ഡോ.എംജിഎസ് നാരായണന്
ഐക്യകേരളത്തിന് ആറുപതിറ്റാണ്ടുകള്‍ തികയാറായിരിക്കുന്നു. മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങള്‍ സ്വാതന്ത്ര്യപ്പുലരിയോടെ കേരള സംസ്ഥാനമായി രൂപംകൊള്ളുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിന് വികസന മുന്നേറ്റമുണ്ടായില്ലെന്ന യാഥാര്‍ത്ഥ്യമാണ് നമ്മെ തുറിച്ചുനോക്കുന്നത്. കേരളപ്പിറവിക്കുശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ പിന്തിരിപ്പന് സമീപനമാണ് വികസനമുരടിപ്പിന് തുടക്കംകുറിച്ചത്. ഈ വികസനമുരടിപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അവികസിതാവസ്ഥയുടെ പേരില്‍ സംസ്ഥാനം വിഭജിക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന് വരുന്ന ആവശ്യം അസംബന്ധമായി തള്ളിക്കളയേണ്ടതും അവഗണിക്കേണ്ടതുമാണ്.
കേരളം ഒരു കാലത്ത് മലബാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലബാറിന്റെ ബ്രിട്ടീഷ് അധീനതയിലുള്ള ഭാഗം എന്ന അര്‍ത്ഥത്തില്‍ ബ്രിട്ടീഷ് മലബാര്‍ എന്നായിരുന്നു അന്ന് വടക്കന്‍ കേരളം അറിയപ്പെട്ടിരുന്നത്. ഇന്നത്തെ മലബാറിന്റെ അവികസിതാവസ്ഥയുടെ ആരംഭം മൈസൂര്‍ അധിനിവേശം മുതലാണ്.
പാലക്കാട് രാജവംശത്തിന്റെ രണ്ടു ശാഖകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമാണ് മൈസൂര്‍ അധിനിവേശത്തിന് വഴിയൊരുക്കിയത്. രാജവംശത്തിലെ ഒരു ശാഖ ഹൈദരാലിയെ യുദ്ധസഹായത്തിനായി സമീപിച്ചു. സാമൂതിരിയും പാലക്കാട് രാജവംശത്തിലെ മറുപക്ഷവും ചേര്‍ന്ന് അക്രമിച്ചപ്പോള്‍ ഹൈദരാലി അതിനെ ചെറുത്ത് നിന്നു. യുദ്ധനൈപുണ്യവും കുതിരപ്പടയുടെയും പീരങ്കിപ്പടയുടെയും പിന്‍ബലമുള്ള ഹൈദരാലിയുടെ സൈന്യത്തിന് സാമൂതിരിയെ തോല്‍പ്പിക്കാന്‍ അധികം പ്രയാസപ്പെടേണ്ടിവന്നില്ല. യുദ്ധച്ചെലവിലേക്ക് 10 ലക്ഷം രൂപ നല്കിയാല് പിന്മാറാമെന്ന ഹൈദരാലിയുടെ ഉടമ്പടി സാമൂതിരി അംഗീകരിച്ചെങ്കിലും പണത്തിന്റെ പരിമിതി കാരണമാകാം ഉടമ്പടി നടപ്പാക്കാന്‍ സാമൂതിരിക്കായില്ല. ആ പണം പിരിക്കാനാണ് ഹൈദരാലി വയനാട് ചുരംവഴി പടയോട്ടം നടത്തുന്നത്. പന്തലായനി കൊല്ലത്ത് ഹൈദരുടെ പടയെത്തിയപ്പോഴാണ് സാമൂതിരി ഉണര്‍ന്നത്. പരാജയം സമ്മതിക്കാന്‍ മടിച്ച രാജാവും നായര്‍ പടയാളികളും കൊട്ടാരത്തിന് തീവെച്ച് സ്വയംഹത്യയ്ക്ക് വിധേയരാവുകയായിരുന്നു. ഹൈദരാലിയുടെയും തുടര്‍ന്ന് ടിപ്പുവിന്റെയും ഭരണം മലബാറിനെ സംബന്ധിച്ച് ഏറെ തിരിച്ചടികളേറ്റ കാലഘട്ടമായിരുന്നു. ഒരു ഭാഗത്ത് ജനങ്ങളില്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയും മറുഭാഗത്ത് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്തതിലൂടെ മലബാറിന്റെ സാമ്പത്തിക സാമൂഹ്യസാഹചര്യങ്ങളാകെ താറുമാറായി. 1766 മുതല്‍ 1792 വരെയുള്ള മൈസൂര്‍ രാജവാഴ്ചക്കാലമാണ് മലബാറിന്റെ തകര്‍ച്ചയുടെ ആരംഭം കുറിക്കുന്നത്.
ഈസ്റ്റിന്ത്യാക്കമ്പനിയുടെയും തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നേരിട്ടുള്ള ഭരണത്തിന്റെ കീഴിലായ മലബാര്‍, ബ്രിട്ടന്റെ രാജവാഴ്ചക്ക് കീഴില്‍ സ്വതന്ത്ര നാട്ടുരാജ്യങ്ങളായ കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെയായിരുന്നു അന്നത്തെ കേരളം. 9-ാം നൂറ്റാണ്ടില്‍ തമിഴ് ചേരരാജവംശത്തിന്റെ കീഴിലായതോടെയാണ് കേരളം എന്ന പേര് ഉത്ഭവിക്കുന്നത്. ചേര, കേര എന്ന വാക്കായി പരിണമി ക്കുകയായിരുന്നു.
ബ്രിട്ടീഷ് രാജഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമായതിനുശേഷം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം ഉണ്ടായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്കീഴിലാവുകയായിരുന്നു. കോണ്‍ഗ്രസിലുണ്ടായിരുന്ന തമ്മില്‍ത്തല്ലാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന് വഴിവെച്ചത്. വികസനം പാടില്ലെന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നയം. വ്യവസായ-കാര്‍ഷികരംഗങ്ങളില്‍ വികസനമുണ്ടായാല്‍ മുതലാളിത്തം ശക്തമാകും എന്നായിരുന്നു അവരുടെ പേടി. വ്യവസായങ്ങള്‍ പാടില്ലെന്ന പിടിവാശി കാരണം അയല്‍ സംസ്ഥാനങ്ങളില്‍ ഈ രംഗത്തുണ്ടായ വികസന മുന്നേറ്റം കേരളത്തിലുണ്ടായില്ല. പാര്‍ട്ടി ഗ്രാമങ്ങളിലെ അവികസിതാവസ്ഥ പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ എത്രമാത്രം വികസനവിരുദ്ധരാണെന്നത് തിരിച്ചറിയാന്‍ കഴിയും. നവോത്ഥാന പരിശ്രമങ്ങളുടെയും മിഷണറിമാരുടെയും പരിശ്രമഫലമായി കേരളത്തില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ വളര്‍ച്ചയുടെ ഗുണഫലം അനുഭവിക്കാന്‍ കേരളത്തിനായില്ല. വിദ്യാഭ്യാസം സാര്‍വ്വത്രികമായെങ്കിലും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവായിരുന്നു.
കേരളത്തിലെ വികസനമുരടിപ്പില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട തലമുറ ജോലിക്കായി മറുനാടുകളിലേക്ക് കുടിയേറി. ഗള്‍ഫ്, അമേരിക്ക, യൂറോപ്പ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മിടുക്കരായ കേരളീയര്‍ വന്‍തോതില്‍ കുടിയേറി. ലോകത്താകമാനം മുതലാളിത്തത്തിന്റെ വികസന മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ കേരളീയരുടെ പങ്ക് ചെറുതല്ല. ഇത് ഒരു തരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ സംഭാവനയാണെന്ന് പറയാം. സേവനമേഖലകളില്‍ കേരളം മുന്നേറിയെങ്കിലും ആത്യന്തികമായി ഒരു പരാശ്രയ സംസ്ഥാനമായി കേരളം മാറുകയായിരുന്നു. മറ്റു രാജ്യങ്ങളിലെ ഉല്‍പ്പാദനത്തെ ആശ്രയിച്ച് നില്‍ക്കേണ്ട അവസ്ഥയാണ് കേരളത്തിനുണ്ടായത്. കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറി. കേരളത്തിന്റെ വികസനത്തെ മുരടിപ്പിച്ചു നിര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിനും ആശയത്തിനും കഴിഞ്ഞത്.
കെ. കേളപ്പന്റെയും കെ.പി. കേശവമേനോന്റെയും മറ്റും നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് ഐക്യകേരള പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കപ്പെടുമെന്നും അതിന് ജനപിന്തുണ ലഭിക്കുമെന്നുമുള്ള സാഹചര്യം സംജാതമായപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ അതിന്റെയും വക്താക്കളാകാന്‍ പരിശ്രമം നടത്തി. ഉപദേശീയതാവാദമുയര്ത്തി പ്രമേയം അംഗീകരിച്ചതും ഇഎംഎസ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം രചിക്കുകയും ചെയ്തത് ഇതിനു വേണ്ടിയായിരുന്നു. കെ. കേളപ്പന് മുന്നോട്ടുവെച്ച ആശയം ഇന്നത്തെ കേരളത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. മംഗലാപുരവും കോയമ്പത്തൂരും കന്യാകുമാരിയുമൊക്കെ ഉള്‍പ്പെടുന്ന പശ്ചിമതീരത്ത് വ്യാപിച്ചു കിടക്കുന്ന സംസ്ഥാനം എന്ന നിലയില്‍ പശ്ചിമ പ്രദേശം എന്ന ആശയമായിരുന്നു അത്. പക്ഷേ, അന്നതാരും ചെവിക്കൊണ്ടില്ല.
വളരെ ചെറിയ സംസ്ഥാനമായ കേരളത്തെ വീണ്ടും വിഭജിക്കണമെന്ന ആശയം അസംബന്ധമാണ്; അവഗണിക്കപ്പെടേണ്ടതാണ്. ഏതെങ്കിലും ചില സ്ഥാപിത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം ഈ ആവശ്യം ഉയര്‍ന്നുവരുന്നത്. മലബാര്‍ സംസ്ഥാനമെന്ന ആശയം തന്നെ അപ്രായോഗികമാണ്. ഒരേ ഭാഷയും ജീവിത രീതിയും വച്ചുപുലര്‍ത്തുന്ന സംസ്ഥാനത്തെ വിഭജിക്കുകയല്ല വേണ്ടത്. തെക്കും വടക്കും മലയാളഭാഷയിലെ പ്രയോഗഭേദങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന്റെ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കണം. സംസ്ഥാന തലസ്ഥാനം ഇന്ന് ഒരറ്റത്താണ്. അത് എറണാകുളത്തേക്ക് മാറ്റുന്നത് സൗകര്യപ്രദമായിരിക്കും. കേരളം പോലെയുള്ള തീരെ ചെറിയ സംസ്ഥാനത്തെ മലബാര്‍ എന്നോ മറ്റോ പേരില്‍ വിഭജിക്കണമെന്ന ആവശ്യം യുക്തിസഹമല്ല. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളെ ശരിയായി വിലയിരുത്തുന്നവര്‍ക്ക് ഇത്തരമൊരാവശ്യം ഉന്നയിക്കാനാവില്ല.
തയ്യാറാക്കിയത്: എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: