മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെയും ലോകത്തിലെ ഏറ്റവും വിലപിടിച്ച താരം ഗരെത്ത് ബെയ്ലിന്റെ (2)യും ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമയുടെ (2)യും ഗോളുകളുടെ കരുത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് റയല്‍ സെവിയയെ തകര്‍ത്തു തരിപ്പണമാക്കി. 76-ാം മിനിറ്റില്‍ സെവിയയുടെ സ്റ്റീഫന്‍ എംബിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ബെന്‍സേമയും ബെയ്ലുമാണ് റയലിന്റെ വിജയശില്പികള്.
മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് റയല്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. കരിം ബെന്‍സേമ തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ബോക്സിനുള്ളില്‍ നിന്ന് ഗരെത്ത് ബെയ്ല് ഉതിര്‍ത്ത ഷോട്ട് പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ തറച്ചുകയറി. 17-ാം മിനിറ്റില്‍ ബെയ്ലിന്റെ മറ്റൊരു ശ്രമം സെവിയ ഗോളി രക്ഷപ്പെടുത്തി. 27-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ബെയ്ല് വലയില്‍ കയറ്റിയത്. അഞ്ച് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ ലീഡ് ഉയര്‍ത്തി. ഇസ്കോയോ ബോക്സിനുള്ളില്‍ വച്ച് ഫെര്‍ണാണ്ടോ നവാരോ വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ റയലിന്റെ ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സെവിയ രണ്ട് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി റയലിനെ ഞെട്ടിച്ചു. 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇവാന് റാകിറ്റിക്കും 40-ാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയുമാണ് റയല്‍ വലകുലുക്കിയത്. ആദ്യ പകുതിയില്‍ റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
പിന്നീട് 53-ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ബെയ്ല് ഒരുക്കിക്കൊടുത്ത അവസരത്തിനൊടുവിലാണ് ബെന്‍സേമ സെവിയ വല കലുക്കിയത്. 60-ാം മിനിറ്റില്‍ ബെയ്ല് നല്കിയ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ ഗോള്‍ നേട്ടം അഞ്ചാക്കി. 63-ാം മിനിറ്റില്‍ റാക്കിറ്റിക് സെവിയക്ക് വേണ്ടി ഒരുഗോള്‍ കൂടി മടക്കി. എന്നാല്‍ 71-ാം മിനിറ്റില്‍ ബെന്‍സേമയുടെ പാസില്‍ നിന്ന് ക്രിസ്റ്റ്യനോ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പിന്നീട് 80-ാം മിനിറ്റില്‍ ബെന്‍സമ തന്റെ രണ്ടാം ഗോളും നേടിയതോടെ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
മറ്റ് മത്സരങ്ങളില്‍ ഒസാസുന ഒന്നിനെതിരെ റയോ വയ്യക്കാനോയെയും അല്‍മേറിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെയും പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ വല്ലഡോളിഡും റയല്‍ സോസിഡാഡും തമ്മിലുള്ള മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റ ഡി വീഗോയെ പരാജയപ്പെടുത്തി സീസണിലെ 10-ാം വിജയം സ്വന്തമാക്കിയിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് രണ്ടാമതും 11 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: