കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഡോ. കെ. വത്സലാമ്മ നന്മയുടെ കെടാവിളക്കാണ്. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി വിദ്യാലയത്തിന്റെ സ്വന്തം അമ്മവിളക്കിന് മികച്ച ഹയര്‍സെക്കണ്ടറി അധ്യാപികയ്ക്കുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാര്‍ത്ത ഹൃദയത്തില്‍ നിന്നുള്ള കയ്യടികളോടെയാണ് അവര്‍ ഏറ്റുവാങ്ങിയത്. അര്‍പ്പണബോധത്തിന്റെ പര്യായം എന്ന വിശേഷണം പൂര്‍ണമായും യോജിക്കുന്ന ടീച്ചറിന് ഫോണിലും നേരിട്ടും അഭിനന്ദനങ്ങളുടെ തിരക്കായിരുന്നു. സ്വന്തം നേട്ടങ്ങള്‍ സ്വയം എഴുതി നല്കി വാങ്ങുന്ന പുരസ്കാരത്തോട് താല്പര്യമില്ലാത്തതിനാലാണ് ഇത്രയും കാലം അവാര്‍ഡ് ലഭിക്കാഞ്ഞത്. ഈ പ്രാവശ്യം സഹപ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
കൊട്ടാരക്കരയ്ക്കടുത്തുള്ള പെരുംകുളം ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ടീച്ചര്‍ ഇപ്പോള്‍ വിദ്യാലയത്തിനടുത്തുതന്നെയാണ് താമസം. രാവിലെ എട്ടരമുതല്‍ ആറരവരെയാണ് പ്രവര്‍ത്തനസമയം. ഏഴുവര്ഷത്തിനുമുമ്പ് പ്രഥമാധ്യാപികയായി ഇവിടെയെത്തുമ്പോള്‍ സ്ഥിതികള്‍ വളരെ പരിതാപകരമായിരുന്നു. 1884 ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ അത്രത്തോളം പഴക്കമുള്ള കെട്ടിടങ്ങളില്‍ തന്നെയായിരുന്നു ക്ലാസുകള്‍ എല്ലാം നടന്നിരുന്നത്. ടീച്ചറിന്റെ ശക്തമായ ഇടപെടല്‍ മൂലം 84 ലക്ഷം രൂപ നബാര്‍ഡ് സ്കീമില്‍ നിന്നും അനുവദിപ്പിച്ച് ഒരു മൂന്നുനിലകെട്ടിടം ഹയര്‍സെക്കണ്ടറി വിഭാഗത്തിനുവേണ്ടി നിര്‍മ്മിച്ചു. കുട്ടികളുടെ പാഠ്യപാഠ്യേതര മികവുകള്‍ കണ്ടെത്താനുള്ള ടീച്ചറിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.
98 ശതമാനത്തോളമാണ് ഇപ്പോഴത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം മൂന്ന് കുട്ടികള്‍ക്കും ഈ വര്‍ഷം പതിനൊന്നാംതരത്തിലെ ഏഴുകുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. എഴുപതോളം കുട്ടികള്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് എല്ലാദിവസവും ഒരുമണിക്കൂര്‍ പരിഹാരബോധനക്ലാസ് നടത്തുന്നുണ്ട്. യുവജനോത്സവം, വിവിധശാസ്ത്രമേളകള്‍ എന്നിവയില്‍ കുട്ടികള്‍ നേടിയ ട്രോഫികള്‍ ഒരു മുറിയില്‍ കൊള്ളുന്നതിലും അധികമാണ്. ഇവിടെയില്ലാത്ത ക്ലബ്ബുകള്‍ ഇല്ല. കരിയര്‍ ഗൈഡന്‍സ് യൂണിറ്റ്, സൗഹൃദ ക്ലബ്ബ്, പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ്, കലാക്ഷേത്ര, തണല്ക്കൂട്ടായ്മ, എന്‍എസ്എസ് യൂണിറ്റ്, കലാലയക്കാഴ്ച മാഗസിന് എന്നിവ അതില്‍ ചിലതുമാത്രം.
വിദ്യാലയത്തിനു സ്വന്തമായുള്ള പ്രസിദ്ധീകരണവിഭാഗം കുട്ടികളുടെ കവിതകള്‍ സമാഹരിച്ച് ഉസ്കൂള് കവിതകള്‍ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. കൊട്ടാരക്കരയിലെ പ്രാദേശികഭാഷാപദങ്ങളുടെ ഒരു നിഘണ്ടുവും പുറത്തിറങ്ങിയിട്ടുണ്ട്. സത്യസന്ധതവളര്ത്താന് കച്ചവടക്കാരനില്ലാത്ത സൗഹൃദപ്പീടിക പ്രവര്‍ത്തിക്കുന്നു. പത്തോളം കുട്ടികളുടെ പഠനച്ചെലവ് ടീച്ചറും സഹാധ്യാപകരും ചേര്‍ന്ന് വഹിക്കുന്നു.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: