കൊല്ലം: സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ കൊള്ളയടിക്കുന്നതായി പരാതി. കണക്ക് പറഞ്ഞാണ് ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും പണം വാങ്ങുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കണ്‍സള്‍ട്ടിംഗ് ഫീസായി രോഗികളില്‍ നിന്ന് 100 മുതല്‍ 300 രൂപ വരെ വാങ്ങുന്നവരുണ്ട്.
സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് പല ഡോക്ടര്‍മാരും കണ്‍സള്‍ട്ടിംഗ് ഫീസ് സംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പരസ്യമായി പണം ചോദിച്ച് വാങ്ങാന്‍ പോലും ഇത്തരക്കാര്‍ക്ക് മടിയില്ല. പുനലൂര്‍, പത്തനാപുരം, അഞ്ചല്‍ മേഖലകളിലാണ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വ്യാപകമായിട്ടുള്ളത്.
സര്‍വീസിലിരിക്കെ ലീവെടുത്തുപോലും ചില ഡോക്ടര്‍മാര്‍ ആശുപത്രി നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാരെ വലവീശിപിടിച്ച് സ്വകാര്യആശുപത്രികളില്‍ എത്തിക്കുന്നവരുമുണ്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കാണ് ഏറെ ആവശ്യക്കാര്‍. കിഴക്കന്‍ മേഖലയില്‍ ഒരു ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും വാങ്ങുന്ന ശമ്പളം ഒരു ലക്ഷം രൂപയാണ്. കൂടാതെ സ്വകാര്യ പ്രാക്ടീസും നടത്തുന്നുണ്ട്. സര്‍വീസില്‍ നിന്നും ലീവെടുത്താണ് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളോട് തീരെ താല്പര്യമില്ലാത്ത ഡോക്ടര്‍മാരും നിരവധിയുണ്ട്. ചടങ്ങിനുവേണ്ടി മാത്രം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ രോഗികളോട് തീരെ താല്പര്യം കാണിക്കാറില്ല. അവര്‍ക്ക് സ്വകാര്യ പ്രാക്ടീസിനോട് മാത്രമാണ് താല്പര്യം. പണം ഉണ്ടാക്കാനായി ഡോക്ടര്‍മാര്‍ പരസ്പരം മത്സരിക്കുകയാണ്. സ്വകാര്യ പ്രാക്ടീസിലൂടെ ലക്ഷങ്ങളാണ് ഡോക്ടര്‍മാര്‍ കൊയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: