കഴിഞ്ഞ ലക്കത്തിലെ ഈ പംക്തി വായിച്ച ശേഷം അനേകം സഹപ്രവര്‍ത്തകര്‍ വിളിച്ച് തങ്ങള്‍ക്ക് നല്ല സ്മരണകള്‍ നല്‍കിയതിന് അഭിനന്ദിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ ജന്മഭൂമിയുടെ ആരംഭകാലത്ത് അതിനായി കഠിനാധ്വാനം ചെയ്ത ആലുവയിലെ പി.സുന്ദരത്തിന്റെ കാര്യം പറയാതെ വയ്യ.
പി.ആര്.നമ്പ്യാര്‍ജിയുടെ ഓര്‍മകളുടെ തീരത്ത് എന്ന ആത്മകഥ എറണാകുളം ഗ്രാമജനസഭയുടെ ഹാളിലാണ് നടന്നതെന്നും ജ.കൃഷ്ണയ്യര്‍ അവിടെ വന്നു അതു സ്വീകരിച്ചുവെന്നും താന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അറിയിച്ചു. ജ.കൃഷ്ണയ്യരുടെ സദ്ഗമയ എന്ന വസതിയില്‍ ചെന്നാണ് നമ്പ്യാര്‍ ജി അദ്ദേഹത്തിന് പുസ്തകം നല്‍കിയതെന്ന സംഘപഥത്തിലെ പരാമര്‍ശം വസ്തുതാപരമായി പിശകാണ്. ജന്മഭൂമിയ്ക്ക് എളമക്കരയില്‍ സ്ഥലം സമ്പാദിച്ച്, മനോഹരമായ കെട്ടിടവും ആധുനിക സൗകര്യങ്ങളുമുള്ള അച്ചടിശാലയും ലഭ്യമാക്കിയത് പി.സുന്ദരത്തിന്റെ “വ്യവസായാത്മകമായ ബുദ്ധി” ഒന്നുകൊണ്ട് മാത്രമായിരുന്നു. പിശകുചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തോട് നന്ദി.
രണ്ട് സഹപ്രവര്‍ത്തകരുടെ സാഹിത്യ സൃഷ്ടികള്‍ കൂടി ഇക്കാലത്തിനിടെ ലഭിച്ചതിനെപ്പറ്റി ഈ പംക്തിയില്‍ പരാമര്‍ശിക്കണമെന്ന് കുറേനാളുകളായി വിചാരിക്കുകയാണ്. രണ്ടും രണ്ട് തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയത്രേ. ജന്മഭൂമിയില് സബ് എഡിറ്ററായി പത്രരംഗത്ത് പ്രവേശിച്ച പി.ശ്രീകുമാറിന്റെ പ്രവര്‍ത്തന മേഖല പശ്ചിമഘട്ടങ്ങളെ മാത്രമല്ല കടന്ന്, അന്യമാം രാജ്യങ്ങളില്‍ എത്തിയത്. സപ്ത സമുദ്രങ്ങളും താണ്ടി അമേരിക്കന്‍ ഭൂഖണ്ഡത്തിലും അത് സജീവമായിരിക്കുന്നു. ജന്മഭൂമിയില് ചേരുന്ന സമയത്ത് ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ 2003 ലെ ഹൂസ്റ്റണ്‍ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനാണെന്ന് തോന്നുന്നു ആദ്യം യുഎസില്‍ പോയത്. പിന്നീട് എല്ലാ വര്‍ഷവും അതൊരു പതിവായി എന്നു മാത്രമല്ല അമേരിക്കയിലെ കേരള ഹിന്ദു പ്രവാസികളെ സ്വന്തം നാട്ടിലുള്ള ഹിന്ദുസമൂഹത്തോടുണ്ടാവേണ്ട പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുവാനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു. കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിതനായ സി.എന്‍.ദാമോദരന്‍ മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണനെ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരനുഭവം വിവരിക്കുന്നുണ്ട്. “ഞ്ഞാന്‍ അമേരിക്കയില്‍ അംബാസഡര്‍ ആയിരുന്നു. അവിടെ രക്ഷിതാക്കള്‍ മക്കള്‍ക്ക് സ്വത്തുസമ്പാദിച്ച് കൊടുക്കുന്നില്ല. മക്കള്‍ക്ക് അതിന് താല്പര്യവുമില്ല. ആരോടും വിധേയത്വവുമില്ല. നല്ല പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും കൈയയച്ചുസഹായങ്ങള്‍ ചെയ്തുകൊടുക്കും. അവരെ സമീപിക്കുന്നത് കൂടുതലും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും മതപ്രചാരകരുമാണ്. അവരുടെ മനസ്സിലുള്ള മാതിരി സ്കൂളോ കോളേജോ അനാഥാലയങ്ങളോ നടത്താന്‍ തയ്യാറാണെങ്കില്‍ ജാതിയോ മതമോ നോക്കാതെ ആരെയും സഹായിക്കും.” ഈ മനോഭാവത്തെയാണ് സ്വാമി വിവേകാനന്ദന് പ്രയോജനപ്പെടുത്തിയത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയെക്കൊണ്ട് ഈ വഴിക്കുള്ള കാര്യങ്ങള്‍ ശ്രീകുമാര്‍ ചെയ്യിക്കുന്നുണ്ടെന്നാണ് എന്റെ ധാരണ.
ശ്രീകുമാര്‍ വിവേകോദയം പബ്ലിഷിങ് ഹൗസിലൂടെ പ്രസിദ്ധീകരിച്ച ‘അമേരിക്ക കാഴ്ചയ്ക്കപ്പുറം’ എന്ന മനോഹരമായ പുസ്തകം ഒരു സ്വയം സേവകന്റെ മനോഭാവത്തിലൂടെ അമേരിക്കയെ കണ്ടതിന്റെ വ്യക്തമായ സൂചനകള്‍ നല്കുന്നു. അമേരിക്കയിലെ കോളറാഡോ നദി കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ട് കുത്തിയൊലിച്ച് ഉണ്ടാക്കിയ ഗ്രാന്‍ഡ് കാന്യന് എന്ന മഹാഗഹ്വരത്തെക്കുറിച്ചുള്ള ഒന്നാമത്തെ അധ്യായം തന്നെ അതിന് ദൃഷ്ടാന്തമാണ്. 450 കി.മി നീളവും 18 കി.മി വീതിയും 2,000 മീറ്റര്‍ ആഴവുമായി കിടക്കുന്ന ആ മഹാപിളര്‍പ്പ് ലോകമഹാത്ഭുതങ്ങളില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതത്രേ. ആ പാതാളത്തിനകത്ത് എണ്ണമറ്റ ആകൃതികളില്‍ രൂപപ്പെട്ട് കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്ക് ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ പേരുകള്‍ നല്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കി അതുലോകത്തിന് മുന്നില്‍ ചുരുങ്ങിയത് മലയാളികള്‍ക്ക് മുന്നിലെങ്കിലും അവതരിപ്പിക്കാന്‍ ശ്രീകുമാര്‍ തയ്യാറായി.
അമേരിക്കന്‍ ഐക്യനാടുകളെ പരിചയപ്പെടുത്തുന്ന എത്രയെങ്കിലും പുസ്തകങ്ങള്‍ ലഭ്യമാണ്. അവിടത്തെ ആദിമനിവാസികളെ യൂറോപ്യന്‍ കോളനിവാഴ്ചക്കാരും ക്രിസ്തുമത പ്രചാരകന്മാരും ചേര്‍ന്ന് ഉന്മൂലനം ചെയ്യാന്‍ നടത്തിയ രക്ത രൂഷിതമായ പരിശ്രമങ്ങളുടെ ചരിത്രവും ലഭിക്കുന്നുണ്ട്. പ്രാക്തന അമേരിക്കന്റെ സംസ്കൃതിയുടെ ദിക്ദര്‍ശനം നല്കുന്ന ദിവാന് ചമന്‍ലാലിന്റെ ഹിന്ദു അമേരിക്ക? എന്ന മനോഹരമായ ഗ്രന്ഥം ചെറുപ്പകാലത്ത് വായിച്ച് ആവേശം കൊണ്ടിട്ടുണ്ട്. അമേരിക്കയെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ലഭിച്ചത് അപ്പോഴായിരുന്നു. ശ്രീകുമാറിന്റെ പുസ്തകം കെട്ടിലും മട്ടിലും അതിമനോഹരമാണെങ്കിലും കുറേക്കൂടി അവിടത്തെ സംസ്കൃതിയുടെ അടിസ്ഥാനത്തെപ്പറ്റി ഉള്‍ക്കാഴ്ചതരുന്നതായിരുന്നെങ്കില്‍ എന്നു തോന്നി. അതെന്തായാലും കേവലം യാത്രാവിവരണം എന്നതിലപ്പുറം ഒരു സ്വയം സേവകന്റെ കാഴ്ചപ്പാടിലൂടെ പുതിയ ലോകത്തെ കാണാന്‍ അദ്ദേഹം നടത്തിയ ശ്രമം ശ്ലാഘനീയം തന്നെ.
കന്യാകുമാരിയിലെ സമുദ്രസംഗമത്തിലുള്ള പാറയില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിലേറെക്കാലമായി ഉയര്‍ന്നു നില്ക്കുന്ന സ്വാമി വിവേകാനന്ദന്റെ സ്മാരകം ആവേശം പകരുന്ന ഒട്ടേറെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. സംഘത്തിന്റെ മുന്‍ സര്‍കാര്യവാഹ് മാനനീയ ഏകനാഥജി റാനഡേയുടെ നേതൃത്വത്തില്‍ സ്മാരക നിര്‍മാണത്തിനായി നടന്ന ഭഗീരഥ പ്രയത്നത്തില്‍ ഭാഗഭാക്കുകളായ ആയിരങ്ങളില്‍ ഒരുവനാകാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.
ശിലാസ്മാരകമെന്ന ആശയത്തിനു രൂപം നല്കിയ മുന്‍ മദ്രാസ് പ്രാന്ത പ്രചാരക് ദത്താജി ഡിഡോള്‍ക്കര്‍, സ്മാരക സമിതിയുടെ ആദ്യകാല കാര്യദര്‍ശി സാധുശീലന്‍ പരമേശ്വരന് പിള്ള(പരമേശ്വരാനന്ദ സരസ്വതി സ്വാമികള്‍) തുടങ്ങിയവരുമായി അടുത്ത സമ്പര്‍ക്കം നിലനിര്‍ത്താന്‍ സാധിച്ചത് അഭിമാന നിമിഷങ്ങള്‍ ആണ്. സ്വാമിജിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായിരുന്നു ശിലാസ്മാരക സംരംഭം. അതിന് നേതൃത്വം നല്കിയ മാനനീയ ഏകനാഥജി, തന്റെ വാക്കുകളില്‍ത്തന്നെ ആ സാഹസികോദ്യമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടത്തേണ്ടി വന്ന തന്ത്രപരമായ ബൗദ്ധിക നീക്കങ്ങളെക്കുറിച്ച് ‘സാഗാ ഓഫ് വിവേകാനന്ദ റോക് മെമ്മോറിയല്‍'(വിവേകാനന്ദ ശിലാസ്മാരകത്തിന്റെ ഇതിഹാസം) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. വിവേകാനന്ദ കേന്ദ്രത്തിലെ ആദ്യ പ്രവര്‍ത്തക സംഘത്തിന്റെ ശിബിരത്തില്‍ നടത്തിയ പ്രഭാഷണങ്ങള്‍ സമാഹരിച്ചതാണാപുസ്തകം. ശരിക്കും ഐതിഹാസികമായ ഒരു പോരാട്ടം ആയിരുന്നു അത്.
എന്നാല്‍ ശിലാസ്മാരകം യഥാര്‍ത്ഥമാക്കാന്‍ വേണ്ടി നടന്ന സാഹസികമായ മറ്റൊരു സമരത്തെക്കുറിച്ച് വേണ്ടത്ര ഗൗരവത്തോടെ ഭാവി തലമുറയ്ക്ക് അറിയാന്‍ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ആ പോരായ്മ വിഷ്ണുകാന്ത് ‘വിവേകാനന്ദശില തപസ്സും പോരാട്ടവും’ എന്ന പുസ്തകത്തിലൂടെ നികത്തിയിരിക്കുന്നു.
നാലര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശൗരിയാര് പുണ്യാളന്റെ(സെന്റ് ഫ്രാന്‍സിസ് സേവിയര്‍) കാലം മുതല്‍ കന്യാകുമാരി തീരത്ത് മതപരിവര്‍ത്തനം നടന്നുവന്നതില്‍പെട്ട്, അവിടത്തെ മത്സ്യബന്ധക സമൂഹം ഏതാണ്ട് മുഴുവനായി ക്രിസ്ത്യാനികളായിക്കഴിഞ്ഞിരുന്നു. അന്നത്തെ രാജാക്കന്മാരുടേയും ഉയര്‍ന്ന സമുദായങ്ങളുടേയും സംവേദനാശൂന്യമായ നടപടികള്‍ മൂലം ഉണ്ടായ ദുരന്തമായിരുന്നു അത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വൈകുണ്ഠപാദ സ്വാമിയുടെ ചെറുത്തുനില്‍പ്പും ആത്മീയ പ്രവര്‍ത്തനങ്ങളുമൊഴിച്ചാല്‍ മിഷനറിമാര്‍ക്ക് വിഹരിക്കാന്‍ ഏറ്റവും അനുയോജ്യമായിരുന്നു ആ പ്രദേശം.
വിവേകാനന്ദ സ്വാമിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പാറയില്‍ ചെല്ലാന്‍ പോലും ക്രിസ്ത്യന്‍ മുക്കുവരെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തില്‍ സ്മാരക നിര്‍മാണം തന്നെ ചോദ്യചിഹ്നമായി. ക്രിസ്ത്യാനികള്‍ പാറപ്പുറത്ത് കുരിശ് പണിതു. ശതാബ്ദി സ്മാരകമായി സ്ഥാപിച്ച് ഫലകം ഇളക്കി കടവിലെറിഞ്ഞു. ഈ ഘട്ടത്തില്‍ ദത്താജി ഡിഡോല്‍ക്കറും അന്നത്തെ കോഴിക്കോട്ടെ പ്രചാരകന്മാരും ചേര്‍ന്ന് ഏതാനും സ്വയം സേവക മത്സ്യത്തൊഴിലാളികളെ കന്യാകുമാരിയിലേക്കയച്ച് പാറയിലേക്കുള്ള ഗതാഗതം സാധ്യമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ നിര്‍മാണത്തിന് നടത്തപ്പെട്ട തപസ്സിന്റേയും പോരാട്ടങ്ങളുടേയും കഥ ആധികാരികമായ നിരവധി രേഖകളുടെ സഹായത്തോടെ തയ്യാറാക്കി വിഷ്ണുകാന്ത് മഹത്തായൊരു സേവനമാണ് ചെയ്തത്. ഗ്രന്ഥനിര്‍മാണ സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടെ ഈ ലേഖകനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു. സാര്‍ദ്ധശതി ആഘോഷക്കാലത്തെ മഹത്തായൊരു സംരംഭമായി ഈ പുസ്തകത്തെ കരുതാം. ഈ പുസ്തകത്തിനു ലഭിച്ച സ്വീകരണം ആവേശഭരിതമാണ്. മാസങ്ങള്‍ക്കകം നിരവധിപതിപ്പുകള്‍ വേണ്ടിവന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്മാരക നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എടുത്ത അനേകം ചിത്രങ്ങളും പുസ്തകത്തിലുണ്ട്. പുരാണകഥകളും ആധ്യാത്മികതയില്‍ ഊന്നല്‍ നല്കുന്ന ഹൈന്ദവസാഹിത്യത്തിനുമപ്പുറത്ത്, സാംസ്ക്കാരികവും കര്‍മ്മോത്സുകവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യത്തിന്റെ അഭാവം മലയാളത്തിലുണ്ട്. അത് ഒരളവുവരെ കുറയ്ക്കാന്‍ ഈ പുസ്തകങ്ങള്‍ക്കുകഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.
പി. നാരായാണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: