തിരുവനന്തപുരം: കണ്ണൂരിലെ ഇടതുപക്ഷ സമരത്തിനിടെയുണ്ടായ കല്ലേറില്‍ നെഞ്ചിലേറ്റ പരുക്ക് തുറന്നുകാട്ടി മുഖ്യമന്ത്രി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ഉടുപ്പിന്റെ ബട്ടണ്‍ അഴിച്ച് നെഞ്ചിലേറ്റ കല്ലില്നിന്നുള്ള പരുക്ക് മുഖ്യമന്ത്രി കാട്ടിയത്. ആശുപത്രിയില്‍ കിടന്നത് സഹതാപ നാടകമാണെന്നും മുഖ്യമന്ത്രിയുടെ നെഞ്ച് ലോഹക്കൂടുകൊണ്ടുള്ളതാണെന്നും സിപിഎം സെക്രട്ടറി പിണറായി വിജയന് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
മുറിവില്‍ ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ ഇളക്കിമാറ്റി മുറിവിന്റെ ആഴം ബോധ്യപ്പെടുത്തി. നെഞ്ചില്‍ തൊലിയിളകി തടിച്ച വലിയ പാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുറിവ് തുറന്നു കാട്ടിയ ശേഷം വീണ്ടും ഒട്ടിച്ചുവച്ചു. തന്റെ നെഞ്ച് ലോഹംകൊണ്ടുണ്ടാക്കിയതല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എന്ന ഭാവമായിരുന്നു മുഖ്യമന്ത്രിക്ക്.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ സഞ്ചരിക്കാനും പുറത്തിറങ്ങാനും അനുവദിക്കില്ലെന്നതാണ് ഇടതുമുന്നണിയുടെ നയമെങ്കില്‍ അതിന് അവര്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചാല്‍ ഇനി ജനങ്ങളുടെ പ്രതികരണമുണ്ടാകും. നിയമം കയ്യിലെടുത്തുള്ള നടപടികളൊന്നുമുണ്ടാകില്ലെങ്കിലും ജനങ്ങള്‍ക്ക് ഇനി നോക്കിയിരിക്കാനാകില്ല. കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനത്തിലുണ്ട്. ഇതിനിടയില്‍ പലതവണ കണ്ണൂരില്‍ പോയിട്ടുണ്ട്. അതില്‍ കൂടുതലും അവിടുത്ത സിപിഎമ്മുകാരാല്‍ ആക്രമിക്കപ്പെട്ട, കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദുഃഖത്തില്‍ പങ്കു ചേരാനായിരുന്നു. അതുമായി തട്ടിച്ചു നോക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം ഒന്നുമല്ല. ഇടതുപക്ഷത്തിന്റെ ഈ നിലപാട് ശരിയാണോ എന്ന് അവര്‍തന്നെ ചിന്തിക്കണം. കണ്ണൂരില്‍ പോലീസിന്റെ നടപടി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കണ്ണൂരില്‍ ഉണ്ടായ സംഭവങ്ങളുടെ എല്ലാവശവും അന്വേഷണത്തില്‍ വ്യക്തമാകും. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: