ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനെ പുറത്താക്കിക്കൊണ്ട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നിയമം നടപ്പാക്കി തുടങ്ങി. മെഡിക്കല്‍ സീറ്റ് തിരിമറിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാണ് കോണ്‍ഗ്രസ് എം.പിയായ റഷീദ് മസൂദിനെ രാജ്യസഭാ സെക്രട്ടറി ജനറല്‍ ഷംസീര്‍. കെ.ഷെരീഫ് പുറത്താക്കിയത്.
റഷീദ് മസൂദിനെ പുറത്താക്കിക്കൊണ്ടുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷനും അയച്ചുകൊടുത്തിട്ടുണ്ട്. കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട ലോക്സഭാ എംപിമാരായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ജെഡിയുവിലെ ജഗ്ദീഷ് ശര്‍മ്മ എന്നിവരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ ലോക്സഭാ സെക്രട്ടേറിയറ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സപ്തംബറിലാണ് സിബിഐ പ്രത്യേക കോടതി അഴിമതിക്കേസില്‍ റഷീദ് മസൂദിനെ ശിക്ഷിച്ചത്. 1990-91 കാലഘട്ടത്തില്‍ വി.പി സിങ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന റഷീദ് മസൂദ് ത്രിപുരയ്ക്കായി അനുവദിച്ച എംബിബിഎസ് സീറ്റുകളില്‍ അനര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരുകിക്കയറ്റി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. വഞ്ചന, ഗൂഢാലോചന,കള്ളയൊപ്പിടല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനേ തുടര്‍ന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി ജെപിഎസ് മാലിക് റഷീദ് മസൂദിനെ അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കുകയായിരുന്നു. മസൂദിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ എത്രയും പെട്ടെന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സുപ്രീംകോടതി വിധിയുടെ ലംഘനമായി കണക്കാക്കപ്പെടുമെന്ന എ.ജിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭ റഷീദിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: