കാസര്‍കോട്: മൂന്നാഴ്ചക്കുള്ളില്‍ റോഡുകള്‍ നന്നാക്കിത്തരുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിണ്റ്റെ പ്രഖ്യാപനത്തിന് മാസങ്ങള്‍ പിന്നിടുമ്പോഴും ജില്ലയില്‍ പ്രവൃത്തി ആരംഭിച്ചിട്ടുപോലുമില്ല. അറ്റകുറ്റപ്പണിക്കായി റോഡരികില്‍ മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നതാണ് പൊതുമരാമത്ത് വകുപ്പിന് ആകെ ചൂണ്ടിക്കാണിക്കാനുള്ളത്. തുക അനുവദിച്ചിട്ടും മരാമത്ത് പ്രവൃത്തികള്‍ ആരംഭിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം കാസര്‍കോട്ട് വീണ്ടും വ്യക്തമാക്കി. എന്നാല്‍ മഴമാറാതെ പണി എങ്ങനെ തുടങ്ങുമെന്നാണ് മന്ത്രിയോട് ഉദ്യോഗസ്ഥരുടെ ചോദ്യം. മഴസമയത്ത് റോഡ് പണി പാടില്ലെന്ന വകുപ്പിണ്റ്റെ സര്‍ക്കുലറും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ ദുരിതയാത്ര ഇനിയും നീളുമെന്നര്‍ത്ഥം. ജില്ലയില്‍ ൧൫൦൦ ഓളം കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്നത്. ഇതില്‍ പലയിടങ്ങളിലായി അറ്റകുറ്റപ്പണി ആവശ്യമുള്ളത് മുന്നൂറ് കിലോമീറ്ററോളം വരും. പത്ത് കിലോമീറ്റര്‍ പോലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ൩൪ കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് മാസം ഒന്നു കഴിഞ്ഞു. പ്രവൃത്തി ആരംഭിക്കാത്തത് മഴകാരണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആരിക്കാടി-പുത്തിഗെ, സീതാഗോളി-പുത്തിഗെ, തെക്കില്‍-ആലട്ടി, കല്ലടുക്ക-ചെര്‍ക്കള. മംഗല്‍പ്പാടി-ബാഡൂറ്, ചെറുപുഴ-വെള്ളരിക്കുണ്ട്, കുമ്പള-ബദിയടുക്ക, പാണത്തൂര്‍-കാഞ്ഞങ്ങാട് റോഡുകള്‍ തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞു. മിക്കയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണിപ്പോലും നടക്കാത്ത റോഡുകളും ഉണ്ട്. റോഡ് റീടാര്‍ ചെയ്യണമെന്ന് ആവശ്യമുയരുമ്പോഴാണ് അറ്റകുറ്റപ്പണി തന്നെ നീണ്ടുപോകുന്നത്. പഞ്ചായത്തിന് കീഴിലുള്ള ഗ്രാമീണ റോഡുകളായാലും സ്ഥിതി വ്യത്യസ്തമല്ല. യഥാവിധം ഫണ്ട് ലഭിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റോഡ് തകര്‍ന്ന് കാല്‍നട യാത്രപ്പോലും ദുസ്സഹമായതോടെ ചിറ്റാരിക്കാല്‍, കോടോംബേളൂറ്‍ തുടങ്ങിയ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്. അതിര്‍ത്തി ഗ്രാമങ്ങളിലും സമാന ദുരിതമാണ്. ദേശീയ പാതയില്‍ കറന്തക്കാട്ട് മാത്രമാണ് അറ്റകുറ്റപ്പണി നടന്നിരിക്കുന്നത്. മൊഗ്രാല്‍പാലം, കുമ്പള, ഉപ്പള, ഏരിയാല്‍, ചൗക്കി, മൊഗ്രാല്‍പുത്തൂറ്‍ എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്നു. മംഗലാപുരം ബസ്സുകള്‍ ഇതുമൂലം വൈകി സര്‍വ്വീസ് നടത്തേണ്ടി വരുന്നതും പതിവാണ്. മന്ത്രി വരുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസം നഗരത്തില്‍ കുഴികള്‍ കല്ലിട്ടുനിറയ്ക്കാന് ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. കാസര്‍കോട് പ്രസ്ക്ളബ് ജംഗ്ഷനുസമീപമാണ് ടാര്‍ ഇല്ലാതെ ടാറിംഗ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മുതിര്‍ന്നത്. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാട് റൂട്ടില്‍ ചന്ദ്രഗിരി വഴിയുള്ള ഗതാഗതം പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതുമൂലം ദുരിതത്തിലാണ്. മണ്ണെടുപ്പ് പ്രവൃത്തി നടക്കുന്ന ഇവിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് പതിവാകുന്നു. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്ന റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: