കാസര്‍കോട്: പ്രതിഷേധങ്ങളും പരാതികളും അവഗണിച്ച് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഈ മാസം ഒമ്പതിന് തന്നെ നടത്താന്‍ പിഎസ്സി തീരുമാനം. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലെ പരീക്ഷ മറ്റീവ്ക്കണമെന്നാണ് നേരത്തെ ആവശ്യമുയര്‍ന്നത്. നവംബര്‍ ഒമ്പതിന് ദേശസാത്കൃത ബാങ്കുകളിലേക്കുള്ള ഐബിപിഎസ് പൊതുപ്രവേശന പരീക്ഷയും നടക്കുന്നുണ്ട്. ഒരേ ദിവസം തന്നെ രണ്ട് പ്രധാന പരീക്ഷകള്‍ നടക്കുന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തും. ഒരു ലക്ഷത്തിലധികം പേരെ പിഎസ്സിയുടെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിവിധ യുവജന, രാഷ്ട്രീയ സംഘടനകള്‍ പരീക്ഷ മറ്റീവ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പിഎസ്സി ചെയര്മാന് ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങളും ലഭിച്ചു. എന്നാല്‍ പരീക്ഷ മാറ്റേണ്ടതില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് അതത് ജില്ലാ ഓഫീസുകളില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായി 264915 ഉദ്യോഗാര്‍ത്ഥികള്‍ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷകരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 214892 പേര്. കൂടുതല്‍ അഭ്യസ്ത വിദ്യരുള്ള ഇവിടെ പിഎസ്സി പരീക്ഷകളെ ഗൗരവപൂര്‍വ്വം സമീപിക്കുന്നവരും നിരവധിയാണ്. തിരുവനന്തപുരത്തിനുപുറമെ കോട്ടയം വരെയുള്ള മറ്റ് നാല് ജില്ലകളിലുമായാണ് പരീക്ഷ നടക്കുന്നത്. 50023 അപേക്ഷകരുള്ള കാസര്‍കോട് തൊഴില്‍ പരമായി ഏറെ പിന്നോക്കം നില്ക്കുന്ന ജില്ലയാണ്. കാസര്‍കോടിനുപുറമെ കണ്ണൂരിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. എല്‍ഡി ക്ലര്‍ക്ക് പരീക്ഷ എഴുതുന്നവരില്‍ പകുതിയിലേറെ പേര് ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള ഐബിപിഎസ് പൊതു പ്രവേശന പരീക്ഷ എഴുതുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പിഎസ്സിയുടെ കടുംപിടുത്തം ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പരീക്ഷ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്ന സമയത്ത് പരീക്ഷ മാറ്റി വെക്കുന്നത് പ്രായോഗികമല്ലെന്നാണ് പിഎസ്സിയുടെ വാദം. ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസും ഉള്‍പ്പെടെ പൂര്‍ത്തിയായെന്നും മാറ്റിവെച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞ് മാത്രമേ നടത്താന്‍ സാധിക്കുകയുളളൂവെന്നും പിഎസ്സി പറയുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പിഎസ്സിയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: