മരട്: നിരത്തുകളില്‍ ഭീതിവിതച്ച് മോട്ടോര്‍ സൈക്കിള്‍ അഭ്യാസികളുടെ മരണപ്പാച്ചില്‍. അരൂര്‍-വൈറ്റില ബൈപ്പാസ്, കുണ്ടന്നൂര്‍-തേവര റോഡ്, തേവര-ശാന്തിനഗര്‍ റോഡ് ഉള്‍പ്പെടെയുള്ള പൊതുനിരത്തുകളിലാണ് ബൈക്കുകളിലുള്ള യുവാക്കളുടെ മരണപ്പാച്ചില്‍. ചില സമയങ്ങളില്‍ കാറുകളും അമിതവേഗത്തില്‍ നിയമം ലംഘിച്ച് പായുന്നത് ഭീതി ജനിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാരും വാഹനയാത്രികരും പറയുന്നു.
ഉച്ചസമയത്തും വൈകുന്നേരങ്ങളിലുമാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് വിലകൂടിയ ബൈക്കുകളുമായി നിരത്തില്‍ അമിതവേഗത്തില്‍ പായുന്നത്. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് വാഹനങ്ങളില്‍ ശബ്ദം കൂടിയ സെയിലന്സറും മറ്റും വച്ചുപിടിപ്പിച്ചാണ് ഇവര്‍ വാഹനങ്ങള്‍ റോഡിലിറക്കുന്നത്. തിരക്കേറിയ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി അപകടകരമായ രീതിയിലാണ് മോട്ടോര്‍ സൈക്കിളുകളുടെ പാച്ചില്‍. മയക്കുമരുന്നും മറ്റും ഉപയോഗിച്ച് ശീലിച്ച യുവാക്കളാണ് സംഘങ്ങളിലുള്ളവരില് പലരുമത്രെ. ഇത്തരത്തില്‍ ലക്കുകെട്ട് പാഞ്ഞ ഒരു മോട്ടോര്‍സൈക്കിള്‍ ഇടിച്ച് പനമ്പിള്ളി നഗറില്‍ ഒരാള്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
പരാതി ലഭിച്ചാലും പോലീസ് നടപടിക്ക് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും മറ്റും ഉള്‍പ്പെട്ട യുവാക്കളുടെ സംഘങ്ങളാണ് മരണപ്പാച്ചിലുകാരില് പലരും. അമിതവേഗം ചോദ്യം ചെയ്യുന്ന വാഹനയാത്രികരേയും വഴിയാത്രക്കാരേയും സംഘത്തില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: