ഐഡന്റിറ്റിയില്ലാത്ത ചരിത്രബാഹ്യമായി അരികുജീവിതത്തിലമര്ന്നുപോയവരുടെ കഥ പറയുന്ന ജോണി മിറാന്‍ഡയുടെ നോവല്‍ ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്
ഇനി വായനയുടെ ലോക ഭൂപടത്തില്‍
പോഞ്ഞിക്കരയില്‍ നിന്ന് ഓക്സ്ഫോഡിലേക്കുദൂരം കൂടുതലാണ്. പക്ഷേ ഓക്സ്ഫോഡ് പോഞ്ഞിക്കരയിലേക്കു വന്നത് ദൂരം അരികെ എന്നപോലെ. അതായത് പോഞ്ഞിക്കരക്കാരന്‍ ജോണി മിറാന്‍ഡയിലൂടെ ഈ കൊച്ചുദേശത്ത് ആകാശപ്പരപ്പായി ഓക്സ്ഫോഡ് എത്തിയെന്ന്. മിരാന്‍ഡയുടെ ജിവിച്ചിരിക്കുന്നവര്ക്കുവേണ്ടിയുള്ള ഒപ്പീസ് എന്ന നോവല്‍ ഓക്സ്ഫോഡ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാഴ്ച. പേര്: ഞലൂൗശലി എീൃ ഠവല ഘശ്ശിഴ.
ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കണ്ണിലും കുശുമ്പിലും പെടാതെ അടങ്ങിയൊതുങ്ങിക്കഴിയുന്നതു കൊണ്ടാവാം പോഞ്ഞിക്കര റാഫിയുടെ അയല്‍ക്കാരനായ മിറാന്‍ഡ എഴുത്തുകാരനെക്കാള്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലൈന്‍മാനായി അറിയുന്നത.് മിറാന്‍ഡയുടെ നോവല്‍ ഖാനിയില്‍ നിന്നും ഓക്സ്ഫോഡ് മൂല്യം കുഴിച്ചെടുത്തതോടെ ഈ നോവലിസ്റ്റിന് ആദരവും അംഗീകാരവുമായി ഇനി നാലാള് അറിഞ്ഞുതുടങ്ങും.
പാലാക്കാരന് സജയ്ജോസിന്റെ വിളിയില്‍ നിന്നായിരുന്നു എല്ലാറ്റിന്റേയും തുടക്കം. നോവല്‍ വായിച്ച് ആവേശത്തിന്റെ നിലയില്ലാക്കയത്തില്‍ നിന്നൊരുവിളി. ‘എനിക്കൊന്നു കാണാന്‍ അവസരം തരണം’ അങ്ങനെ സജയ് വന്നു, കണ്ടു. ബംഗളൂരുവില്‍ പത്രപ്രവര്‍ത്തകനായ ആ ചെറുപ്പക്കാരന് നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാന്‍ അനുവദിക്കണമെന്നു പറഞ്ഞു.
മാസങ്ങള്‍ക്കുശേഷം ഓര്‍ക്കാപ്പുറത്ത് അമ്പരപ്പിന്റെ മറ്റൊരു വിളി. തനി ഓക്സ്ഫോഡില്‍ നിന്ന്. ‘താങ്കളുടെ നോവല്‍ വായിച്ചു, മനോഹരം. ഓക്സ്ഫോഡിന് പ്രസിദ്ധീകരിക്കണമെന്നുണ്ട്, താങ്കള്‍ അനുവദിക്കുമോ’. സ്വന്തം ദേശത്തോളം ഉള്ളില്‍ സന്തോഷംനുരഞ്ഞ് അനുവാദം കൊടുക്കുന്നു. ഓക്സ്ഫോഡിന്റെ ഇന്ത്യയിലെ എഡിറ്റര്‍ മലയാളിയായ മിനികൃഷ്ണനായിരുന്നു ഫോണിന്റെ മറുതലയ്ക്കല്‍. അവരുടെ വാക്കിലെ സ്നേഹവും വിനയവും മിഴാവുമുഴക്കമായുണ്ട് ഇപ്പോഴും മിറാന്ഡയില്. സജയ് തര്‍ജമ ഓക്സ്ഫോഡിനയക്കുകയായിരുന്നു.
കരാറും നിബന്ധനകളുമായി പിന്നേയും മാസങ്ങള്‍. ഓക്സ്ഫോഡിന്റെ കൃത്യതയും കണിശതയും എല്ലാറ്റിലും. ഒരു വര്‍ഷമായപ്പോള്‍ പുസ്തകമായി
വല്ലപ്പോഴുമൊരു കഥയെഴുതുക. കുറെക്കാലമതില് അടയിരിക്കുക. വായനക്കാര്‍ക്കു കാത്തിരുന്നു പെരുപ്പുകേറുമ്പോള് വീണ്ടുമൊരുകഥയെഴുതുക. അതാണ് മിറാന്ഡാരീതി.ആദ്യകഥ കേരളടൈംസില്‍. പിന്നെയും കഥകള്‍. തുടര്‍ന്ന് നോവലെറ്റുകള്‍. ആദ്യ നോവലാണ് ജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിയുളള ഒപ്പീസ്. ആദ്യ വെളിച്ചം ദേശാഭിമാനി വാരികയിലായിരുന്നു. 2004-ല്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. പുസ്തകത്തിനു ഒരു വിധിയുണ്ടെന്ന വിശ്വാസക്കാരനാണ് ഈ നോവലിസ്റ്റ്. ആ വിശ്വാസത്തിന്റെ നെടുങ്കന്‍ ഫലശ്രുതിയാണ് ഓക്സ്ഫോഡിന്റെ ഒപ്പീസ് കണ്ടെത്തല്‍.
തന്റെ സമുദായത്തിന്റെ കരളുപിളര്പ്പന് സംഘര്‍ഷങ്ങള്‍ മനസിനും ആത്മാവിനുമിടയില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ മിറാന്ഡയില് സംഭവിച്ചു പോയതാണ് ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ നോവല്‍ എഴുതണമെന്നുള്ളതായിരുന്നു ഈ എഴുത്തുകാരന്റെ ജന്മനിയോഗം. അറുപത്തിനാലു പേജുമാത്രമുള്ള ചെറുനോവല്‍. പക്ഷേ വായിക്കുന്തോറും ഭൂഖണ്ഡാന്തര വിസ്തൃതി പോലെ ചുരുള്‍ നിവരുന്നൊരു പ്രമേയം. നോവലിന്റെ പേരില്‍ തന്നെയുണ്ട് ഐറണി പോലൊരു വിരുദ്ധ സൗന്ദര്യം. ആത്മാക്കളുടെ നിത്യശാന്തിക്കായുള്ള മരണാനന്തര കര്‍മമാണ് ഒപ്പീസ്. കുഴിമാടത്തിലും മറ്റും പുരോഹിതനര്പ്പിക്കുന്ന ചരമശുശ്രൂഷ. ഇവിടെ ജീവിച്ചിരിക്കുന്നവര്‍ക്കാണ് ചരമശുശ്രൂഷ ചെയ്യുന്നത്.
സ്വത്വച്ചോര്ച്ച സംഭവിച്ച ഒരു സമുദായത്തിന്റെ ചരിത്ര-സാംസ്കാരിക പ്രതിസന്ധി സമ്മാനിച്ച തീച്ചൂടില്‍ ഉരുത്തിരിഞ്ഞതാണ് നോവല്‍ പ്രമേയം. പറങ്കിയെന്നും ആംഗ്ലോ ഇന്ത്യനെന്നും പറയുമ്പോഴും അതാകാത്ത സന്ദിഗ്ദ്ധാവസ്ഥ. ഇംഗ്ലീഷറിയാത്ത, കോട്ടും കളസവും ഷൂസുമില്ലാത്ത, പേരിന്റെ വാലറ്റത്ത് സര് നെയിം മാത്രമുള്ള വെറും സായിപ്പ്! മിറാന്‍ഡയുടെ ഭാഷയില്‍ വെറും ചാളപ്പറങ്കി. എന്നാലിവര്‍ക്ക് സ്വന്തം വിശ്വാസാചാരങ്ങളും ഭാഷയുമുണ്ട്. പക്ഷേ എന്തിന്റെ തുടര്‍ച്ചയെന്നോ ആരുടെ പിന്മുറയെന്നോ ഉറപ്പില്ലായ്ക. ഇങ്ങനെ ഉറപ്പില്ലായ്മയില്‍ ഊയലാടുന്ന ജീവിതം. ജീവിച്ചിരുന്നുകൊണ്ടേ മൃതരാകുന്നവര്. അതുകൊണ്ട് ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്.
ഇന്ത്യയിലെ പോര്‍ച്ചുഗീസ്-ഡച്ച് യുദ്ധകാലത്ത് എങ്ങോട്ടെന്നില്ലാതെ ചിന്നിച്ചിതറിയോടിയവരുടെ പിന്മുറക്കാരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. ഓട്ടത്തിനിടയില്‍ പോഞ്ഞിക്കര, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, മുണ്ടംവേലി, ചേര്‍ത്തല, കൊല്ലത്തെ തങ്കിശ്ശേരിയിലുമൊക്കെ ചെന്നുപെട്ട് വെറും കുടിയാന്മാരായിത്തീര്ന്നവര്. പള്ളിക്കപ്യാരുമാരുടെ പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന ജോസി പെരേര എന്ന ഓശ. ഓശയുടെ ധൂര്‍ത്തനും തെമ്മാടിയും താന്തോന്നിയുമായ പപ്പ ഫ്രാന്‍സോ പെരേര. ഏതു നരകത്തിലേക്ക് വിളിച്ചാലും പപ്പ കൂടെ ചെല്ലാന്‍ പോന്നത്ര സുന്ദരിയായ മമ്മ. പെങ്ങള് ഐഡച്ചിറ്റ. കാല്‍ക്കാശിന് വിലയില്ലാത്ത ഫ്രാന്സോയേയും കുഞ്ഞുനാളില്‍ കൂടെ നത്തുകിടന്നു ശോഷിച്ച കൈകാലുകളുള്ള ജോസിയേയും വകവയ്ക്കാതെ കല്പ്പണിക്കാരന് സേവിയ്ക്ക് മമ്മ മകള്‍ ഐഡയെ കൂട്ടിക്കൊടുക്കുന്നു. ഒരിക്കല്‍ ഐഡയുമായി സേവി നാടുവിടുന്നു. മറ്റൊരിക്കല്‍ തകര്‍ന്ന കല്ലറപോലെ ഐഡ ഒറ്റയ്ക്കു തിരിച്ചുവരുന്നു. ആദ്യമായി സാരിയുടുത്ത് സുന്ദരി ചമഞ്ഞ ദിവസം മകളുടെ കാമുകന് സേവിയ്ക്കൊപ്പം ഓടിപ്പോകുന്ന മമ്മ. ആണ് തുണയില്ലാത്ത കറവക്കാരുടെ വീട്ടിലെ ജസീന്തയെ മറ്റൊരു കറവ മാടുപോലെ കല്യാണം കഴിക്കുന്ന ജോസി. ഇങ്ങനെ അസാധാരണവും അന്യാദൃശവുമായ വഴികളിലൂടെയാണ് നോവലിലെ ഇതിവൃത്തം വളരുന്നത്.
ലത്തീന്‍ ക്രിസ്ത്യരായ പറങ്കികളുടെ തനതുഭാഷയും ആചാരാനുഷ്ഠാനങ്ങളുമായി രചനയുടെ അപൂര്‍വാനുഭവ കണ്മിഴിച്ചിലാവുന്നുണ്ടീ നോവല്‍. ആദിയും അന്തവുമില്ലാത്ത ഒരു സങ്കര സംസ്കൃതിയുടെ അപൂര്ണതമിയന്ന ധര്‍മ സങ്കടത്തിന്റെ മഷി മുക്കിയെഴുതിയ ഇത്തരമൊരു നോവല്‍ ഇതിന് മുമ്പോ പിമ്പോ മലയാളത്തിലുണ്ടായിട്ടില്ല. ശവക്കുഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണത്താക്കോലിന്റെ താഴ് അന്വേഷിച്ചു നടക്കുന്ന ജോസി പെരേരയുടെ ഗുഢഭാവത്തില്‍ അസ്തിത്വം തകര്‍ന്ന പറങ്കി സമൂഹത്തിന്റെ തന്മ കണ്ടെത്താന്‍ വെമ്പുന്ന ഒരപരന് കുടിയിരിപ്പുണ്ട്.
കുന്തിരിക്കം മണക്കുന്ന ക്രിസ്തീയ പശ്ചാത്തലമുള്ള ഒരുതരം ആന്തരിക ഭാഷയാണ് ഒപ്പീസിന്റേത്. ഇതിലെ ആചാരാനുഷ്ഠാന മതപര പദങ്ങളാകട്ടെ അള്‍ത്താര വിശുദ്ധിപോലുള്ളതും. സ്വര്‍ഗദൂതനിലൂടെ പോഞ്ഞിക്കര റാഫി മലയാളത്തിന് നല്കിയ ബോധധാര രീതി അതേ നാട്ടുകാരനായ മിറാന്‍ഡയിലൂടെ വീണ്ടും മലയാളത്തിന്.
പണ്ട് എറണാകുളത്തുനിന്നും നോക്കുമ്പോള്‍ ഒരു കായല്‍ വീതിക്കപ്പുറത്തെ പോഞ്ഞിക്കര വെറുമൊരു ഗ്രാമത്തുരുത്തായിരുന്നു. എറണാകുളം നഗരത്തിന് ബോട്ടിലെത്താവുന്ന ഇരുള് ഭൂഖണ്ഡം പോലൊരു കര. നഗരം പാലത്തിലൂടെ പോഞ്ഞിക്കരയില്‍ അതിക്രമിച്ച് കയറിയിട്ടും ഗ്രാമത്തിന്റെ പൊട്ടും പൊടിയും ഇപ്പഴും ഇവിടെയുണ്ട്. അങ്ങോട്ടുള്ള പഴയ ബോട്ടും. പലതും മാറിയിട്ടും വേരുനഷ്ടം പേറുന്ന നോവലിലെ കഥാപാത്രങ്ങള്‍ പോലെ ഓര്‍മകളില്‍ തന്മ പരതി തളരുന്ന പലരുമുണ്ട് ഇവിടെ ഇപ്പഴും.
ലൈന്‍മാനാകും മുമ്പ് പ്രൊഫഷണല്‍ ചിത്രകാരനായിരുന്നു മിറാന്‍ഡ. ഉള്ക്യാന്വാസില് വരകളും വര്‍ണങ്ങളും ഇന്നും സജീവം. മറ്റൊരു പുസ്തകം വിശുദ്ധ ലിഖിതങ്ങള്‍.
സെബാസ്റ്റ്യന്‍ മിറാന്‍ഡയുടേയും ക്ലാര മിറാന്‍ഡയുടേയും മകനായി ജനനം. ഭാര്യ ബ്ലസി മിറാന്‍ഡ. വിദ്യാര്‍ത്ഥികളായ രണ്ടുമക്കള്‍; ക്ലാരയും സെലിനും.
പുസ്തകത്തിന് വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ഈ നോവലിസ്റ്റിന്റെ ജീവിത വിധി മാറ്റിയെഴുതുന്നത് പക്ഷേ പുസ്തകമാണ്. അക്ഷരങ്ങളുടെ നെറുകയിലേക്ക് നീണ്ടുവന്ന ദൈവത്തിന്റെ കൈവിരല്‍ കൃപയാണ് നോവലിന്റെ ഓക്സ്ഫോഡ് പതിപ്പെന്നു പറയുമ്പോള്‍ എളിമകൊണ്ട് എഴുത്തുകാരനേക്കാള്‍ സര്‍വസാധാരണക്കാരനായി മാറുന്നു ജോണി മിറാന്‍ഡ.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: