ഇസ്ലാമാബാദ്: അമേരിക്ക നടത്തിയ ആളില്ലാ വിമാനാക്രമണങ്ങളില്‍ 2100 സൈനികരും 67 പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാന് . അമരിക്ക ആളില്ലാ വിമാനങ്ങള്‍ വഴി ആദിവാസിമേഖലയില്‍ നടത്തുന്ന ആക്രമണങ്ങളുടെ നൈതികത ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ആളില്ലാവിമാനാക്രമണങ്ങളില് കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് പാക് ആഭ്യന്തരമന്ത്രി ഇതിനെ പിന്തുണക്കുന്ന പ്രസ്താവന നടത്തിയത്.
യുദ്ധക്കുറ്റങ്ങള്‍ക്ക് സമാനമായ ആക്രമണങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും അടുത്തിടെ വിമര്‍ശിച്ചിരുന്നു. അമേരിക്ക നടത്തുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പാക്കിസ്ഥസ്ഥാന് വൈകാരിക പ്രശ്നമായാണ് ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ച്ച വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആക്രമണങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് നടത്തുന്നതെന്നും ഇതുവഴി ഒട്ടേറെ ഭീകരരെ കൊലപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് അമേരിക്കയുടെ വാദം.
പാക്കിസ്ഥാനില്‍ നടന്ന ഭീകരക്രമണങ്ങളില്‍ 12,404 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിസാര്‍ ചൗധരി അറിയിച്ചു. 2002 മുതല്‍ 6149 ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 13,223 പേര്‍ക്ക് വധിക്ഷ വിധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവരില്‍ 501 പേരെ മാത്രമേ തൂക്കിക്കൊന്നിട്ടുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഭീകരവിരുദ്ധ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്നും പാക് ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: