പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് വില്പനയും ഉപഭോഗവും വ്യാപകമായിട്ടും പോലീസ് ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്നു പരാതി.
ചെമ്പറക്കി, നടക്കാവ്, കാനാംപറമ്പ്, കൈപ്പൂരിക്കര, തടിയിട്ടപറമ്പ്, കീന്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് കഞ്ചാവ് വില്പന സജീവമായി നടക്കുന്നത്. സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ഇതിന്റെ കണ്ണികളായി മാറിയിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് ലോബിയില്‍ ഉണ്ടത്രെ വിദ്യാര്‍ത്ഥികളെ കഞ്ചാവിനു അടിമകളാക്കി ഇവയുടെ വില്പന അവരെ ഏല്പിക്കുന്ന തന്ത്രവും ഈ ഭാഗങ്ങളില്‍ വിജയം കണ്ടതായാണ് വിവരം. സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്നവരുടെ മക്കളെയും ഈ ചതിക്കുഴിയില്‍ പെടുത്തിയിട്ടുണ്ടത്രെ.
മയക്ക് മരുന്നിന്റെയും കഞ്ചാവിന്റെയും വില്പന സജീവമായിട്ടും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ഒരു അളവു വരെ കഞ്ചാവു ലോബിക്ക് അനുകൂലമായി അധികൃതര്‍ പ്രവര്‍ത്തിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
അടുത്തിടെ ചെമ്പറക്കി സ്വദേശിയുടെ മൊബെയില്‍ ഫോണിലേയ്ക്ക് തുടരെ വന്ന ഫോണ്‍ കോളുകള്‍ സാധനം ശരിയായിട്ടുണ്ട്, എവിടെ എത്തിക്കണം എന്ന് ചോദിച്ചായിരുന്നു. നമ്പര്‍ മാറി വന്ന കോളുകള്‍ അസഹ്യമായപ്പോള്‍ എന്ത് സാധനമാണെന്ന് ചോദിച്ചപ്പോള്‍ കഞ്ചാവാണെന്നും എവിടെ തമ്മില്‍ കാണുമെന്നും എന്ന മറുപടിയാണ് കിട്ടിയത്.
ഈ വിവരം തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹം നേരിട്ടെത്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഈ ഫോണില്‍ നിന്നും സന്ദേശം വന്ന ഫോണിലേക്ക് വിളിച്ച് ചെമ്പറക്കിയില്‍ എത്തുവാന്‍ ആവശ്യപ്പെടുകയും കഞ്ചാവ് നല്കാന് വന്ന വ്യക്തിയെ തന്ത്രപൂര്‍വ്വം കുടുക്കുകയും ചെയ്തു. നിരവധി പേരുടെ സാന്നിധ്യത്തില്‍ പോലീസ് ഇയാളുടെ ദേഹ പരിശോധന നടത്തുന്നതിനിടെ ഇയാള്‍ പോലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടതായും ഇതില്‍ ദുരുഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഹൈറേഞ്ച് ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി വന്‍തുകക്ക് വില്പന നടത്തുന്ന കഞ്ചാവ് ലോബിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ജനരോക്ഷമുയരുകയാണ്.
ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പട്ടാപകലും പാതിരാത്രിയും കച്ചവടം പൊടിപൊടിക്കുന്നത്. ഇവരുടെ സ്വൈരവിഹാരത്തിന് തടസ്സം നില്‍ക്കുന്നവരെ ഭീഷണിപെടുത്തുകയും നേരിടുകയും ചെയ്തതായും പരാതിയുണ്ട്.
കഞ്ചാവ്- മയക്ക് മരുന്നു മാഫിയക്കെതിരെയുള്ള നടപടികളില്‍ എക്സൈസ്- പോലീസ് വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലാത്തതും ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള ശീതസമരവും കഞ്ചാവ് ലോബിക്ക് ഗുണകരമാകുന്നതായും പറയപ്പെടുന്നു.
തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിക്കു പുറമേ ആലുവ, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലും കഞ്ചാവ് മയക്ക് മരുന്നു വില്പന വ്യാപകമായി നടക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കുവാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും പോലീസ് തയ്യാറായാല്‍ ഒരു പരിധിവരെ ഇതിനു തടയിടാനാകുമെന്നാണ് ജനാഭിപ്രായം.
വാഴക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ്- മയക്കുമരുന്നു വില്പനയും വ്യാപനവും തടയുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവതലമുറയെ നാശത്തിലേക്ക് നയിക്കുന്ന മയക്കുമരുന്നിനെതിരെ സമ്പൂര്‍ണ്ണ ജാഗ്രത പാലിക്കണമെന്നും കുന്നത്തുനാട് മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറി എ.എം.ബഷീര്‍ , പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.കെ.ഷാജഹാന്, ജന സെക്രട്ടറി ടി.എം.ഷാഹുല്‍, ഹമീദ്, മുസ്ലീം സോഷ്യലിസ്റ്റ് അസോസിയേഷന് ജില്ല ജന.സെക്രട്ടറി സിയാദ് ചെമ്പറക്കി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ നാത്തേക്കാട്, ജനറല്‍ സെക്രട്ടറി സി.എം.അര്‍ഷാദ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പോലീസ് നിസംഗത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: