നാം ചങ്ങല പൊട്ടിച്ച കഥയില്‍ വീരനായകന്മാര് നിരവധിയാണ്. പഴശ്ശി ആസ്ഥാനമായി വടക്കെ മലബാറില്‍ കോട്ടയം രാജസ്വരൂപാംഗമായിരുന്ന കേരളവര്‍മ പഴശ്ശിരാജയുടെ പോരാട്ടം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദിചരിത്രം കുറിക്കുന്നു. ആദ്യകാല ഉടമ്പടികളെയെല്ലാം ക്രമേണ ബ്രിട്ടീഷുകാര്‍ ലംഘിക്കാന്‍ തുടങ്ങിയപ്പോഴാണ് പിറന്ന മണ്ണിന്റെ വിമോചനസാഫല്യമാണ് തന്റെ പരമലക്ഷ്യമെന്ന് തമ്പുരാന് തിരിച്ചറിഞ്ഞത്. നികുതിപ്പിരിവ് മുതല്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം വരെ അധിനിവേശ ശക്തിയുടെ അധീനത്തിലായിരുന്നു. ഒളിവിലും തെളിവിലുമായി കോളനിവാഴ്ചക്കെതിരെ നടത്തിയ ഒരു വ്യാഴവട്ടക്കാലത്തിന്റെ സമരസാഹസങ്ങള്ക്കൊടുവില് അദ്ദേഹം മാതൃഭൂമിക്കായി സ്വന്തം പ്രാണന് ബലിയര്‍പ്പിച്ചു. രാജാധികാരമോ ചെങ്കോലോ വഹിക്കാതെ ചരിത്രത്തില്‍ ചക്രവര്‍ത്തിപദം നേടിയെടുക്കുകയാണ് ആ ധീരദേശാഭിമാനി. തമ്പുരാന്റെ ശൈശവബാല്യങ്ങള്‍ ചരിത്രാന്വേഷികള്‍ക്ക് മുമ്പില്‍ തെളിഞ്ഞുവരുന്നില്ലെങ്കിലും ആ മഹാവ്യക്തിത്വത്തിന്റെ പാര്ശമുഖങ്ങള് രേഖചരിത്രങ്ങളാണ്.
1857 ലാണ് ഭാരതസ്വാതന്ത്ര്യത്തിന്റെ സമരാരംഭം എന്ന ചരിത്ര നാള്‍വഴിക്കും അരനൂറ്റാണ്ട് മുമ്പാണ് പഴശ്ശിത്തമ്പുരാന് സ്വരാജ്യാഭിമാനവും സ്വാതന്ത്ര്യസങ്കല്പ്പവും വളര്‍ത്തി സമൂഹത്തിലെ നാനാജാതി മതസ്ഥരെയും വര്‍ഗ്ഗങ്ങളെയും തന്റെ പോരാട്ടസംഘത്തില്‍ അണിനിരത്തിയത്. രാജാധികാരമോ അധീശത്വമോ ഇല്ലാതെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടേയും ഒറ്റച്ചരടിലായിരുന്നു ജനങ്ങളെയത്രയും തമ്പുരാന് കോര്‍ത്തുചേര്‍ത്ത് നിര്‍ത്തിയത്. സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളായി അവ രൂപം കൊണ്ടു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം പോലും പഴശ്ശിക്കലാപങ്ങളില് നിന്ന് തിരികൊളുത്തിയതാണെന്ന് ഭാവാത്മകമായി അവകാശപ്പെടാം.
ഹൈദരാലിയുടെ പടയോട്ടം ഭയന്ന് മലബാറിലെ രാജാക്കന്മാരെല്ലാം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തപ്പോഴും പഴശ്ശി സാമാന്യ ജനങ്ങളോടൊപ്പം പടയൊരുക്കങ്ങളിലായിരുന്നു. പഴശ്ശിയുമായുണ്ടാക്കിയ ഉടമ്പടികളെല്ലാം ടിപ്പുവിന്റെ പതനശേഷം ബ്രിട്ടീഷുകാര്‍ കാറ്റില്‍ പറത്തിയത് പഴശ്ശിയുടെ ജീവിതപദ്ധതിയേയും രാഷ്ട്രദര്ശനത്തെത്തന്നെയും മാറ്റിമറിക്കുകയായിരുന്നു. പോരാട്ടങ്ങള്‍ക്ക് ഉണ്ടാക്കിയ ജനകീയാടിത്തറയാണ് പഴശ്ശിക്ക് കരുത്തായത്. വ്യക്തിയേയും സമൂഹത്തേയും സംബന്ധിച്ച വ്യക്തമായ അവബോധവും ദര്‍ശനവും ഉള്‍ക്കൊണ്ടാണ് കമ്പനിക്കെതിരായുള്ള നികുതി നിഷേധത്തിന് തമ്പുരാന് ആഹ്വാനം മുഴക്കിയത്. ഇതിന്റെ വിജയത്തോടെ ശത്രുവിന്റെ വലിപ്പവും സ്ഥാനവും കമ്പനിക്ക് ബോധ്യമായി. 1793 ല്‍ ആരംഭിച്ച ഒന്നാം പഴശ്ശി സമരം പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് പട്ടാളം തന്നെ രംഗത്തിറങ്ങി. 1795 ല്‍ നടന്ന ഏറ്റുമുട്ടല്‍ ചരിത്രമായെങ്കിലും അതിനടുത്തവര്‍ഷം പഴശ്ശിയില്‍ വെച്ച് തമ്പുരാനെ പിടികൂടാന്‍ മുന്നൂറുപേരുടെ സൈന്യമെത്തി. തമ്പുരാന് സാഹസികമായി അവിടെനിന്ന് രക്ഷപ്പെട്ടതായറിഞ്ഞ കമ്പനിപ്പട്ടാളം കൊട്ടാരം കൊള്ളയടിച്ചാണ് പ്രതികാരം ചെയ്തത്.
വയനാടന്‍ കാടുകളില്‍ ഒളിപ്പോരിന്റെ പതിനെട്ടടവുകളും പയറ്റാന്‍ പഴശ്ശിയും കൂട്ടരും അരയും തലയും മുറുക്കി. ഒത്തുതീര്‍പ്പിനായുള്ള കമ്പനി ശ്രമങ്ങള്‍ പരാജയപ്പെട്ടു. കൈതേരി അമ്പു, കണ്ണവത്ത് ശങ്കരന്‍നമ്പ്യാര്‍, എടച്ചേന കുങ്കന്, തലയ്ക്കല്‍ ചന്തു എന്നിവരുടെ ധീരോദാത്തമായ നീക്കങ്ങളും യുദ്ധതന്ത്രങ്ങളും പോരാട്ടത്തിന്റെ വീറും വീര്യവുമായി. ഉണ്ണിമൂത്ത, അത്തന്‍ ഗുരുക്കള്‍ എന്നീ മുസ്ലിം നേതാക്കളും പഴശ്ശിയോട് ചേര്‍ന്ന് കലാപങ്ങള്‍ക്ക് എരിവ് പകര്‍ന്നു.
1797 ല്‍ ക്യാപ്റ്റന്‍ ബൗമനേയും തുടര്‍ന്ന് കേണല്‍ ഡൗവിന്റെ കമ്പനി സൈന്യത്തേയും മേജര്‍ കേമറോണിന്റെ നേതൃത്വത്തിലുള്ള പടയെയും മുട്ടുകുത്തിച്ച് പഴശ്ശിയുടെ പടവാള് ജൈത്രയാത്ര നടത്തി. നാലാം മൈസൂര്‍ യുദ്ധ(1799)ത്തിന്റെ പര്യവസാനത്തില്‍ ഉടമ്പടി പ്രകാരം വയനാട് കമ്പനിയുടെ അധീനമായെങ്കിലും അത് കൈയടക്കാനുള്ള ശ്രമത്തെയാണ് പഴശ്ശിരാജ എതിര്‍ത്തത്. 1800 ലാണ് ടിപ്പുവിനെ വെന്ന സേനാധിപനും യുദ്ധതന്ത്രജ്ഞനുമായ കേണല്‍ ആര്‍തര്‍ വെല്ലസ്ലി പഴശ്ശിയുടെ പദ്ധതി പരാജയപ്പെടുത്താന്‍ നിയുക്തനാകുന്നത്. അഞ്ചുവര്‍ഷം നീണ്ട രണ്ടാം പഴശ്ശിക്കലാപം ജനകീയ വിപ്ലവത്തിന്റെ സമഗ്രമായ രൂപഭാവം കൈക്കൊണ്ടു. കോളനിക്കോയ്മകള്ക്ക് മികച്ച യോദ്ധാക്കള്‍, യുദ്ധ സാമഗ്രികള്‍, സമഗ്രമായ നേതൃത്വം എന്നിവയുണ്ടായിട്ടും പഴശ്ശിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെ മുമ്പില്‍ ശ്വാസംമുട്ടേണ്ടിവന്നു. കണ്ണവത്ത് നമ്പ്യാരെ പിടികൂടി തൂക്കിലേറ്റാനായെങ്കിലും കലാപകാരികളുടെ ഒടുങ്ങാത്ത ധീരതയ്ക്കും ഐക്യത്തിനും മുമ്പില്‍ അവര്‍ പതറുകയായിരുന്നു. പനമരം കോട്ട പിടിച്ചടക്കിയും പെരിയചുരം ഉപരോധിച്ചും വിപ്ലവകാരികള്‍ ബ്രിട്ടീഷ് പട്ടാള നീക്കത്തിന് തടസ്സം സൃഷ്ടിച്ചു. പഴശ്ശിയില്‍നിന്ന് കടംകൊണ്ട ഗറില്ലാ യുദ്ധമുറ വെല്ലസ്ലിക്ക് നെപ്പോളിയനെ പരാജയപ്പെടുത്താന്‍ പില്ക്കാലം സ്പെയിനില്‍ ഉപകരിച്ചെങ്കിലും ഈ നാട്ടിലത് ഫലിച്ചില്ല.
1804 ല്‍ തോമസ് ഹാര്വിബാബര് തലശ്ശേരിയുടെ സബ് കളക്ടറായി വന്നപ്പോള്‍ പഴശ്ശിക്കെതിരെ പുതിയ അടവുകളും നയങ്ങളും സ്വീകരിച്ച് മേജര്‍ മക്ലോയിഡിന്റെ നേതൃത്വത്തില്‍ മദ്രാസ് പട്ടാളം പഴശ്ശി സൈന്യത്തെ വയനാടന്‍ വനാന്തരങ്ങളിലേക്ക് തുരത്തിയതും പഴശ്ശിയുടെ ശിരസ്സിന് മൂവായിരം രൂപ വിലയിട്ടതും കലാപക്കൊടുങ്കാറ്റിന് ശക്തിയേകി. കുറിച്യരേയും കുറുമ്പരേയും മുന്‍നിര്‍ത്തി എടച്ചേന കുങ്കനൊപ്പം പ്രതിരോധത്തിന്റെ മുന്നേറ്റവുമായി തമ്പുരാന് കുതിച്ചു. അന്തിമ യുദ്ധത്തിന്റെ ഭാവപ്പകര്‍ച്ചയായി പോരാട്ടങ്ങള്‍ തീ പാറിയപ്പോള്‍ ബാബര്‍ സൈനികയത്നങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. പഴശ്ശിത്തമ്പുരാനെ നാമാവശേഷമാക്കാനുള്ള സകല ഗൂഢശ്രമവും സംവിധാനവും കമ്പനി പയറ്റിത്തുടങ്ങി. കലാപകാരികളെ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം ഇതിന്റെ ഭാഗമായിരുന്നു. ഈ ഘട്ടത്തിലാണ് തലയ്ക്കല്‍ ചന്തുവിനെ അവര്‍ ബന്ധനസ്ഥനാക്കിയത്. കലാപകാരികളെ ഒറ്റിക്കൊടുക്കാനും ആളുണ്ടായി. ചെറുത്തുനില്‍പ്പിന്റെ കോട്ടകള്‍ കുലുങ്ങുകയായിരുന്നു.
ഒടുക്കം പുല്‍പ്പള്ളിക്കടുത്ത മാവിലാംതോട്ടിനരികെ രാജാവിനെയും കൂട്ടരെയും നൂറ്റമ്പതോളം വരുന്ന കമ്പനിപ്പടയും കോല്ക്കാരന്മാരും താവളം വളഞ്ഞ് വെടിവെയ്ക്കുകയായിരുന്നു. ഗുഹയ്ക്കുള്ളില്‍ ആക്രമിക്കപ്പെട്ട സിംഹരാജനെപ്പോലെ തമ്പുരാന് അവസാന നിമിഷം വരെ പൊരുതി. പോരാടി പിടഞ്ഞുവീണ ആ ധീര ദേശാഭിമാനിയെ മാതൃഭൂമി നെഞ്ചിലേറ്റി. 1805 നവംബര്‍ മുപ്പതിന്റെ ആ പുലര്‍വേള വിദൂരഭാവിയില്‍ പാരതന്ത്ര്യത്തിന്റെ ഇരുട്ടിനെ കീഴടക്കുക തന്നെ ചെയ്തു.
പഴശ്ശിത്തമ്പുരാന്റെ വ്യക്തിപ്രഭാവത്തെയും ധീരതയെയും വാഴ്ത്തി ബാബര്‍ എഴുതിയ വചനങ്ങള്‍ ചരിത്രരേഖയാണ്. സമൂഹത്തിന്റെ ധാര്‍മിക വിശ്വാസത്തെ തട്ടിയുണര്‍ത്താനും ജനക്ഷേമകരമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും പഴശ്ശിത്തമ്പുരാന് കഴിഞ്ഞു. കൃഷിയും തൊഴിലുമായി സാധാരണ മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. മാനവികതയുടെ ഭാരതീയ പൈതൃകത്തിലാണ് തമ്പുരാന്റെ നേട്ടങ്ങളുടെ വേരോട്ടം. ഇന്ത്യന്‍ ദേശീയതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും വളര്‍ച്ചയില്‍ നവീനമായ അദ്ധ്യായമാണ് തമ്പുരാന് സ്വന്തം രക്തത്തില്‍ എഴുതിച്ചേര്‍ത്തതെന്ന് ഡോ.കെ.കെ.എന്‍.കുറുപ്പ് രേഖപ്പെടുത്തുന്നു.
മറക്കാനും മറയ്ക്കാനുമുള്ളതല്ല പഴശ്ശിയുടെ ‘പഴങ്കഥ.’ ഭാരതചരിത്രത്തിന്റെ സിംഹാസനത്തില്‍ ധര്മവീരമായി അത് പ്രതിഷ്ഠ നേടേണ്ടിയിരിക്കുന്നു. വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തേയും പുനഃസൃഷ്ടിക്കാന്‍ പഴശ്ശി രാജയുടെ ധീരോദാത്തമായ വചനം രണ്ടു നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും ഇന്നും നമ്മെ തേടി വരുന്നു- “ഇംഗ്ലീഷുകാരന്റെ ശക്തിയും പടക്കോപ്പും എത്ര വലുതായാലും ഞാനത് ചെറുക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. എന്റെ കഴിവിന്റെ പരമാവധി അവര്‍ക്കെതിരായി പ്രവര്‍ത്തിക്കും. ഇംഗ്ലീഷുകാര്‍ കാണിക്കുന്ന അവഹേളനത്തിനെതിരെ പ്രതികാരം ചെയ്യുകയാണ് എന്റെ ലക്ഷ്യം. എല്ലാ നാട്ടുകാരുമറിയട്ടെ, ഞാന്‍ ധര്മത്തിന് വേണ്ടി പൊരുതുകയാണ്.” പഴശ്ശിയുടെ പടവാള് കിലുക്കം സ്വാതന്ത്ര്യത്തിന്റെ അമരഗാഥയായി കാലം ഏറ്റുവാങ്ങുന്നു.
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: