ലക്നൗ: പ്രമുഖ ആക്ഷേപ സാഹിത്യകാരന് പത്മശ്രീ കെ.പി. സക്സേന (81) അന്തരിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി ആക്ഷേപ ഹാസ്യരംഗത്ത് നിറഞ്ഞുനിന്നിരുന്ന സക്സേന 1950 കളില്‍ ചെറുകഥാ രചനയിലൂടെയാണ് സാഹിത്യരംഗത്തേക്ക് പ്രവേശിക്കുന്നതെങ്കിലും തുടക്കത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രസാധകര് നിരാകരിക്കുകയായിരുന്നു.
ആള് ഇന്ത്യ റേഡിയോക്ക് വേണ്ടി നാടകങ്ങള്‍ രചിക്കുകയും കോളം എഴുതുകയും ചെയ്തതോടെയാണ് അദ്ദേഹത്തിലെ പ്രതിഭയ്ക്ക് അംഗീകാരം ലഭിക്കുന്നത്. 1975 ല്‍ ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ നാടകകൃത്തായി മാറി. അധികം വൈകാതെ നടന് എന്ന നിലയിലും സക്സേന അറിയപ്പെടാന്‍ തുടങ്ങി.
ടെലിവിഷനിലൂടെ ലഭിച്ച ജനപ്രീതി അദ്ദേഹത്തിന് ഹാസ്യ കവി സമ്മേളനത്തിലേക്കുള്ള വഴിയൊരുക്കി. ഗദ്യങ്ങളും പദ്യങ്ങളും വായിക്കുന്നതില്‍ സക്സേനയ്ക്കുള്ള പ്രത്യേക കഴിവ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി മാറ്റി. ഹിന്ദി സാഹിത്യ ലോകത്തിന് അദ്ദേഹം നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് 2000 ത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.
ലഗാന്‍, സ്വദേശ്, ജോധ അക്ബര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഭാഷണം രചിച്ചത് സക്സേനയായിരുന്നു. ഹല്ചല് എന്ന ഹിന്ദി ചിത്രത്തിനും നിരവധി ഭോജ്പുരി ചിത്രങ്ങള്‍ക്കും വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: