തിരുവനന്തപുരം: സമഗ്രമായ ഭാഷാനയം ഉള്‍ക്കൊള്ളുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഔദ്യോഗിക ഭാഷാ വകുപ്പ്, സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സി-ഡാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജെടി ഹാളില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലോട്രവി എംഎല്‍എ അധ്യക്ഷനായി ഇക്കാര്യം സംബന്ധിച്ചുള്ള നിയമസഭാസമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളം അറിയാത്ത ഒരു വ്യക്തി പോലും നാട്ടിലുണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള മലയാളിസമൂഹവും മലയാളം അറിയണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. ഇതിനായി മലയാളം മിഷന് വഴി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. മലയാളം ഭരണഭാഷയാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. മലയാളത്തെ സ്നേഹിക്കുകയും പ്രവര്‍ത്തനരംഗത്ത് അത് പൂര്‍ണമായും ഉപയോഗിക്കുകയും വേണം. തടസ്സങ്ങള്‍ അതിജീവിച്ച് മലയാളത്തിന് അര്‍ഹമായ അംഗീകാരം വൈകിയെങ്കിലും നേടിയെടുക്കാനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളം ശ്രേഷ്ഠഭാഷയായി എന്നതുകൊണ്ടു മാത്രമായില്ല. മാതൃഭാഷയെ അംഗീകരിക്കുകയും സ്നേഹിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് വേണ്ടത്.
മലയാളത്തെ ഒന്നാം ഭാഷയാക്കുന്നതിന് സര്‍വകലാശാല ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍ നിര്‍ബന്ധിത ഭാഷയുമാക്കി.
ചില ഭാഷാ ന്യൂനപക്ഷങ്ങള്‍ ഇക്കാര്യത്തില്‍ അശങ്ക പ്രകടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ അതു ദൂരീകരിച്ചിട്ടുണ്ട്. ഭാഷാ ഭ്രാന്തല്ല ഭാഷാസ്നേഹമാണ് കേരളത്തിനുള്ളത്. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നയം സ്വീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ശാസ്ത്രഭാഷയായി രൂപപ്പെടണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്കാരികമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഇതിന് ശാസ്ത്രസങ്കേതങ്ങളുമായി ഭാഷ പൊരുത്തപ്പെടണം. ഭാഷാവികാസത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തണം. ഭാഷയെ സമ്പുഷ്ടമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കെ. മുരളീധരന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ സുഗതകുമാരി, പുതുശേരി രാമചന്ദ്രന് എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
സി-ഡാകും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി തയ്യാറാക്കിയ വിവിധ മലയാളം സോഫ്റ്റ്വെയറുകള് മുഖ്യമന്ത്രി, മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ പുറത്തിറക്കി.
ചടങ്ങില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സി-ഡാക് ഡയറക്റ്റര്‍ രമണി, എം.ആര്. തമ്പാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണഭാഷാ സേവന പുരസ്കാരവും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: