പുനലൂര്‍: ദേശാടനക്കിളികള്‍ പതിവ് തെറ്റിക്കാതെ ഇക്കുറിയും കുന്തല്കുളത്ത് കൂട്ടമായി പറന്നെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും അപൂര്‍വമായി മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കുന്തല്കുളത്ത് എല്ലാവര്‍ഷവും വിരുന്നുകാരായി എത്തുക. ഇനി മൂന്നു മാസക്കാലം ഇവയുടെ ആവാസകേന്ദ്രമാണ് കുന്തല്കുളം.
പല ദേശാടനപക്ഷികളുടേയും പ്രജനനകാലം ഒക്ടോബര്‍ അവസാനവാരം മുതല്‍ ജനുവരി പകുതിവരെയാണ്.
ഈ സമയം കൂട്ടമായി പറന്നെത്തുന്ന ഈ വിരുന്നുകാര് നാട്ടുകാര്‍ക്കും പക്ഷിസ്നേഹികള്‍ക്കും നയനമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
വിദൂരത്തുനിന്നും വിരുന്നുകാരായി എത്തുന്ന ഇവരെ വരവേല്‍ക്കാന്‍ നിരവധി പക്ഷി നിരീക്ഷകരും, വന്യജീവി ഫോട്ടോഗ്രാഫര്‍മാരും കുന്തല്കുളത്ത് തമ്പടിച്ചു കഴിഞ്ഞു.
റഷ്യ, സൈബീരിയ, മലേഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നും കുന്തല്കുളത്തെ തണുപ്പും, ചതുപ്പുനിലങ്ങളും തേടിയാണ് ഇവ വര്‍ഷംതോറും എത്തുന്നത്. ആയിരത്തിലധികം ഇനങ്ങളില്പ്പേട്ട അത്യപൂര്‍വയിനം പക്ഷിജാലങ്ങളാണ് ഇവിടെയെത്തുന്നത്. പ്രജനന കാലം കഴിഞ്ഞ് സ്ഥിരതാമസമാക്കിയവരുമുണ്ട് ഇവരില്‍ ചലര്‍.
വിദേശിയര്ക്കൊപ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നിരവധി നീര്‍പക്ഷികളും ഇവിടെയെത്തുന്നുണ്ട്. പെലിക്കന്‍ ഇനത്തിലെ പക്ഷിയാണ് കൂട്ടത്തിലെ ശ്രദ്ധേയമായ ഇനം. നീര്‍ക്കാക്ക, ഉണ്ണികൊക്ക്, ഫഌമിംഗ് ഗോസ്, വര്‍ണ്ണകൊക്ക്, വെള്ളനാര്, കരണ്ടിമൂക്കന്‍, റാത്തി കൊത്തിനാര, വെള്ള അരിവാള്‍ മൂക്കന്, കറുത്ത അരിവാള്‍ മൂക്കന്, ചാമ്പന്‍ ഡള്ട്ടന് തുടങ്ങി 203-ഓളം തദ്ദേശിയ ഇനങ്ങളും കൂട്ടത്തിലുണ്ട്. സൈബിരീയയിലെ അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാനെത്തുന്ന പക്ഷിജാലങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ പെലിക്കന്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ എത്തിതുടങ്ങിയിരുന്നു. ഇനി ആഗസ്റ്റ് മാസത്തോടെ മാത്രമേ ഇവ ഇവിടെ നിന്നും പോകുകയുള്ളു.
കുന്തല്കുളത്തെ പ്രകൃതി മനോഹരമായ വയലേലകളും മരച്ചില്ലകളും നീര്‍ത്തടങ്ങളും ഒക്കെ ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണെന്നതുകൊണ്ടാണ് ദേശാടന പക്ഷികളുടെ കേദാരമായി മാറാന്‍ കുന്തല്കുളത്തിന് കഴിഞ്ഞത്.
അത്യപൂര്‍വ ഇനങ്ങളില്‍പെട്ട പക്ഷിജാലങ്ങളുടെ വരവ് ലോകശ്രദ്ധ ആകര്‍ഷിച്ചതോടെ 1994 ല്‍ തമിഴ്നാട് സര്‍ക്കാര്‍ കുന്തല്കുളം ദേശാടന പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു. ഇനി കുന്തല്കുളം ലോകഭൂപടത്തില്‍ സ്ഥാനമുറപ്പിക്കുന്ന കാലം വിദൂരമല്ല.
കരവാളൂര്‍
ബി. പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: