കരവിരുതിന്റെ സൗന്ദര്യവുമായി കര്‍മ്മനിരതനായി ജോജുപുന്നാട് തന്റെ പണിപ്പുരയില്‍ സര്‍ഗ്ഗസൃഷ്ടി തുടരുകയാണ്. മരമായാലും വേരായാലും, ഇരുമ്പായാലും, ഫൈബറോ, തെര്‍മോകോളോ കടലാസോ പ്ലാസ്റ്റര്‍ ഓഫ് പാരീസോ ഒന്നുമില്ലെങ്കില്‍ സിമന്റായാലും മതി, ജോജുവിന്ന് തന്റെ ശില്‍പ്പ നിര്‍മ്മാണത്തിന്നുള്ള മാധ്യമമായി. ഇതില്‍ എതുകിട്ടിയാലും ജോജു അത് മനോഹരമായ ശില്പ്പമാക്കി മാറ്റും.
കലാപരമായ കഴിവും ഉള്‍ക്കാഴ്ചയും മനസ്സിന്റെ സൗന്ദര്യ ബോധവും ജോജു തന്റെ ഓരോ ശില്‍പ്പനിര്‍മ്മാണത്തിലും സന്നിവേശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജോജു ഉണ്ടാക്കുന്ന ഓരോ ശില്പ്പത്തിലും വര്‍ണനാതീതമായ ഒരു സൗന്ദര്യം നിഴലിച്ചു നില്ക്കും. കഴിഞ്ഞവര്‍ഷം ഗാനഗന്ധര്വന് കെ.ജെ.യേശുദാസ് പ്രഗതി വിദ്യാനികേതനിലെത്തിയപ്പോള് ജോജു അദ്ദേഹത്തിനു തന്റേതായ ഒരു സൃഷ്ടി സമ്മാനിച്ചിരുന്നു. മരത്തില്‍ കൊത്തിയെടുത്ത ഒരു കൃഷ്ണ വിഗ്രഹമായിരുന്നു അത്.
മാമാനിക്കുന്നു ഭഗവതി ക്ഷേത്രത്തിന്നു സമര്‍പ്പിച്ച ദാരുകനിഗ്രഹത്തിന്റെ കോണ്‍ക്രീറ്റ് ശില്‍പ്പം, കേളകം മൂര്‍ച്ചിലക്കാട്ട് ഭഗവതി ക്ഷേത്രത്തിന്നു സമര്‍പ്പിച്ച ഗീതോപദേശം, പാനൂര്‍ സംഘ കാര്യാലയത്തിന്റെ വാതിലില്‍ കൊത്തിയെടുത്ത ഭരതമഹാരാജാവിന്നു ഉപദേശം നല്കുന്ന ശകുന്തള തുടങ്ങിയവ ഇദ്ദേഹത്തിന്റെ കരവിരുതിന്റെ സൗന്ദര്യം വിളിച്ചോതുന്നവയാണ്.
മീത്തലെ പുന്നാട് കാവുള്ളപുരയില്‍ കുഞ്ഞബുവിന്റെയും ഭാര്‍ഗവിയുടെയും മകനാണ് ജോജു. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ഇരിട്ടിയില്‍ നടന്ന ശോഭായാത്രയില്‍ പ്രദര്‍ശിപ്പിച്ച കമ്പിയും യൂഫോമും ഉപയോഗിച്ച് നിര്‍മ്മിച്ച കൂറ്റന്‍ നന്ദി പ്രതിമ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. അതുപോലെത്തന്നെ കമ്പിയും പേപ്പറും ഉപയോഗിച്ച് 8 അടി ഉയരത്തില്‍ നിര്‍മ്മിച്ച ചലിക്കുന്ന ഹനുമാന്റെ ടാബ്ലോയും ജനശ്രദ്ധ പിടിച്ചുപറ്റി. മരങ്ങളുടെ വേരുകളില്‍നിന്നും വ്യത്യസ്തതയുള്ള ശില്പ്പങ്ങള് മെനഞ്ഞെടുക്കുന്നതിലും ജോജുവിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. കൂടാതെ പൂജാമുറികള്ക്കും ക്ഷേത്രങ്ങള്‍ക്കും ആവശ്യമായ ശില്‍പ്പങ്ങളും ഇദ്ദേഹം തയാറാക്കി നല്കുന്നു. കഴിഞ്ഞ നവരാത്രി കാലത്ത് മേറ്റടിയില്‍ നവരാത്രം ആഘോഷത്തിനായി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ചുനല്‍കിയ നാലര അടി വലിപ്പമുള്ള സരസ്വതിയുടെ വിഗ്രഹം ശില്‍പ്പഭംഗി കൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. ശ്രീ നാരായണ ഗുരുദേവന്റെ ഒരു പൂര്‍ണകായ പ്രതിമ ഫൈബറില്‍ നിര്‍മ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ജോജു. മീത്തലെ പുന്നാട് സ്ഥപതി എന്നപേരില്‍ തുടങ്ങിയ തന്റെ നിര്‍മ്മാണ യൂണിറ്റിന്റെ വിപുലീകരണ ശ്രമത്തിലാണ് ജോജു ഇപ്പോള്‍.
എ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: