മട്ടാഞ്ചേരി: സഞ്ചാരികള്‍ക്ക് സവാരിയൊരുക്കാന്‍ കൊണ്ടുവന്ന തളര്‍ന്ന കുതിരകളെ നാട്ടുകാര്‍ ഇടപെട്ട് മടക്കി അയച്ചു. ഫോര്‍ട്ടുകൊച്ചിയിലാണ് വ്യാഴാഴ്ച രാവിലെ കോയമ്പത്തൂരില്‍നിന്ന് രണ്ട് കുതിരകളുമായി സവാരി സംഘാടകരെത്തിയത്. കുതിരകളുമായെത്തിയ വാഹനത്തില്‍നിന്ന് ഇവയെ ഇറക്കുന്നതിന് സംഘാടകര്‍ മര്‍ദ്ദനമുറകളും പീഡനങ്ങളും തുടരവേയാണ് നാട്ടുകാര്‍ ഇടപെട്ടത്.
പൈതൃക-വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് വിദേശ-ആഭ്യന്തര-പ്രാദേശിക സഞ്ചാരികള്‍ക്ക് സവാരിയൊരുക്കുവാനാണ് രണ്ട് കുതിരകളെ കൊണ്ടുവന്നത്. തമിഴ്നാട്ടില്‍നിന്ന് എത്തിയ സവാരി സംഘത്തിലെ കുതിരകള്‍ ആരോഗ്യമില്ലാത്തതും തളര്ന്നവശരായതും വാര്ധക്യമുള്ളതുമാണെന്ന് ജനങ്ങള്‍ പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ ഇടപെട്ടുവെങ്കിലും ആദ്യം ഇവര്‍ പിന്തിരിയാന് തയ്യാറായില്ല. എന്നാല്‍ കുതിരകളെ സവാരിക്ക് അനുവദിക്കുകയില്ലെന്ന് മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉച്ചയോടെ കുതിരകളുമായി സവാരിസംഘം മടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: