കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസ്സില്‍ അന്തിമവാദം ആരംഭിച്ചു. സിപിഎമ്മിനും നേതാക്കള്‍ക്കും ഭീഷണിയാകുമെന്ന തോന്നലിനെത്തുടര്‍ന്നാണ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. ശ്രീധരന് കോടതിയില്‍ വാദിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയവിരോധം തീര്‍ക്കാനായിരുന്നു വധം. 2009 മുതല്‍ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനായി ശ്രമങ്ങള്‍ നടന്നിരുന്നു.
സിപിഎമ്മിലെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖരന് രൂപീകരിച്ച ആര്‍എംപി ഒഞ്ചിയം മേഖലയില്‍ സിപിഎമ്മിന് നല്കിയ തിരിച്ചടിയും വിവിധ തെരഞ്ഞെടുപ്പുകളില്‍ ഏല്‍പ്പിച്ച പരാജയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സാക്ഷിമൊഴികള്‍ ചൂണ്ടിക്കാട്ടി അഡ്വ. സി.കെ. ശ്രീധരന് വാദിച്ചു. 2012 ഏപ്രില്‍ രണ്ടിന് പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലും തുടര്‍ന്ന് ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്സിലും കുഞ്ഞനന്തന്റെ പാറാട്ടെ വസതിയിലും നടന്ന ഗൂഢാലേചനകളെക്കുറിച്ചും സാക്ഷികള്‍ നല്കിയ മൊഴികള്‍ സംഭവവുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി അദ്ദേഹം വാദിച്ചു. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സിപിഎം നേതാക്കളാണെന്നും അഡ്വ. സി.കെ. ശ്രീധരന് പറഞ്ഞു. ഏഴംഗ കൊലയാളി സംഘത്തിന്റെ പങ്കും അണിയറയില്‍ ഒത്താശ ചെയ്ത നേതാക്കളുടെ പങ്കും പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ എരഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതിയില്‍ ആരംഭിച്ച അന്തിമവാദത്തിലാണ് ഗൂഢാലോചനയുടെ ചുരുള്‍ നിവര്‍ത്തി പ്രോസിക്യൂഷന് വാദം. വിസ്തരിച്ച 166 സാക്ഷികളുടെ മൊഴികള്‍ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് പ്രോസിക്യൂഷന് അന്തിമവാദം നടത്തുന്നത്. കൊലപാതകം നേരില്‍ കണ്ട സാക്ഷികളുടെ മൊഴികള്‍, മറ്റ് സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ വാദത്തിനിടയില്‍ പ്രത്യേകം എടുത്തു പറഞ്ഞു. കൃത്യം നിര്‍വ്വഹിക്കുന്നതില്‍ പങ്കാളികളായ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചും പ്രോസിക്യൂഷന് വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ വിചാരണ നടപടികള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കി വിധിപറയണമെന്നാണ് ഹൈക്കോടതി ഉത്തരവ്. 2012 മെയ് നാലിന് രാത്രിയാണ് വള്ളിക്കാട്ട് വെച്ച് ടി.പി ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ കൊലയാളിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: