ന്യൂദല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിക്കും കോണ്‍ഗ്രസ്സിനും നിര്‍ണ്ണായകമായ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മാവോയിസ്റ്റ് സ്വാധീന മേഖലയിലെ 18 നിയോജക മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് 11ന് രാവിലെ മുതല്‍ നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് 5 മണിയോടെ സമാപിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ബസ്തര്‍,രാജ്നന്ദ്ഗാവ് മേഖലകളിലെ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബസ്തറില്‍ 12ഉം രാജ്നന്ദ്ഗാവില്‍ 8ഉം നിയോജകമണ്ഡലങ്ങളാണുള്ളത്. 143 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്നന്ദഗാവില്നിന്നും മുഖ്യമന്ത്രി ഡോ.രമണ്‍സിങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. ബസ്തറിലെ 12 മണ്ഡങ്ങളില്‍ 11ഉം വിജയിച്ചാണ് 2008ല്‍ ബിജെപി അധികാരത്തിലെത്തിയത്. അതിനാല്‍ത്തന്നെ മേഖലയിലെ വിജയം ആവര്‍ത്തിക്കുകയെന്നത് നിര്‍ണ്ണായകമാണ്. ഇത്തവണ പന്ത്രണ്ട് മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചുപറയുന്നു.
തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന മാവോയിസ്റ്റു ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്തെങ്ങും ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിച്ചു കഴിഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബസ്തറില്‍ രാവിലെ 7 മുതല്‍ 3 മണി വരെയും രാജ്നന്ദഗാവിലെ മണ്ഡലങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4 മണി വരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള 167 പോളിംഗ് ബൂത്തുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മൂന്നു തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനും പോളിംഗ് സ്റ്റേഷനുകളുടെ സമീപകേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും പോളിംഗ് ബൂത്തുകള്ക്കകത്തെ സുരക്ഷയ്ക്കുമായി മൂന്നു തലത്തില്‍ പോലീസിനെയും അര്‍ദ്ധ സൈനിക വിഭാഗത്തേയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തുകള്‍ക്ക് അകത്തായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ആദ്യമായാണ്.
പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ റായ്പൂര്‍ റാലിയോടെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ സമാപിച്ചത്. നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ്സിങ്. സോണിയാഗാന്ധി,രാഹുല്‍ഗാന്ധി തുടങ്ങിയവരും ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: