മാവേലിക്കര: അവകാശങ്ങള്‍ക്കായി തൊഴും തോറും തൊഴികൊള്ളുന്ന അവസ്ഥയാണ് പിന്നോക്ക സമുദായത്തിന് ഇപ്പോള്‍ ഉള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കേരള പുലയന് മഹാസഭ മഹിളാ-യുവജന സംസ്ഥാന കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.
തൊഴുതു നില്‍ക്കാതെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ തയ്യാറാകണം. ഇതിനായി സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടണം. ഇന്നലകളുടെ അവസ്ഥ എന്താണെന്നുള്ളതല്ല ഇപ്പോള്‍ നടക്കുന്നതാണ് നാം മനസിലാക്കേണ്ടത്. ജാതിയുടെ പേരില്‍ ഹൈന്ദവസമൂഹത്തെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ഹൈന്ദവ സമൂഹം ഒന്നിക്കരുതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. അതിന്റെ കാരണം നിലവിലെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അന്തരീക്ഷത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
മതന്യൂനപക്ഷങ്ങള്‍ അനര്ഹമായിട്ടുള്ളത് പിടിച്ചെടുക്കുമ്പോഴും പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായതു പോലും നിഷേധിക്കപ്പെടുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചതുമായി ഏക്കറുകണക്കിന് ഭൂമി സര്‍ക്കാര്‍ കൈവശം ഉള്ളപ്പോഴാണ് എല്ലാവര്ക്കും ഭൂമിയെന്ന പേരില്‍ മൂന്ന് സെന്റ് നല്കി സര്‍ക്കാര്‍ തട്ടിപ്പ് നടത്തുന്നത്. ഇത് ഒരാള്‍ക്ക് കൃഷി ചെയ്യാന്‍ ഒന്നരഏക്കര്‍ എന്ന കേന്ദ്രസര്‍ക്കാരിന്റെ ഭൂസംരക്ഷണ നിയമത്തിന് എതിരാണ്.
ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ പോലും കേരള സര്‍ക്കാര്‍ പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. അധികാര വര്‍ഗങ്ങളുടെ ഇത്തരം നടപടിയില്‍ സമുദായം ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുവാനുള്ള ആര്‍ജവം ഉണ്ടാകണം. പിന്നോക്ക സമുദായങ്ങള്‍ അടിമകളല്ലെന്നും അവകാശികളാണെന്നും മനസിലാക്കി കൊടുക്കണം. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മതം മാറ്റത്തിലൂടെ സംസ്ക്കാരത്തില്‍ നിന്നും ഒരാളെ പറിച്ചു മാറ്റുകയാണ് ചെയ്യുന്നത്, അതാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതും. വിശാലമായ സമാജത്തിന്റെ ഭാഗമായി നിന്നുതന്നെ ഇത്തരം കൊള്ളരുതായ്മക്കെതിരെ മുന്നോട്ട് വരണം.
നീതി നിഷേധങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്നു പോരാടാന്‍ ഹൈന്ദവസമൂഹം തയ്യാറാകണം. ഇതിന് സദാചാരബോധത്തോടെയുള്ള ശക്തമായ സംഘടനാ സംവിധാനം രൂപപ്പെടുത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും ടീച്ചര്‍ പറഞ്ഞു.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന് അയ്യന്‍കാളി സിനിമയുടെ നിര്‍മാതാവ് സൂര്യദേവിനെ ആദരിച്ചു. സി.സി.കൃഷ്ണന്, പി.കെ.രാമകൃഷ്ണന്, കെ.എ.മോഹനന്, ഷൈലജ, ഏഴംകുളം മോഹനന്, ദേവരാജന്‍ തമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ സ്വാഗതവും ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി.രാജപ്പന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: