കണ്ണൂര്‍: ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളോട് തനിക്ക് വിയോജിപ്പാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റേത് തന്റേതില്‍ നിന്ന് വ്യത്യസ്ഥമായ അഭിപ്രായമാണ്. റിപ്പോര്‍ട്ടിന് മേല്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുത്. തീരുമാനമെടുക്കുമ്പോള്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു തീരുമാനം നടപ്പിലാക്കുന്നത് വിഷമകരമാണ്. ജീവജാലങ്ങളെയും ജൈവവൈവിധ്യങ്ങളെയും സംരക്ഷിച്ച് കൊണ്ടാകണം ഗാഡ്ഗില്‍ കമ്മറ്റി നടപ്പാക്കേണ്ടതെന്നും ജയറാം രമേഷ് പറഞ്ഞു.
കോണ്‍ഗ്രസ്സ് സന്ന്യാസിമാരുടെ പാര്‍ട്ടിയല്ല. സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പദ്ധതി നടപ്പാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിനെ വിലകുറഞ്ഞ പ്രചാരണമായി കാണേണ്ടതില്ല. എക്സിറ്റ് പോള്‍ ഫലങ്ങളെ കോണ്‍ഗ്രസ്സ് പരിഗണിക്കുന്നില്ല. അതിന് വിശ്വാസ്യതയില്ല. എക്സിറ്റ് പോളിനെ തെരഞ്ഞെടുപ്പിന്റെ പരിച്ഛേദമായിക്കാണുന്നില്ല. വരുന്ന അസംബ്ലി തെരഞ്ഞടുപ്പ് ഫലം എതിരായാലും ലോക സഭാതെരഞ്ഞടുപ്പില്‍ യുപിഎ അധികാരത്തില്‍ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയകളുടെ സ്വാധീനം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും എസ്പി, ബിഎസ്പി പോലുള്ള സംഘടനകളും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താറില്ലെന്നും ജയറാം രമേഷ് പറഞ്ഞു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സുരേന്ദ്രന് മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.എന്‍. ബാബു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: