കോട്ടയം: കേരളത്തിന്റെ മണ്ണില്‍ സ്വയം ചരിത്രം രചിച്ച ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദിയിലേക്ക് പ്രവേശിച്ചു. ശതാബ്ദി ആഘോഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായി സ്ഥാപകദിനമായ ഇന്നലെ സംസ്ഥാനത്തുടനീളം പതാകദിനാചരണം നടന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം ഔപചാരികമായി തുടക്കം കുറിക്കുന്നത് മന്നം ജയന്തി ആഘോഷത്തിന് ആരംഭമാകുന്ന 2014 ജനുവരി ഒന്നിനാണ്. 2015 ജനുവരി 2ന് സമാപിക്കും.
‘കരയുന്നവന് ജീവിക്കുവാനുള്ള ലോകമല്ലിത്. പൗരഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കുവാന്‍ മാര്‍ഗ്ഗമുള്ളൂ” എന്ന് പ്രഖ്യാപിച്ച് 1914 ഒക്ടോബര്‍ 31ന് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ പെരുന്നയിലെ 13 സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് രൂപീകൃതമായ നായര്‍ ഭൃത്യജനസംഘമാണ് എന്‍എസ്എസിന് വഴിയൊരുക്കിയത്. മന്നത്തിന്റെ മാതാവ് കൊളുത്തിയ ഭദ്രീപത്തെ സാക്ഷിനിര്‍ത്തി പ്രതിജ്ഞയെടുത്താണ് സംഘടനയ്ക്ക് രൂപം നല്കപ്പെട്ടത്. ഇത് കൂടുതല്‍ വിപുലീകരിക്കണമെന്ന ആശയം വന്നതോടെയാണ് ഒരു വര്‍ഷത്തിനുശേഷം കേരള രാഷ്ട്രീയത്തിലെ അവസാനവാക്കായി മാറിയ നായര്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകൃതമായത്. 2014 ഒക്ടോബര്‍ 31 ആകുമ്പോള്‍ എന്‍എസ്എസ് രൂപീകൃതമായിട്ട് 100 വര്‍ഷം തികയും.
ശ്രീമൂലം തിരുനാള്‍ ആഘോഷവേളയില്‍ നായര്‍ സമുദായം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് 1913ല്‍ മന്നത്തിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി കേന്ദ്രമാക്കി ആരംഭിച്ച വിജയദശമി നായര്‍ മഹാസമ്മേളനം ശതാബ്ദിയിലെത്തിയിരിക്കെയാണ് മാതൃസംഘടനയും നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഭൂരിപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ എസ്എന്‍ഡിപിയും എന്‍എസ്എസും കൈകോര്‍ത്തിരിക്കുന്ന വേളയിലാണ് ശതാബ്ദിയാഘോഷങ്ങള്‍ നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സാമൂഹ്യനീതിക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്ത്തിവരുന്ന എന്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ രംഗങ്ങളിലും ചലനങ്ങളുണ്ടാക്കിയേക്കാമെന്ന നിരീക്ഷണവും ഉണ്ട്.
ആര്‍ഭാടമായ ആഘോഷങ്ങളേക്കാള്‍ സമുദായാംഗങ്ങളുടെ ശാക്തീകരണത്തിന് സഹായകമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനാണ് ശതാബ്ദിവര്‍ഷത്തില്‍ എന്‍എസ്എസ് നേതൃത്വം വിഭാവനം ചെയ്തിരിക്കുന്നത്. തുടങ്ങിവെച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണവും, കൂടുതല്‍ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതികളും നടപ്പാക്കും. പെരുന്നയിലെ മന്നത്തിന്റെ പേരിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്ത്തനക്ഷമമാക്കുന്നതായിരിക്കും ശതാബ്ദിവേളയില്‍ ആദ്യം നടക്കുക. ഇന്നലെ പതാകദിനാചരണം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തിനു പുറമേ 59 താലൂക്ക് യൂണിയന് ആസ്ഥാനങ്ങളിലും 5600 ഓളം വരുന്ന കരയോഗങ്ങളിലും നടന്നു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: