കൊച്ചി: തുലാവര്‍ഷം പിയൂഷവര്ഷമായി പെയ്തിറങ്ങിയ സന്ധ്യയില്‍ പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി കവി എസ്. രമേശന്‍നായര്‍ ചങ്ങമ്പുഴ പുരസ്കാരം ഏറ്റുവാങ്ങി. കവികളുടെ കവിയാണ് രമേശന്നായരെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് കേരളത്തിന്റെ ഹൃദയസരസിലെ പ്രണയപുഷ്പമായ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചു.
മലയാളഭാഷാ ദിനത്തില്‍ ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പുരസ്കാരദാനച്ചടങ്ങില്‍ പ്രശസ്ത കവി എന്‍.കെ. ദേശം രമേശന്‍നായരെ പരിചയപ്പെടുത്തിയതോടെ മൂന്ന് കവികള്‍ ചേര്‍ന്ന സമഗ്ര സൗന്ദര്യമായ സമ്മേളനമായി ചടങ്ങ് മാറി. കവിതകളില്‍ പ്രതിഭയും പ്രയത്നവും പാണ്ഡിത്യവും ഭാവഗരിമ സൃഷ്ടിക്കുന്ന കവിയാണ് രമേശന്നായരെന്ന് ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി. ആദി ദ്രാവിഡ സംസ്കാരത്തിന്റെ തനിമയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഗൃഹാതുരത്വവും രമേശന്‍നായരെ വേറിട്ട കവിയാക്കുന്നു. നമ്മുടെ നന്മകളുടെയും തായ്വേരിന്റെയും ആഴങ്ങളിലേക്ക് മടങ്ങിവരികയെന്ന സന്ദേശമാണ് രമേശന്‍നായരുടെ കവിതകളെല്ലാം നല്‍കുന്നത്. ലളിതമായി ഒഴുകുന്ന ആദര്‍ശ, സംഗീതധാരയായ അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കേണ്ടത് കവികളാണ്. താന്‍ പ്രതിഭകൊണ്ടുമാത്രം എഴുതുമ്പോള്‍ നിറഞ്ഞ മനസ്സോടെ നല്ല കവിത സൃഷ്ടിക്കാന്‍ പ്രയത്നിക്കുന്ന കവിയാണ് രമേശന്‍നായര്‍. അതുകൊണ്ടുതന്നെ ‘സച്ചിതാനന്ദം ബ്രഹ്മ’ എന്ന സൂക്തമാണ് രമേശന്‍നായരുടെ കവിതകള്‍ വായിക്കുമ്പോള്‍ ഓര്‍മ്മവരിക. ഋഷിതുല്യനായ ഈ കവി കവിതക്ക് നല്കിയ സംഭാവനകള്‍ നൂറുശതമാനവും അംഗീകരിക്കപ്പെട്ടോ എന്ന സംശയം ബാക്കിനിര്‍ത്തി, അസുരകാലത്തിന്റെ വിളയാട്ടമായി ആശ്വസിച്ചുകൊണ്ടും രമേശന്‍നായരുടെ കവിതകളെ നെഞ്ചോടുചേര്‍ത്ത് ഓമനിച്ചുകൊണ്ടും ശ്രീകുമാരന്‍ തമ്പി പറഞ്ഞുനിര്‍ത്തി.
അധിനിവേശ സംസ്കാരം അദൃശ്യമായ സുനാമിയാണെന്നും ആത്മാഭിമാനമുള്ള മലയാളികള്‍ ഈ ചതി തിരിച്ചറിയണമെന്നും മറുപടിപ്രസംഗത്തില്‍ രമേശന്‍നായര്‍ പറഞ്ഞു. അമ്മ മമ്മിയായതോടെ മലയാളം മരിച്ചു. 365 ദിവസങ്ങളില്‍ നവംബര്‍ ഒന്നിന് രാവിലെ ജനിക്കുകയും വൈകിട്ട് മരിക്കാനും വിധിക്കപ്പെട്ട മലയാളത്തെ രക്ഷിക്കാന്‍ മലയാളിതന്നെ വിചാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കവിയും ഗാനരചയിതാവുമായ രമേശന്‍നായര്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ഗ്രാമക്കുയില്‍ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിനര്‍ഹമായത്.ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. സി.വി. മോഹന്‍ ബോസ് പ്രശസ്തിപത്രം സമര്‍പ്പിച്ചു. ജിസിഡിഎ മുന്‍ ചെയര്മാന് കെ. ബാലചന്ദ്രന് അധ്യക്ഷനായിരുന്നു. ശാരിക മോഹനും ലക്ഷ്മിദാസും രമേശന്‍നായരുടെ കവിതകള്‍ ചൊല്ലി. പ്രകാശ് സ്വാഗതവും കെ.ആര്.പി. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: