഹിത്യത്തില്‍ വഴിത്തിരിവുണ്ടാക്കിയ നാലാപ്പാട്ട് നാരായണമേനോനോ മാതൃത്വത്തിന്റെ കവയിത്രിയായ ബാലാമണിയമ്മയ്ക്കോ സ്മാരകങ്ങളില്ല. ഉറൂബ്, സഞ്ജയന് എന്നിവര്‍ക്ക് അതേപേരുകളില്‍ തന്നെ സ്മാരകങ്ങളുണ്ട്. കമല സുരയ്യയുടെ പേരില്‍ രചനകളൊന്നുംതന്നെ ഇല്ലാതിരിക്കെ പുന്നയൂര്‍ക്കുളത്തെ കമല സുരയ്യ സ്മാരകം സാഹിത്യത്തിനും സംസ്ക്കാരത്തിനും അപമാനമാണ്. മാധവിക്കുട്ടി എഴുതിയത് കമലസുരയ്യ എന്നപേരിലല്ല. മാധവിക്കുട്ടിയായി എഴുതുകയും ആപേരില്‍ തന്നെ മരിക്കുകയുമായിരുന്നു അവര്‍. പിന്നെങ്ങിനെ മാധവിക്കുട്ടിയായി എഴുതിയ എഴുത്തുകാരിക്ക് കമലസുരയ്യ എന്ന പേരില്‍ സ്മാരകമുണ്ടാകും. മാധവിക്കുട്ടി സുരയ്യയായപ്പോഴും മരണ സര്‍ട്ടിഫിക്കറ്റ് മാധവിക്കുട്ടി എന്നാണ്. അസ്വസ്ഥതയുടെ പര്‍ദ്ദയില്‍ നിന്നും പുറത്തുവരണമെന്ന് മാധവിക്കുട്ടി ബാല്യകാലസുഹൃത്തുക്കളോടു പൂനയില്വെച്ചു പറഞ്ഞിരുന്നു.
മലയാള സാഹിത്യത്തിലെ നാലാപ്പാടന്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, തത്വജ്ഞാനി, വിവര്ത്തകന്, കണ്ണുനീര്‍ത്തുള്ളി യെന്ന വിലാപകാവ്യ രചയിതാവ് എന്നീ നിലകളില്‍ മലയാളത്തിന്റെ ഊര്‍ജസ്രോതസായ നാലാപ്പാടന്‍ ഉചിതമായ സ്മാരകത്തിനു അര്‍ഹതയുണ്ടെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ 34 വര്‍ഷമായി പുന്നയൂര്‍ക്കുളത്തു പ്രവര്‍ത്തിക്കുന്ന നാലാപ്പാടന്‍ സാംസ്ക്കാരിക സമിതി നാലാപ്പാടനു സ്മാരകമുണ്ടാവണമെന്ന ആവശ്യവുമായി സാംസ്ക്കാരിക മന്ത്രിക്കു നിവേദനം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം കിട്ടിയിട്ടില്ല. അതുപോലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ റിപ്പോര്ട്ടുതള്ളി ആണവശാസ്ത്രഞ്ജനായ കസ്തൂരിരംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു നടപ്പിലാക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം പശ്ചിമഘട്ടത്തിന്റെ അന്ത്യം കുറിക്കുമെന്ന് മറ്റൊരു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ താപ്തി നദിമുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം 26 കോടി ജനങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാന പ്രശ്നമാണ്. ആറു സംസ്ഥാനങ്ങളിലെ മനുഷ്യരുള്‍പ്പെട്ട ജീവജാലങ്ങള്‍ക്കു മുഴുവന്‍ ലഭിക്കുന്ന ശുദ്ധജലവും കൃഷിക്കാവശ്യമായ ജലവും ലഭിക്കുന്നതു പശ്ചിമഘട്ടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പെരിയാര്‍, കാവേരി, കൃഷ്ണ, ഗോദാവരി തുടങ്ങിയ 60 ഓളം നദികളില്‍ നിന്നാണ്. പശ്ചിമഘട്ടത്തില്‍ നടക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശാസ്ത്രീയ നിര്‍ദ്ദേശങ്ങളാണ് ഗാഡ്കില്‍ കമ്മറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ഥാപിത താല്പര്യക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി റിപ്പോര്‍ട്ടു പൂര്‍ണമായും തള്ളുന്നതിനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി പൊതു സമൂഹത്തില്‍ ചര്‍ച്ചചെയ്യണമെന്ന നിര്‍ദ്ദേശം പോലും നാളിതുവരെ നടപ്പാക്കിയിട്ടില്ല. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: