ന്യൂദല്‍ഹി: ഒരു ദശാബ്ദത്തിനുള്ളിലെ ഏറ്റവും വെല്ലുവിളിയാകുന്ന സുരക്ഷാചുമതല ഏറ്റെടുക്കുകയാണ് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍. മോദിക്ക് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണിയുണ്ടെന്ന കേന്ദ്രഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മോദിയുടെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. നിലവില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ 108 ബ്ലാക്ക് ക്യാറ്റുകളുടെ വലയത്തിലാണ് മോദി. മൂന്ന് തരത്തിലുള്ള സുരക്ഷാസന്നാഹമാണ് ഇവര്‍ അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. ഏത് വിധത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കുന്ന വിഭാഗവും അദ്ദേഹത്തിന് ചുറ്റുമായി സുരക്ഷ ഒരുക്കുന്നവരും മോദിയുടെ സുരക്ഷ ഉറപ്പാക്കുന്ന അദ്ദേഹത്തോട് ഏറ്റവുമടുത്ത സംഘവുമാണവ. ഭീകരവിരുദ്ധ സേനയ്ക്കും മോദിയുടെ സുരക്ഷാചുമതലയുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ മോദിയെ നേരിട്ടാക്രമിക്കാനുള്ള സാധ്യത തീരെ കുറവാണെന്ന് ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോണ്‍ഫ്ലിക്റ്റ് മാനേജ്മെന്റ് തലവന്‍ അജയ് സാഹ്നി ചൂണ്ടിക്കാണിക്കുന്നു. റോക്കറ്റാക്രമണമോ മറ്റോനടത്തിയാല് മാത്രമേ അദ്ദേഹത്തിന് ഭീഷണിയാകൂ. സുരക്ഷാവലയങ്ങള്‍ ഭേദിച്ച് അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതും സുരക്ഷാഭീഷണിയാകും.
കഴിഞ്ഞ മാസം 27ന് പാട്നയില്‍ മോദി പങ്കെടുത്ത റാലിയിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യത്തില്‍ ആശങ്കയുയര്‍ന്നിരുന്നു. സ്ഫോടനത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ പേരിലാണ് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മോദിയ്ക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇവര്‍ വധിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമതാണ് മോദിയുടെ പേര്.
അതേസമയം നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. നിയമസഭാതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന റാലികളിലെ ജനപങ്കാളിത്തം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോലും തലവേദനയാകുന്ന വിധത്തില്‍ പെരുകുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിലെ സുരക്ഷാ ചുമതല സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ ഏല്‍പ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പിന്നാലെ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും മകന് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങളിലെ വന്വീഴ്ച്ചയായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇനിയൊരു രാഷ്ട്രീയനേതാവിന് നേരെയും അത്തരത്തിലൊരു ആക്രമണം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശക്തമായ നിലപാടിലാണ് സുരക്ഷാഏജന്‍സികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: