നേരം വെളുക്കുന്നിരുട്ടുന്നിതയ്യാ…
നേരമില്ലാത്ത നേരത്തിതയ്യാ…
നേരറിയാത്തോര് ഉടുക്കും കൊട്ടി
നാലാള് കാണ്കേ നടക്കുന്നിതയ്യാ…
ഇല്ലാത്ത കാര്യങ്ങള്‍ ചൊല്ലി
പൊല്ലാപ്പുകളുണ്ടാക്കി
ചിരിച്ചു കളിച്ചു വാഴുന്നിതയ്യാ…
ഇത്തിരിപോന്ന പിള്ളേരും
ഒത്തിരി വമ്പുകളുണ്ടാക്കി
ത്തിരിഞ്ഞീടുന്നിതയ്യാ…
അയലത്തെ വീട്ടിലൊരാണ്ടി
ചേട്ടന് ഉടുക്കില്ലാതെ
ഇല്ലാപാട്ടുകള് പാടിത്തിരി-
ഞ്ഞീടുന്നെങ്ങുമിതയ്യാ…
ഉണ്ടവനറിയില്ലുണ്ണാത്തവന്റെ
വിശപ്പെന്നുണ്ണാത്തവനെ
നോക്കിയുണ്ടവര് ചൊല്ലിത്തുടങ്ങു-
ന്നിക്കാലമിതയ്യാ….
അവനവനാവശ്യം മറ്റൊരുവന-
നാവശ്യം
ആവശ്യം പലതാണെന്നാലും
ആവശ്യങ്ങളിന്നൊട്ടുമൊടുങ്ങുന്നില്ലീ
ഭൂമിയിലെതെങ്ങുമിതയ്യാ…
ലോകത്തെ സ്വന്തമാക്കാന്‍ പടവെട്ടി
പരസ്പരം നീറിമരിച്ചിടുന്നീ
മക്കളനവധി മണ്മറഞ്ഞിടുന്നിതയ്യാ…
നിങ്ങളീ മണ്ണിന്നധിപനെന്നാലും
മണ്ണില്‍ത്തന്നെ ലയിച്ചൊടുങ്ങീടുമെ-
ന്നറിയാതെ തുടികൊട്ടി
തുള്ളിമറിഞ്ഞ് കളിച്ചിടുന്നിതയ്യാ…
*അയ്യാ- ദൈവം
എം പാര്‍ത്ഥിവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: