പാലക്കാട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ കവിത ജി. പിള്ളയെ ഖരമാലിനസംസ്കരണ പ്ലാന്റ് പദ്ധതിയുമായി പാലക്കാട് നഗരസഭയെ സമീപിച്ചതായി ചെയര്മാന് കെ. അബ്ദുള്ഖുദ്ദീസ് പറഞ്ഞു. ഇവരെ അയച്ചത് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണെന്നും നഗരസഭാ ചെയര്മാന് ആരോപിച്ചു.?2011 ലാണ് കവിതാ പിള്ള നഗരസഭയില്‍ പദ്ധതിയുമായെത്തിയത്. മാലിന്യനിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ?ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ തന്നെ പ്രൊപ്പോസലുമായി കവിതാ പിള്ള വരികയായിരുന്നു.?12 കോടിയോളം രൂപയുടെ പദ്ധതിയാണ് ഇവര്‍ സമര്‍പ്പിച്ചത്. പദ്ധതിക്ക് നഗരസഭ അനുമതി നല്കിയാല് മാത്രം മതിയെന്നും സര്‍ക്കാര്‍ സബ്സിഡി കമ്പനി തന്നെ ശരിയാക്കാമെന്ന് ഇവര്‍ അറിയിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയാണെന്ന വ്യാജേനയാണ് കവിതാ പിള്ളയും സംഘവും എത്തിയതെന്നും ചെയര്മാന് വെളിപ്പെടുത്തി.
എന്നാല്‍ പാലക്കാട് നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതികളുമായി വന്നിട്ടുള്ളവരെ ബന്ധപ്പെട്ട അധികൃതരുമായോ നഗരസഭാ ചെയര്‍മാനുമായോ ബന്ധപ്പെടാന്‍ മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്ന് ഷാഫിപറമ്പില്‍ ജന്മഭൂമിയോടു പറഞ്ഞു. ആ സമയത്ത് എല്ലാ നഗരസഭകളിലും ഖരമാലിന്യസംസ്ക്കരണ പ്ലാന്റ് ആരംഭിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത്തരമൊരു പ്രസ്താവന വന്നതിനെ തുടര്‍ന്നായിരിക്കും അവര്‍ ചെയര്‍മാനെ സമീപിച്ചിട്ടുണ്ടാവുകയെന്നും ഷാഫി പറഞ്ഞു.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കവിതാ പിള്ള. ഇവരുടെ കമ്പനി മറ്റ് ചില പദ്ധതികളുടെ പേരില്‍ കൂടി തട്ടിപ്പ് നടത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാലക്കാട് നഗരസഭാ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. തന്റെ തട്ടിപ്പ് കേസില്‍ പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് വയനാട്ടില്‍ അറസ്റ്റിലായ സമയത്ത് കവിതാ പിള്ള മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. നഗരസഭയില്‍ ഖരമാലിന്യസംസ്ക്കരണ യൂണിറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്നരകോടിയോളം രൂപ തട്ടിയെടുക്കാനായിരുന്നു കവിതാ പിള്ള ശ്രമം നടത്തിയിരുന്നത്.
പാലക്കാട് നഗരസഭയിലെ ഖരമാലിന്യപ്ലാന്റില് നിന്ന് ജൈവവളം നിര്‍മിക്കാമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ യുണൈറ്റഡ് ഇക്കോ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കവിത നഗരസഭയ്ക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നത്. പദ്ധതിക്ക് നഗരസഭ?അനുമതി നല്കിയാല് മൂന്നുകോടി രൂപയുടെ ഉപകരണങ്ങള്‍ സര്‍ക്കാര്‍ യുണൈറ്റഡ് ഇക്കോ സര്‍വീസസിന് സൗജന്യമായി നല്‍കുമെന്ന് ഇവര്‍ നഗരസഭയെ ധരിപ്പിച്ചിരുന്നു. വിശ്വാസം നേടിയെടുക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുമായാണ് നഗരസഭയ്ക്ക് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതി വിശദമാക്കാന്‍ 2011 ആഗസ്ത് 23ലെ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഇവര്‍ പങ്കെടുത്തു. ദിവസേന 50 ടണ്‍ മാലിന്യം സംസ്ക്കരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്ലാന്റിന്റെ നിര്‍മാണം തുടങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ നഗരസഭപിന്മാറുകയായിരുന്നു. കൗണ്‍സില്‍മാര്‍ക്ക് വിദേശ ടൂര്‍, ലക്ഷങ്ങളുടെ കമ്മീഷന് തുടങ്ങിയവയും കവിത വാഗ്ദാനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: