ന്യൂദല്‍ഹി: ബോളിവുഡ് നടി ജിയാ ഖാനെ ആരോ കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുണ്ടെന്ന് ഫോറന്‍സിക് പരിശോധനാഫലം. ജിയ ആത്മഹത്യ ചെയ്യാന്‍ സാധ്യത കുറവാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജിയയുടെ മാതാവ് റാബിയ കഴിഞ്ഞ മാസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം സാധൂകരിക്കുന്ന പരിശോധനാഫലം പുറത്തുവരുന്നത്.
കലീന ഫോറന്‍സിക് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജിയയുടെ നഖങ്ങള്‍ക്ക് അടിയില്‍ ആരുടെയോ രക്തത്തിന്റെയും മാസത്തിന്റെയും അംശം കണ്ടെത്തിയതായി പറയുന്നു. അവരുടെ അടിവസ്ത്രത്തില്‍ രക്തവും കണ്ടെത്തിയതായി ഈ റിപ്പോര്‍ട്ടിലുണ്ട്. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നതിനാല്‍ സ്വയം തൂങ്ങിമരിക്കാനുള്ള ശാരീരിക ശേഷിയോ ബോധമോ ജിയാഖാന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റാരോ ജിയാഖാനെ കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ബോളിവുഡിന്റെ പ്രിയതാരമായിരുന്ന ജിയാ ഖാന് ജുഹുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് ജിയയുടെ അമ്മ റാബിയ ആരോപിക്കുന്നത്. റാബിയയുടെ പരാതിയില്‍ ജിയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുംബൈ കോടതി ജുഹു പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: