പാലക്കാട്: മുഖ്യമന്ത്രിയുടെ ഗണ്മാനായ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാടില്‍ വര്‍ക്കല കഹാര്‍ എംഎല്‍എക്കും കുടുംബത്തിനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കഹാറിന്റെ ഭാര്യാമാതാവിന്റെ പേരില്‍ 2007ലാണ് ഭൂമിയിട പാട് നടന്നത്. മുഖ്യമന്ത്രിയും റവന്യുമന്ത്രിയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എംഎല്‍എയുടെ പങ്ക് വെളിച്ചത്താകുമെന്ന് ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളും കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.
9 പേരുടെ ഉടമസ്ഥതയിലുള്ള 13 ഏക്കറോളം ഭൂമിയാണ് വ്യാജപ്രമാണത്തിലൂടെ വര്‍ക്കല കഹാറിന്റെ ഭാര്യാ മാതാവിന്റെ പേരിലാക്കിയിരിക്കുന്നത്. ഈ തട്ടിപ്പ് തുക ഭാര്യയും സഹോദരനും അടുത്തബന്ധുക്കളുമാണ് പങ്ക് വെച്ചതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സിനും ഇക്കാര്യം അറിയാമെങ്കിലും ഭരണാസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നതിനാണ് ശ്രമം നടത്തി വരുന്നത്. ഈ കേസില്‍ അഡ്വ ജനറല്‍ കോടതിയില്‍ ഹാജരായതും സലിം രാജിന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാക്കാത്തതും പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും അധികാരത്തിലിരിക്കുന്നവരുടെ പങ്ക് വെളിച്ചത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂമി രജിസ്ട്രേഷന് കിഴക്കേകോട്ട സബ് രജിസ്ട്രേഷന് ഓഫീസില്‍ നടത്താതെ കരംകുളത്തുള്ള വീട്ടില്‍ കഹാറിന്റെ കാര്‍മികത്വത്തിലാണ് ഭാര്യാ മാതാവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജതണ്ടപ്പേര് ഉണ്ടാക്കിയതായി വില്ലേജ് ഓഫീസര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയിരിക്കുന്നതെന്നും, സലീം രാജിന്റെ സുഹൃത്ത് ജയറാമും രജിസ്ട്രേഷനു പുറകിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2007ല്‍ ഇടത്പക്ഷ ഭരണകാലത്തും ഇത്തരം ഭൂമി തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെങ്കിലും അതെല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പ്കേസില്‍ വര്‍ക്കല കഹാറിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണം. വര്‍ക്കലകഹാര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും വ്യാജരേഖ ചമച്ചതിനും രജിസ്ട്രേഷന് നടത്തിയതിനും അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഭൂമിതട്ടിപ്പ്കേസില് ഉള്‍പ്പെട്ട കഹാറിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍ ,പി. ഭാസി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: