നിയമം എന്താണെന്ന് മലയാളിക്ക് അറിയാം. അറിയാം എന്നല്ല, നന്നായിട്ട് അറിയാം. എന്നാല്‍ അനുസരിക്കുമോ എന്ന് ചോദിച്ചാല്‍ അതിത്തിരി കഷ്ടമാണ്. കാര്യം ദൈവത്തിന്റെ നാടാണെങ്കിലും പ്രവൃത്തി മുഴുവന്‍ ചെകുത്താന്റേതാണ്. എല്ലാവരും ചെകുത്താനെ ചുമക്കുന്നില്ലെങ്കിലും ചുമക്കുന്നവര്‍ നന്നായി ചുമക്കുന്നുണ്ട്. അതിന്റെ കണ്ണീരുറവകള്‍ പലയിടത്തും പൊട്ടിയൊലിക്കുന്നുമുണ്ട്. പക്ഷേ, അതില്ലാതാക്കാന്‍ ആര്‍ക്കു കഴിയും. വളയം പിടിക്കാന്‍ അനുമതി കിട്ടിക്കഴിഞ്ഞാല്‍ നാടും റോഡും തനിക്കുമാത്രം അവകാശപ്പെട്ടതാണെന്നാണ് മലയാളിയുടെ ധാരണ. മറ്റൊരാള്‍ അതുപയോഗിക്കുന്നത് കണ്ടാല്‍ കലിയിളകുകയായി. അത് തകര്‍ക്കാന്‍ സര്‍വ്വ പ്രയത്നവും നടത്തും. ഇതിന് തടയിടാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ എല്ലാ കാലത്തും ചെകുത്താന് ജയിക്കാറില്ല. അങ്ങനെ ജയിക്കാന്‍ വിട്ടിരുന്നെങ്കില്‍ ഈ ലോകം എന്തായേനെ.
ലോകത്തെ മുഴുവന്‍ മാറ്റി മറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ചൊക്കെ മാറ്റാന്‍ കഴിഞ്ഞാല്‍ അതെത്ര നല്ലതാണെന്ന് അനുഭവത്തിലൂടെയെ മനസ്സിലാവൂ. അത്തരമൊരനുഭവം നമുക്ക് രാജസ്ഥാനിലെ മീശപ്പിള്ളയില് നിന്ന് കണ്ട് പഠിക്കാം. പണ്ട് മൂന്നാറിലേക്ക് സിപിഎമ്മിന്റെ മൂത്താശാന്‍ തുറന്നുവിട്ട മൂന്ന് പൂച്ചകളിലെ മീശപ്പൂച്ച അന്നേ ചിലതൊക്കെ കാട്ടിക്കൂട്ടിയിരുന്നു. കാലം അത്ര നല്ല അനുഭവമല്ല അന്ന് അദ്യത്തിന് തിരിച്ച് നല്‍കിയത്. പിന്നീടെങ്ങോ കറങ്ങിത്തിരിഞ്ഞ് ഏതു കൊലകൊമ്പനെയും വട്ടം കറക്കാനുള്ള പദവിയില്‍ ടിയാന് എത്തി. ഇന്നത്തെ അവസ്ഥയില്‍ അന്നത്തെ പൂച്ച എന്തു ചെയ്യുന്നു, അതിന്റെ ഗുണ-ദോഷ വശമെന്ത് എന്നൊക്കെ മാധ്യമങ്ങളും സോഷ്യല്‍ വലകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തവണത്തെ (ഒക്ടോ. 25) മലയാളം വാരികയുടെ കവര്‍ പേജ് തന്നെ അദ്ദേഹത്തിനായി നീക്കിവെച്ചിരിക്കുകയാണ്. നിയമലംഘനങ്ങള്‍ക്ക് വേഗപ്പൂട്ട് എന്ന അക്ഷരങ്ങള്‍ക്കു മുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉശിരന്‍ രേഖാചിത്രവുമുണ്ട്. കലാകൗമുദി (ഒക്ടോ.27) എഡിറ്റോറിയല്‍ വഴിയാണ് കാര്യം പറയുന്നത്. റോഡിലിറങ്ങിയ സിംഹം എന്നാണ് തലക്കെട്ട്.
റോഡില്‍ തെറിച്ചുവീഴുന്ന ചോരത്തുള്ളികള്‍ക്ക് മുഴുവന്‍ ഉത്തരവാദി ഡ്രൈവര്‍മാര്‍ ആണെന്ന ധാരണ കാലികവട്ടത്തിനില്ല. പക്ഷേ, അതില്‍ വര്‍ധിച്ച പങ്ക് അവര്‍ക്കുണ്ട് എന്നതിനു സംശയവുമില്ല. നിയമലംഘനങ്ങള്‍ക്ക് വേഗപ്പൂട്ട് എന്ന രചന സന്തോഷ് വി. ആറിന്റേതാണ്. കോട്ടും സൂട്ടുമണിഞ്ഞ് മീശപിരിച്ചു നില്ക്കുന്ന ഋഷിരാജ്സിംഗിന്റെ ഫോട്ടോക്കൊപ്പം മൂന്നു പേജിലായി കുറിപ്പ്. ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന എല്ലാ ഓഫീസര്‍മാര്‍ക്കും ഋഷിരാജ് ആവാന്‍ കഴിയില്ലെങ്കിലും അല്പസ്വല്പമൊക്കെ ടിയാന്റെ വഴിയിലേക്ക് വരാം. പ്രലോഭനങ്ങളും സൗജന്യങ്ങളും കൈമടക്കും വേണ്ടെന്നുവെച്ചാല്‍ മാത്രം മതി. സൂപ്പര്‍സ്റ്റാര്‍ പദവിയിലെ രാജാവായ മോഹന്‍ലാല്‍ പോലും ഈ ഉദ്യോഗസ്ഥന് സല്യൂട്ട് അടിക്കുന്നുവെങ്കില് അത് ആത്മാര്‍ത്ഥതയ്ക്ക് കൈകാല്‍ വെച്ച രൂപമായതുകൊണ്ടല്ലേ? ഒരു സാമ്പിള്‍ കണ്ടാലും: എന്തിനും ഏതിനും വിരുദ്ധാഭിപ്രായങ്ങളുള്ള നമ്മുടെ മുന്നില്‍ കണക്കുകളുമായാണ് സിങ് എത്തിയത്. ഒരു ദിവസം ശരാശരി 131 അപകടങ്ങളുണ്ടാകുന്നു. അതില്‍ 46 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഒരു ദിവസം ശരാശരി പതിമൂന്നു ജീവന് നിരത്തുകളില്‍ നഷ്ടമാകുന്നു…. ഇത്തരം നഷ്ടങ്ങളുടെ കണക്കുകള്‍ അറിയുകയും വേണ്ടരീതിയില്‍ മനസ്സിലാക്കിക്കാന്‍ സിങ് രംഗത്തിറങ്ങുകയും ചെയ്തതോടെ ദൈവത്തിന്റെ സ്വന്തം നാടാകാന്‍ സംസ്ഥാനം തയ്യാറായി.
ഇനി കലാകൗമുദിയുടെ പത്രാധിപക്കുറിപ്പിലേക്ക്: നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവും നിയമത്തോടും ജനങ്ങളോടും തൊഴിലിനോടും പ്രതിബദ്ധതയുമുള്ള ഒറ്റ ഒരു ഉദ്യോഗസ്ഥന് വിചാരിച്ചപ്പോള്‍ ഇത്രയൊക്കെ നടക്കുമെങ്കില്‍ വേണ്ടതെല്ലാം ഇവിടെ നടക്കുക തന്നെ ചെയ്യും. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കും. അതിന് വേണ്ടതെന്താ? അതിനുള്ള സന്മനസ്സ് ഭരണകര്‍ത്താക്കള്‍ കാണിക്കണമെന്നു മാത്രം. അതിന് അവര്‍ തയ്യാറാവുമോ? ചെകുത്താന്മാരുടെ വിളയാട്ടം ആവോളം ആസ്വദിക്കുന്നവര്‍ അതിന് മുതിരുമോ?
ഓണപ്പതിപ്പില്‍ ചേര്‍ക്കാന്‍ വിട്ടുപോയതോ, അതല്ല ഇതില്ലെങ്കില്‍ മറ്റൊന്നും കൊടുത്തിട്ട് കാര്യമില്ല എന്നു തോന്നിയതുകൊണ്ടോ എന്തോ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഒക്ടോ. 27) ഇത്തവണ കവിത പതിപ്പാണ്. വിദേശിയും സ്വദേശിയുമായ 40 പേരുടെ കവിതകളാണുള്ളത്. സച്ചിദാനന്റെ ഭാഷയില്‍ ദളിത് കവിതയുടെ അഗ്രദൂതനായ മറാഠികവി നാം ദേവ്ഢ സാലിന്റേതാണ് തുടക്കത്തിലെ പത്തുകവിതകള്‍. അതിലെ ദിവ്യാദ്ഭുതം എന്നതില്‍ നിന്ന് നാലുവരി കണ്ടാലും. എക്കാലത്തെയും കവികളുടെ അനുഭവം അതില്‍ ഉറഞ്ഞുകിടക്കുന്നു:
ഈ മണ്ണ് എന്നെ അന്യനാക്കി
ഈവായു എന്നോട് പുറംതിരിച്ചു,
ഒടുവിലെന്നോട് കനിഞ്ഞത്
അതിരില്ലാത്ത ആകാശം മാത്രം.
അതിരില്ലാത്ത ആകാശത്തെ രാജകുമാരന്മാരായി നടക്കുന്ന കവികളുടെ ഉള്ളില്‍ ഉരുവം കൊള്ളുന്ന വികാരങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ സമൂഹത്തിന് കഴിയട്ടെ.
മരിച്ചവര്‍ക്ക് ബൈനോക്കുലര്‍ വേണ്ട എന്ന കെ ജി ശങ്കരപ്പിള്ളയുടെ കവിതയില്‍ ഘനീഭൂതമായ വേദനയുടെ നിലാപ്പക്ഷികള്‍ കുറുകുന്നത് ഇങ്ങനെ:
അടുക്കളച്ചുമരിലോ പൈനിലോ പോപ്ലാറിലോ
ദൈവത്തിലോ മൗനത്തിലോ ചാരി
മരവിച്ചിരുന്നു
ടാങ്കുകള്‍ക്കിരയായ മക്കളുടെ
അമ്മമാരും അവരുടെ ഓര്‍മകളും,
ചില ചാവാ പ്രതികരണങ്ങളും.
വിജയലക്ഷ്മി, സ്പാനിഷ് ആധിപത്യത്തിനെതിരെ ക്യൂബയ്ക്കായി പൊരുതിയ ഹോഡെ മാര്‍ട്ടിയുടെ ഇച്ഛാശക്തിയില്‍ നിന്ന് പ്രചോദനം കൊണ്ടാണ് എഴുതിയിരിക്കുന്നത്. നെടുവീര്‍പ്പുകള്‍ എന്ന അവരുടെ രചനയില്‍ നിന്ന്:
ആഴമേറിയ കാലത്തിലൂടെ
ഊഴിതന്‍ ഖേദഭാരത്തിലൂടെ
ഊളിയിട്ടൊളിക്കപ്പലായ് നീങ്ങും
വീരഗാഥ, കരീബിയന്‍ ചോര,
കീഴടങ്ങാത്ത ചൈതന്യമാക,
ചാവു ഞങ്ങളൊടൊപ്പമുണ്ടാക.
കാര്യത്തില്‍ നിന്ന് കവിതയാണോ കവിതയില്‍ നിന്ന് കാര്യമാണോ ഉണ്ടാവേണ്ടതെന്ന ശങ്ക ചില കവിതകള്‍ വായിക്കുമ്പോള്‍ മുള പൊട്ടിയേക്കും. രാഷ്ട്രീയത്തിന്റെ ശീകരങ്ങളും ചില കവിതകളില്‍ തലനീട്ടുന്നുണ്ട്. കവിത ജനകീയമാവുമ്പോള്‍ അതില്‍ മേപ്പടി വിഷയം കടന്നുവരുമെന്ന് സമാധാനിക്കയത്രേ കരണീയം.
അന്‍വര്‍ അലി, ഹ്വാന്‍ റെമോണ് ഹിമെനെഥ്, റഫീക്ക് അഹമ്മദ്, വീരാന്‍കുട്ടി, ഷാവോ കബ്രാള്‍ ഡി മെലോ നെറ്റോ തുടങ്ങി 40 പേരുടെയും രചനകള്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടെണ്ണം വായിക്കാം. റഫീക്ക് അഹമ്മദിന്റെ അമ്മത്തൊട്ടിലും അസ്മോ പുത്തന്‍ചിറയുടെ പ്രണയാര്‍ദ്രവും.
ഏറെത്തണുക്കുന്നു, ചില്ലുയര്ത്തീടുമ്പൊ-
ളോര്‍ത്തു, കരിമ്പടം, അമ്മവയറ്റത്തു
പറ്റിക്കിടക്കുന്ന ചൂട്, മുഷിവുമായ്
കാച്ചെണ്ണചേരുന്ന ഗന്ധം, പുലര്ച്ചയി-
ലോലക്കൊടികള് പുകയുന്നതിന് മണം.
എന്ന് റഫീക്ക് അമ്മത്തൊട്ടിലില്‍ കവിക്കുമ്പോള്‍
പാരാകെ പരിഭ്രമം ഭയം
വിദ്വേഷം പക പുകയും
യുദ്ധക്കൊതി കണ്ടറിയും
കവിതേ നീ നിറയ്ക്കുക
ചായം പുലരാനൊരു
പ്രണയകാലം.
എന്നാണ് അസ്മോ പ്രണയാര്‍ദ്രമാകുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കവിതകളൊക്കെ ഒറ്റ ലക്കത്തില്‍ വായിച്ച് അജീര്‍ണം ബാധിക്കാന്‍ സാധ്യതയുണ്ട്. എത്ര നല്ല വിഭവങ്ങളായാലും ഒരുപാടായാല്‍ മടുപ്പുവരും. അതറിയാത്തവര്‍ ഇമ്മാതിരി സംഗതിക്ക് ഇറങ്ങി പുറപ്പെടുന്നുവെങ്കില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും? എങ്കിലും ഒരു കാര്യത്തില്‍ നമുക്ക് സമാധാനിക്കാം. ആറ്റൂര്‍ രവിവര്‍മ്മയുടെയും വിനയചന്ദ്രന്റെയും കാവ്യപന്ഥാവിലൂടെ വി. വിജയകുമാറും ഡോ. പി.പി. രവീന്ദ്രനും യാത്ര ചെയ്യുന്നത് ഒപ്പം കൊടുത്തിട്ടുണ്ട്. അതേതായാലും നന്നായി. സദ്യയ്ക്കൊടുവില്‍ വേപ്പിലക്കട്ടി തൊട്ടുകൂട്ടുന്ന സുഖം. അജീര്‍ണം പമ്പകടക്കും. കാരുണ്യം അല്പാല്പ്പം പത്രാധിപസമിതിയുടെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം.
കലയുടെ സൗന്ദര്യം നിഗൂഢമായി കണ്ണില്‍ ഒളിപ്പിച്ചുവെച്ച മുഖഭാവമായിരുന്നു ജി. അരവിന്ദന്റേത്. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ജീവിതം എങ്ങനെയാണ് നിറഞ്ഞുനിന്നതെന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ആ അരവിന്ദന്റെ ജീവിതത്തിലൂടെ സുസ്മേഷ് ചന്ത്രോത്ത് നടത്തുന്ന ഒരു യാത്രയുണ്ട് മാധ്യമം (ഒക്ടോ.28) ആഴ്ചപ്പതിപ്പില്‍. അരവിന്ദന് വരഞ്ഞെഴുതിയ സാമൂഹിക പാഠം എന്ന ഏഴു പേജ് ലേഖനത്തില്‍ അരവിന്ദന് നിറഞ്ഞുനില്ക്കുന്നു; അദ്ദേഹത്തിന്റെ സൃഷ്ടിയിലുള്ളതുപോലെ തന്നെ.
ഒഎന്‍വി എന്ന കവി ദുഃഖത്തെ അനുഗമിക്കുന്നവനാണെന്ന് പറയുന്നു റവ. ഡോ. പോള്‍ തേലക്കാട്ട്. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒഎന്‍വിയുമായി അദ്ദേഹം സംവദിക്കുന്നതിന്റെ വിവരങ്ങള്‍ വായിക്കാം. നന്നായിട്ടുണ്ട്. കണ്ണൂര്‍ മൊകേരി സ്കൂളില്‍ പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് ശിഷ്യരുടെ മുമ്പില്‍ വെട്ടുകളേറ്റ് പിടഞ്ഞു വീണ ഒരു പാവം അധ്യാപകനായിരുന്നു ജയകൃഷ്ണന്. അതിനെക്കുറിച്ച് ദുഃഖത്തിന്റെ ഒരക്ഷരം പോലും കുറിക്കാത്ത കവിക്ക് എങ്ങനെ ദുഃഖത്തെ അനുഗമിക്കുന്നവനാവാന് കഴിയും എന്ന് കവിത വശമില്ലാത്തവര്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു.
നേര്‍മുറി
ഞാന്‍ പ്രതിപക്ഷത്തിന്റെ നല്ല ഇര: ഉമ്മന്‍ചാണ്ടി
ഐഎസ്ഐ മുദ്ര!
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: