കൊച്ചി: വൈറ്റില മൊബിലിറ്റി ഹബില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചതിന് അറസ്റ്റിലായ പോലീസുകാരന്കോടതി ജാമ്യം അനുവദിച്ചു. ക്രൈംബ്രാഞ്ച് ഉന്നതര്‍ ഇടപെട്ട് കേസ് ദുര്‍ബലപ്പെടുത്തിയതിനാലാണ് പ്രതിയായ പോലീസുകാരന് ജാമ്യം ലഭിക്കാന്‍ ഇടയായതെന്നാണ് സൂചന. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കായംകുളത്തേക്കുള്ള ബസില്‍ കയറുന്നതിനിടെ റിട്ടയേര്‍ഡ് എസ്പിയുടെ മകളായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ചിലെ സിപിഒ സി.പി. സുരേഷ് (42) കയറിപ്പിടിച്ചെന്നാണ് കേസ്.
നാട്ടുകാരും യാത്രക്കാരും കൈകാര്യംചെയ്ത പ്രതിയെ മരട് പോലീസ് സ്റ്റേഷനിലെത്തിച്ചാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം സൗത്ത് സിഐ ജി. വേണുവിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന മൊബിലിറ്റി ഹബിലെത്തി പോലീസ് സാക്ഷിമൊഴികളും മറ്റും രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ അറസ്റ്റിലായ സിപിഒ സുരേഷിന്റെ ഭാര്യയും മകളും മരട് സ്റ്റേഷനിലെത്തിയിരുന്നു. വൈകിട്ട് വരെ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് പ്രതിയെ വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
ക്രൈംബ്രാഞ്ചിലെ ഉന്നതര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും കേസ് ദുര്ബലമാക്കുവാന് നീക്കമുണ്ടെന്നും ഇന്നലെ ഉച്ചയോടെതെന്ന പുറത്ത് സംസാരമുണ്ടായിരുന്നു. തന്നെ പിന്നില്‍നിന്നും കയറിപ്പിടിച്ചയാളെ താന്‍ വ്യക്തമായി കണ്ടില്ലെന്ന് സംഭവം വിശദീകരിക്കുന്നതിനിടെ പരിഭ്രാന്തയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇത് മൊഴിയായി രേഖപ്പെടുത്തിയാണ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് ലഭ്യമായ വിവരം. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഉപാധികളില്ലാതെ പ്രതിയായ പോലീസുകാരന് ജാമ്യം നല്കി വിട്ടയക്കുകയായിരുന്നു.
കേസ് ദുര്‍ബലമാക്കാന്‍ ക്രൈംബ്രാഞ്ച് ഉന്നതരും പോലീസിലെ ചിലരും ഇടപെട്ടതായി വ്യക്തമായിട്ടുണ്ട്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ പെണ്‍കുട്ടിയുടെ അച്ഛനെയും സമ്മര്‍ദ്ദത്തിലാക്കി കേസ് ഒതുക്കാന്‍ നീക്കം നടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: