പത്തനംതിട്ട: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നത് തടയാന്‍ കെജിഎസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള കമ്പനി ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥുമായി ചര്‍ച്ച നടത്തി. കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള 214 ഏക്കര്‍ രക്ഷിച്ചെടുക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി.നന്ദകുമാര്‍ ജില്ലാ നേതൃത്വവുമായി ചര്‍ച്ചയ്ക്കൊരുങ്ങിയത്. മുമ്പ് വിമാനത്താവള പദ്ധതിക്കായി മൗണ്ട്സിയോന്‍ ട്രസ്റ്റ് ചെയര്മാന് എബ്രഹാം കലമണ്ണില്‍ വാങ്ങിയ 232 ഏക്കര്‍ കോഴഞ്ചേരി താലൂക്ക് ലാന്റ്ബോര്‍ഡ് ചെയര്മാന് മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ബാക്കി ഭൂമിയും കമ്പനിക്ക് നഷ്ടപ്പെടുമെന്ന് സൂചനയുണ്ടായിരുന്നു.
വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് സ്ഥലം വാങ്ങിക്കൂട്ടിയത് മൂന്നിലധികം വില്ലേജുകളിലാണ്. ഇവയെല്ലാം വ്യത്യസ്ഥ പ്രദേശങ്ങളിലുമാണ്. കമ്പനിയുടെ ഉദ്ദേശം വിമാനത്താവള നിര്‍മ്മാണമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ആറന്മുള വിമാനത്താവള പദ്ധതിയുടെ മറവില്‍ ഭൂമി സമ്പാദിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഭൂമി സംബന്ധമായ കേസുകളില്‍ കമ്പനിക്ക് അനുകൂലമായ നിലപാട് അധികൃതര്‍ സ്വീകരിക്കണമെന്നും കെജിഎസ് ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍ മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട 232 ഏക്കര്‍ ഭൂരഹിതര്‍ക്ക് വിതിച്ചു നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അല്ലെങ്കില്‍ നിലവിലുള്ള ഭൂപരിഷ്ക്കരണ നിയമം ഭേദഗതിചെയ്യേണ്ടതായി വരും. ഭൂപരിഷ്ക്കരണ നിയമപ്രകാരം വ്യക്തിക്കോ, ട്രസ്റ്റിനോ വ്യക്തമായ കാരണം കാട്ടാതെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങാനാവില്ല. ഈ അവസരത്തിലാണ് വ്യത്യസ്ത വില്ലേജുകളിലായി കെജിഎസ് ഗ്രൂപ്പ് വിമാനത്താവളത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടിയ ഏക്കര്‍കണക്കിന് ഭൂമി നിയമവ്യവസ്ഥയെ മറികടന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യത്തിന് അനുമതി ലഭിച്ചാല്‍ അത് വന്‍ ഭൂമിതട്ടിപ്പിലേക്കായിരിക്കും വഴിതെളിക്കുക.
ദീര്‍ഘ അവധിയില്‍ പ്രവേശിച്ചിരുന്ന ജില്ലാ കളക്ടര്‍ ഇന്നലെയാണ് ചാര്‍ജ്ജെടുത്തത്. ഉടന്‍തന്നെ തിടുക്കപ്പെട്ട് കെജിഎസ് ഗ്രൂപ്പുമായി ചര്‍ച്ചയ്ക്കൊരുങ്ങിയത് വിമാനത്താവള കമ്പനിയുടെ ഭരണനേതൃത്വത്തിലെ സ്വാധീനം വെളിപ്പെടുത്തുന്നു. എഡിഎം എച്ച്. സലിംരാജ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി അറിയുന്നു. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കാതെയാണ് കെജിഎസ് ഗ്രൂപ്പുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയത്. ഇതോടെ ആറന്മുള വിമാനത്താവളത്തിന്റെ മറവിലെ ഭൂമിതട്ടിപ്പ് സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: