ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ വേണ്ടി ബീഗം ഖാലിദ സിയയുടെ കീഴിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം രൂക്ഷം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ മൂന്നാം ദിനം രാജ്യത്ത് പരക്കം അക്രമം അരങ്ങേറി. പലേടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മിക്ക സ്ഥലങ്ങളിലും സമരക്കാര്നാടന് ബോംബുകള്‍ പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഴ്ച്ചാവസാനം അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 15പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ അടിയന്തരമായി രാജിവയ്ക്കണമെന്നാണ് ഖാലിദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷണിലസ്റ്റ് പാര്‍ട്ടിയുടെ ആവശ്യം. സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിച്ച് അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന അവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തുല്യപ്രാധാന്യമുള്ള കീയര്‍ടേക്കര്‍ ഭരണകൂടം ആവാമെന്നു ഹസീന വ്യക്തമാക്കി. ഇതംഗീകരിക്കാത്ത ഖാലിദ സിയ പതിനേഴ് കക്ഷികളെയും കൂട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
ഖാലിദ സിയയെ ശനിയാഴ്ച്ച ടെലഫോണില്‍ ബന്ധപ്പെട്ട ഹസീന പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ, അതു തള്ളിയ ബിഎന്‍പി സമരവുമായി മുന്നോട്ടുപോയി.
ബംഗ്ലാദേശിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ രണ്ടു പതിറ്റാണ്ടിലേറെയായി അടക്കിഭരിക്കുന്ന ഹസീനയയും ഖാലിദാ സിയയും തമ്മിലെ കിടമത്സരം ആ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ പത്തവര്ഷത്തിനിടെ ഹസീനയും ഖാലിദ സിയയും പരസ്പ്പരം മിണ്ടിയത് ശനിയാഴ്ച്ചയായിരുന്നു. ഇരുനേതാക്കളും തങ്ങളുടെ താത്പര്യ സംരക്ഷണത്തിനായി അനുയായികളെ തെരുവിലിറക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: