ബങ്കളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച മുസ്ലിം സ്ത്രീകള്‍ക്കുള്ള കല്യാണ സഹായ പദ്ധതി പാര്‍ട്ടിക്കും സര്‍ക്കാരിനും വന്‍ തിരിച്ചടിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പദ്ധതി പ്രഖ്യാപനമനുസരിച്ച്, വര്‍ഷം ഒന്നര ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ വിവാഹിതരായാല്‍ വന്‍ സഹായം ലഭിക്കും. അവര്‍ക്ക് അരലക്ഷം രൂപയോ ആ വിലയ്ക്കുള്ള കട്ടില്, അലമാര തുടങ്ങിയ വീട്ടുവസ്തുക്കളോ നല്‍കുന്നതാണ് പദ്ധതി. പെണ്‍കുട്ടക്കു 18 വയസും ആണിന് 21 വയസും പൂര്‍ത്തിയാകണമെന്നാണു വ്യവസ്ഥ. പുനര്‍ വിവാഹം ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാക്കും. എന്നാല്‍ പദ്ധതി പ്രഖ്യാപനത്തോടെ പ്രതിപക്ഷം രംഗത്തുവന്നത് മുഖ്യമന്ത്രിയെക്കൊണ്ട് പദ്ധതി തിരുത്താനിടയാക്കി.
മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമായി പ്രഖ്യാപിച്ച ഈ പദ്ധതിയായ ബിദായി (ഉറുദുവില്‍ യാത്രാ മംഗളം) ലോക് സഭാ തെരഞ്ഞെടുപ്പു വരുമ്പോഴുള്ള വോട്ടു പിടുത്തം ലക്ഷ്യമാക്കിയാണെന്ന ആക്ഷേപം ആദ്യം പ്രതിപക്ഷം ഉയര്‍ത്തി. ബിജെപിയും ദയ്യൂരപ്പയുടെ കെജെപിയും രംഗത്തുവന്നു. തുടര്‍ന്ന് മറ്റു ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ക്കും പദ്ധതി ആനുകൂല്യം നല്‍കുമെന്ന് മുഖ്യമന്ത്രി നിലപാടു തിരുത്തി.
എന്നാല്‍ വരുമാനം നോക്കി എല്ലാ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ബിജെപിയും കെജെപിയും ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാനത്തെമ്പാടും വമ്പിച്ച പ്രചാരണ പരിപാടി ആസൂത്രണം ചെയ്തുകഴിഞ്ഞു. നരേന്ദ്രമോദി നവംബര്‍ 17-ന് സംസ്ഥാനത്തു നടത്തുന്ന റാലികഴിഞ്ഞാല് പാര്‍ട്ടി പൊതുജനങ്ങള്ക്കിടയിലിറങ്ങും. ആദ്യപ്രതിഷേധം പാര്‍ട്ടി പ്രകടിപ്പിച്ചുകഴിഞ്ഞു. യദ്യൂരപ്പയുടെ പാര്‍ട്ടി ഒക്ടോബര്‍ 31-ന് ധര്‍ണ്ണ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: