അഞ്ചല്‍: കാടിന്റെ മക്കളായ ആദിവാസികളുടെ ശബ്ദവും ജീവിതവുമാണ് നാടിന്റെ നന്മയ്ക്ക് ആവശ്യമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. അരിപ്പാ ഭൂസമരഭൂമിയില്‍ സമരക്കാര്‍ കൃഷിചെയ്ത് വിളയിച്ചെടുത്ത നെല്‍പ്പാടത്ത് നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.
മണ്ണ് പണമായി മാത്രം കണ്ടവര്‍ക്ക് ബദലായി മണ്ണ് ജീവിതമാണെന്ന് കാലങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞവരാണ് ആദിവാസി സമൂഹം. മണ്ണ് അത് കൈകാര്യം ചെയ്യാന്‍ അറിയുന്നവന്റെ കയ്യില്‍ തന്നെ കിട്ടണം എന്ന സൂചനയാണ് അരിപ്പ ഭൂസമരത്തിലൂടെ തെളിയിക്കുന്നത്. ഇത് കേരളം അനുകരിക്കേണ്ട മാതൃകയാണ്. മൂന്നു സെന്റ് ഭൂമിയില്‍ ഭൂരഹിതരെ ഒതുക്കിക്കളയാമെന്നത് മിഥ്യാധാരണയാണെന്ന് ടീച്ചര്‍ പറഞ്ഞു.
ഭൂരഹിത കേരളമെന്ന് പ്രഖ്യാപിച്ച് പുകമറ സൃഷ്ടിച്ചുകൊണ്ട് ഭൂസമരങ്ങളെയും ഭൂമിക്കുവേണ്ടിയുള്ള ആവശ്യങ്ങളെയും തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. മുന്‍പും ഭൂപരിഷ്കരണം നടത്തി കൃഷിഭൂമി ഇല്ലാതാക്കി. തോട്ടവിളകളെ ഭൂപരിഷ്കരണ പരിധിയില്‍ നിന്നും ഒഴിവാക്കി വന്കുത്തകകളെ ഭൂഉടമകളാക്കിമാറ്റി.
ഇന്ന് കൃഷിവകുപ്പും, കൃഷിഓഫീസും, കൃഷിഓഫീസറും, പാടശേഖരസമിതികളും, കൊയ്ത്ത് മെതിയന്ത്രങ്ങളും ആവശ്യത്തിലധികം ഉണ്ട്. എന്നാല്‍ കൃഷി മാത്രമില്ലാത്ത അവസ്ഥയായതായി അവര്‍ പറഞ്ഞു. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള സമരമാണ് അരിപ്പാ സമരഭൂമിയില്‍ നടക്കുന്നതെന്നും സ്വന്തം?ഭൂമിയില്‍ കൃഷിചെയ്ത് വിളവെടുക്കുംവരെ ഹിന്ദുഐക്യവേദി നിങ്ങളോടൊത്തുണ്ടാകും. കോളനിവത്കരണത്തിന്റെ ദുരന്തഫലമാണ് അട്ടപ്പാടിയില്‍ നാം കണ്ടത്. പരമ്പരാഗതകൃഷി വേരറ്റതോടെ പുഴുവരിച്ച അരി മാത്രം ഭക്ഷിച്ച് പോഷകാഹാരം നഷ്ടപ്പെട്ട അമ്മമാരുടെ പിഞ്ചുകുഞ്ഞുങ്ങളാണ് അവിടെ മരിച്ചത്. കാറ്റാടിപ്പാടങ്ങളും വികസന നാടകങ്ങളും മണ്ണിന്റെ മക്കളെ ഒഴിപ്പിച്ചതാണ് ഈ ദുരന്തത്തിന് കാരണമെന്നും ടീച്ചര്‍ പറഞ്ഞു. മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള സമരം സൂചികുത്താനിടം തരാത്ത ദുര്യോധനന്മാര്ക്ക് വന്ന അനു?വം മറക്കരുതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
ഏഴേക്കര്‍ പാടത്തിലെ കൊയ്ത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷനായിരുന്നു. അഷ്ടപാലന്‍ വെള്ളാര്‍, ഉണ്ണികൃഷ്ണന്, പ്രഭാകരന്, കിളിമാനൂര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: