“അമ്മാവാ, ഞങ്ങളെത്തി!” ഉറക്കെ വിളിച്ചു പറഞ്ഞു ആഹ്ലാദത്തിമര്‍പ്പോടെ അമൃതയും പ്രസാദും പടികടന്നു ഓടിവന്നു.
“ഇതാ, ഞാനും ഒരുങ്ങിക്കഴിഞ്ഞു.” ജുബ്ബയുടെ കീശകളില്‍ പേനയും പേഴ്സും മൊബെയില്‍ ഫോണുമെല്ലാം തിരുകി ഞാന്‍ മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി.
കലൂര്‍ സ്റ്റേഡിയത്തിന് പിന്നില്‍ തെക്കുപടിഞ്ഞാറു മാറിയാണ് എന്റെ താമസം. ബസ്സ് റൂട്ടല്ലാത്തതുകൊണ്ട് പലപ്പോഴും ഓട്ടോറിക്ഷയാണ് ആശ്രയം. അടുത്തുള്ള ഒരാളെ ഏല്‍പ്പിച്ചിരുന്നു. നാലുമണിയോടെ ഞങ്ങള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് മുന്നില്‍ എത്തി.
“ഹായ്! പഴയമട്ടിലുള്ള മനോഹരമായ പ്രവേശന കവാടം! ആരോ കവിത ചൊല്ലുന്നതായി കേള്‍ക്കുന്നുണ്ടല്ലോ അമ്മാവാ?” അമൃത ചോദിച്ചു.
“ചങ്ങമ്പുഴയുടെ പിന്മുറക്കാരാണത്.” ഞാന്‍ പറഞ്ഞു. “അതാ, ആ മരച്ചുവട്ടില്‍ കുറേപ്പേര് വട്ടത്തില്‍ കസേരയിട്ടു ഇരിക്കുന്നത് കണ്ടില്ലേ? അക്ഷരശ്ലോക സദസ്സ് നടക്കുകയാണ്. എല്ലാ മാസത്തിന്റെയും നാലാം ഞായറാഴ്ചകളില്‍ നടക്കുന്ന പരിപാടിയാണ്. അല്‍പ്പം ശ്രദ്ധിക്കാം. വരൂ.”
മുപ്പതോളം പേരാണ് വട്ടത്തില്‍ ഇരിക്കുന്നത്. അല്‍പ്പം മാറി ഏതാനും കേള്‍വിക്കാരും ഇരിപ്പുണ്ട്. അവര്‍ക്കരികിലായി ഞങ്ങളും സ്ഥലം പിടിച്ചു.
ശ്ലോകം ചൊല്ലുന്നവര്‍ അധികവും മധ്യപ്രായം കഴിഞ്ഞവരോ വൃദ്ധരോ ആണ്. സ്ത്രീകളും ചിലരുണ്ട്. കുട്ടികള്‍ രണ്ടുപേരെയുള്ളൂ. അക്ഷര ശ്ലോകം ചൊല്ലുന്ന രീതി ഞാന്‍ അമൃതയ്ക്കും പ്രസാദിനുമായി ചുരുക്കത്തില്‍ പറഞ്ഞുകൊടുത്തു.
സദസ്സിലെ കുട്ടികള്‍ അതിമനോഹരമായിട്ടായിരുന്നു ശ്ലോകം ചൊല്ലിയിരുന്നത്. അത് കേള്‍ക്കേ അമൃതയ്ക്ക് കൊതിയായി.
“അമ്മാവാ, ഞങ്ങളെയും അക്ഷരശ്ലോകം പഠിപ്പിക്കാമോ?”
“തീര്‍ച്ചയായും! നിങ്ങളെപ്പോലെ ആരെങ്കിലും ചോദിക്കുവാന്‍ കാത്തിരിക്കുകയല്ലേ ഞാന്‍? നൂറുകണക്കിന് ശ്ലോകങ്ങള്‍ മനഃപാഠമാക്കേണ്ടിവരും കേട്ടോ. അതിനുള്ള ഗുണമുണ്ടാകുമെന്നും കൂട്ടിക്കോളൂ. നല്ല പദസമ്പത്ത്, ഉച്ചാരണ ശുദ്ധി, അര്‍ത്ഥബോധം, താളബോധം, ഔചിത്യബോധം, ഭാവന….ഇവയെല്ലാം ചേര്‍ന്നുള്ള ഭാഷാപ്രാവീണ്യവും അറിവുകളും നിങ്ങള്‍ക്കുണ്ടാകും. ചിലപ്പോള്‍ കവിയാകാനും കഴിഞ്ഞേക്കും.
അവിടെയിരുന്ന് ശ്ലോകം ചൊല്ലുന്നവരില് ചിലര്‍ ഇന്ന് അറിയപ്പെടുന്ന കവികളുമാണ്. അതുകൊണ്ടാണ് ആ കേള്‍ക്കുന്ന ശബ്ദം ചങ്ങമ്പുഴയുടെ പിന്മുറക്കാരുടേതാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞത്. കുട്ടിക്കാലത്ത് ചങ്ങമ്പുഴ അക്ഷരശ്ലോകം, കഥകളി, ഓട്ടംതുള്ളല്‍ എന്നിവയില്‍ വലിയ കമ്പക്കാരനായിരുന്നു. മണിക്കൂറുകളോളം ഉറക്കമൊഴിച്ചും അവ ആസ്വദിച്ച് അദ്ദേഹം ഇരിക്കുമായിരുന്നത്രെ. ഒപ്പം വിപുലമായ വായനയും ഭാവനയും ചേര്‍ന്നപ്പോള്‍ ചങ്ങമ്പുഴ കവിയായി വളര്‍ന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളില്‍ കവിസദസ്സും ഇവിടെ നടക്കാറുണ്ട്.
വരൂ. നമുക്ക് അല്‍പ്പം നടന്നു കാണാം. ഓഫീസിനടുത്തു ഒരു വാഴക്കൂട്ടമുണ്ട്. അതില്‍ കെട്ടിത്തൂക്കിയ ചെറിയ ബോര്‍ഡിലേയ്ക്ക് ഞാന്‍ ചൂണ്ടിയപ്പോള്‍ പ്രസാദ് അതിലെ രണ്ടുവരികള്‍ വായിച്ചു:
മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
ഇതാ, ഇവിടെ ഒരു ചെറിയ സ്റ്റേജ് കണ്ടില്ലേ? നേരെ എതിരെ തെക്കുവശത്തായി വലിയ ഒരു സ്റ്റേജുള്ളതും നോക്കൂ. ഇവയില്‍ എന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടാകും. ഈ കേന്ദ്രത്തിന്റെ ഭാഗമായി കഥകളി ആസ്വാദക സദസ്സ്, സംഗീത സദസ്സ്, നൃത്തസദസ്സ്, മുതിര്‍ന്ന പൗരന്മാരുടെ ഫോറം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നാടകോത്സവം, പുസ്തകവിചാരം, വിചാരോത്സവം, ആഴ്ചവട്ടം എന്നിങ്ങനെയും ഓരോ ഇനങ്ങള്‍. മാത്രമല്ല, പുറത്തുനിന്നുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാമൂഹിക-സാംസ്കാരിക പരിപാടികള്‍ നടത്താന്‍ അവസരം നല്‍കുന്നുമുണ്ട്. രാഷ്ട്രീയ-മത-വിവാദ പരിപാടികള്‍ കഴിയുന്നത്ര ഒഴിവാക്കുകയും ചെയ്യും.
“ഹായ്! ആനയും ഊഞ്ഞാലും മറ്റുമുണ്ടല്ലോ ഞങ്ങള്‍ക്കു കളിക്കാന്‍!” അമൃത പറഞ്ഞു.
“എന്താ, ആനപ്പുറത്തു കയറണോ?”
“വേണ്ടമ്മാവാ. പിന്നീട് അച്ഛനേയും അമ്മയേയും കൂട്ടി വരണം. അപ്പോഴാവാം.”
പാര്‍ക്കിനകത്തു ചുറ്റും നടപ്പാതയുണ്ട്. തണല്‍ വിരിച്ചു, കുളിര്‍ക്കാറ്റു വീശുന്ന ധാരാളം മരങ്ങളും. രാവിലെയും വൈകിട്ടും എത്രയോ പേര് ഇതിനകത്ത് നടക്കാന്‍ വരാറുണ്ട്. ഫ്ലാറ്റുകളിലും മറ്റുമുള്ള ഇടുങ്ങിയ ജീവിതത്തില്‍നിന്ന് ചെറിയൊരാശ്വാസം. ചിലര്‍ കാലത്ത് സൂര്യനമസ്ക്കാരവും വ്യായാമങ്ങളും ഇവിടെ വന്നാണ് ചെയ്യുക. നാല് വശവും ടാറിട്ട റോഡുകളാല്‍ ചുറ്റപ്പെട്ടാണ്, കടലില്‍ പച്ചത്തുരുത്തുപോലെ ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കൊച്ചി മഹാനഗരത്തിന്റെ സാഹിത്യ-കലാ-സാംസ്കാരിക ഹൃദയമാണിതെന്ന് പറയാം.
“ഗവണ്മെന്റാണോ ഇത് നടത്തുന്നത് അമ്മാവാ?”
അല്ല, രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയാണ്. മുമ്പ് കൊച്ചി നഗരസഭാ മേയറും മറ്റുമായിരുന്ന അഡ്വ.കെ.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം മുതിര്‍ന്ന പൗരന്മാരുടെ പ്രവര്‍ത്തനം അഭിനന്ദിക്കപ്പെടാതെ വയ്യ. ഏത് പരിപാടിക്കായാലും അച്ചടക്കമുള്ള സദസ്സ് ഇവിടെയുണ്ടാകും; വിവിധ ദേശക്കാരും പ്രായക്കാരും. ആയിരമായിരം മനസ്സുകളും നാവുകളും ‘ചങ്ങമ്പുഴ’ എന്നപേര് പറയാതെയൊ എഴുതിക്കാണാതെയോ ഒരുദിവസവും സൂര്യന് ഇവിടെ ഉദിക്കുന്നില്ല; അസ്തമിക്കുന്നുമില്ല! മണ്മറഞ്ഞ ആ മഹാകവിയുടെ ആത്മാവിന് ഇതില്‍പ്പരം നിര്‍വൃതി വേറെയുണ്ടോ?
വരൂ നമുക്കിനി ഈ ശവകുടീരവും കൂടി കാണാന്‍ പോകാമെന്ന് പറഞ്ഞ് കുട്ടികളുമായി പാര്‍ക്കിന്റെ വടക്കുവശത്തുള്ള റോഡിലേയ്ക്ക് ഞാന്‍ നടന്നു. ചങ്ങമ്പുഴ പഠിച്ച പ്രാഥമിക വിദ്യാലയവും ദേവന്‍കുളങ്ങര ക്ഷേത്രവും അവര്‍ക്ക് കാട്ടിക്കൊടുത്തു. ചങ്ങമ്പുഴയുടെ ജീവിതവുമായി ബന്ധപ്പെട്ട മാറന്കുളവും പറമ്പുകളും പഴയകെട്ടിടവുമെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ് കേട്ടോ.
ദാ ഇതാണ് ചങ്ങമ്പുഴയുടെ സമാധി അഥവാ ശവകുടീരം. നാല് സെന്റില്‍ ദീര്ഘചതുരത്തില്, ഇരുമ്പുവേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇതിനുപിന്നില്‍ ഒരു റിട്ടയേര്‍ഡ് പ്രൊഫസറാണ് വീട് വെച്ച് താമസിക്കുന്നത്.
അപ്പോഴേക്കും, തൊട്ടു വടക്കുവശത്തെ ഗേറ്റ് തുറന്ന് ശങ്കരന് മാഷ് വരുന്നതുകണ്ടു. അദ്ദേഹം ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ സെക്രട്ടറികൂടിയാണ്. കുട്ടികള്‍ക്ക് അകത്തുകടന്നു കാണാന്‍ സൗകര്യമുണ്ടോ എന്ന് ഞാന്‍ ചോദിക്കേണ്ട താമസം അദ്ദേഹം ഹൃദ്യമായി ഒന്നു ചിരിച്ചു, താക്കോല്‍കൂട്ടവും!
ഞങ്ങള്‍ അകത്തു കടന്നു. കുട്ടികള്‍ സമാധിക്ക് ചുറ്റും നടന്നു കണ്ടു. കല്ലറയിലെ കവിതാശകലവും വായിക്കേ, പറമ്പില്‍ സമൃദ്ധമായുള്ള തെച്ചിച്ചെടിയില്നിന്ന് രണ്ട് പൂങ്കുലകള്‍ ഇറുത്ത് ഞാന്‍ അവരുടെ കൈകളില്‍ കൊടുത്തു. അവര്‍ക്ക് കാര്യം മനസ്സിലായി. ഭക്ത്യാദരപൂര്‍വം അമൃതയും പ്രസാദും പൂങ്കുലകള്‍ ചങ്ങമ്പുഴയുടെ സമാധിയില്‍ അര്‍പ്പിച്ചു.
നിങ്ങള്‍ കേട്ടുവോ, മന്ദം മന്ദം പൊടിയുന്ന കവിയുടെ ഹൃദ്സ്പന്ദനം? തീര്‍ച്ചയായും നിങ്ങളുടെ ഈ അര്‍ച്ചന കവിയെ സന്തോഷിപ്പിച്ചിരിക്കും. സാധാരണ, വര്‍ഷത്തില്‍ ഒരിക്കല്‍ ചങ്ങമ്പുഴയുടെ ജന്മദിനമായ ഒക്ടോബര്‍ 11 ന് മാത്രമേ ചെറിയൊരാള്‍ക്കൂട്ടവും പുഷ്പാര്‍ച്ചനയും ഇവിടെ ഉണ്ടാകാറുള്ളൂ. പിന്നെ ഇതുപോലെ ആരെങ്കിലും വന്നാലായി.
ഞങ്ങള്‍ പതുക്കെ പുറത്തേക്ക് കടന്നു. സൗമ്യനായ ശങ്കരന് മാഷ് ഗേറ്റ് പൂട്ടി മുന്നില്‍ നടന്നു. പിന്നാലെ കുശലങ്ങളുമായി ഞങ്ങളും. ചങ്ങമ്പുഴ ഗ്രന്ഥശാലയിലേക്ക് അധികം ദൂരമില്ല.
മാഷോടൊപ്പം ഞങ്ങളും ഓഫീസിലേക്ക് കയറി. സാമാന്യം വലിയ മൂന്നുനില കെട്ടിടമാണ്. മുന്നിലെ ഭിത്തിയിലുള്ള വലിയ ചങ്ങമ്പുഴ ചിത്രം കുട്ടികള്‍ തെല്ലിട നോക്കിനിന്നു. ഞാന്‍ അവരോട് പറഞ്ഞു. ഇത് വെറും ഗ്രന്ഥശാലയല്ല. ഒരു ചങ്ങമ്പുഴ കലാവേദിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ നൃത്തവും സംഗീതവും ചിത്രകലയുമെല്ലാം പഠിപ്പിക്കുന്നു. നേരത്തെ സാംസ്കാരിക കേന്ദ്രത്തെപ്പറ്റി പറഞ്ഞതുപോലെ, ചങ്ങമ്പുഴയുടെ പേരിലുള്ള മറ്റൊരു സരസ്വതീ ക്ഷേത്രമാണിതെന്ന് പറയാം.
കുട്ടികള്‍ ചില ബാലമാസികകള്‍ മറിച്ചുനോക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ ശങ്കരന്മാഷോട് പറഞ്ഞ് രണ്ടു പുസ്തകങ്ങള്‍ എടുപ്പിച്ചു-ചങ്ങമ്പുഴയുടെ ‘ബാഷ്പാഞ്ജലി’യും ‘സ്വരരാഗസുധ’യും. അവ ഓരോന്നായി കുട്ടികളുടെ കൈയില്‍ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു:
ഈ പുസ്തകങ്ങള്‍ എന്റെ ഉത്തരവാദിത്തത്തില്‍ നിങ്ങള്‍ക്ക് എടുത്തുതരികയാണിപ്പോള്. ഇവ വായിച്ചും ചൊല്ലിയും ചര്‍ച്ച ചെയ്തും നല്ലവ നോട്ടു പുസ്തകത്തിലെഴുതി വെച്ചും എന്നെ അടുത്താഴ്ച കാണിക്കണം. പുസ്തകങ്ങള്‍ എന്നെ ഏല്‍പ്പിക്കുകയും വേണം. ഇവിടെ തിരിച്ചുകൊടുക്കേണ്ടതല്ലെ? എന്നിട്ട് വേറെ പുസ്തകങ്ങള്‍ വേണമെങ്കില്‍ എടുക്കാം. ബുക്സ്റ്റാളില്‍ പോയി വാങ്ങുകയുമാവാം. ഇനി നമുക്ക് വീട്ടിലേക്ക് പോകാം, അല്ലേ?
ഞങ്ങള്‍ ശങ്കരന് മാഷോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. ദേവന്‍കുളങ്ങര ക്ഷേത്രത്തിലും ഒന്നുകയറി തൊഴുതതിനുശേഷം ഒരു ഓട്ടോ പിടിച്ച്, ഇരുട്ടുന്നതിന് മുമ്പ് വീട്ടിലെത്തുകയും ചെയ്തു. അമൃതയേയും പ്രസാദിനേയും കാത്ത് അവരുടെ അച്ഛനമ്മമാര്‍ മുറ്റത്തുനില്‍പ്പുണ്ടായിരുന്നു.
“അമ്മാവാ, ഇന്ന് വളരെ വലിയൊരനുഭവമാണ് അമ്മാവന് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഏറെ നന്ദിയുണ്ട്; സന്തോഷവും.” പ്രസാദ് പറഞ്ഞു.
“ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും സമാധിയും ഗ്രന്ഥശാലയും എല്ലാം കാണിച്ചുതന്നുവല്ലോ. മനസ്സില്‍ നിറയെ ചങ്ങമ്പുഴയായി; കൈയില്‍ ചങ്ങമ്പുഴയുടെ പുസ്തകനിധിയും! ഇത് വായിച്ച് ഞങ്ങള്‍ നാളെ വരാം.”
“ഏയ്! നാളെ വേണ്ട! രണ്ടുദിവസം കഴിഞ്ഞ് മതി. ആദ്യം നിങ്ങള്‍ ശ്രദ്ധയോടെ പുസ്തകം വായിക്കൂ. ഞാന്‍ ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞു തന്ന കാര്യങ്ങള്‍ ഓര്‍മിച്ച് പരസ്പ്പരം ചര്‍ച്ച ചെയ്യൂ. എന്നിട്ട് അറിഞ്ഞതെല്ലാം എനിക്ക് പറഞ്ഞുതരാന്‍ പാകത്തില്‍ വന്നാല്‍ മതി. അപ്പോള്‍ നിങ്ങള്‍ എത്രമാത്രം ചങ്ങമ്പുഴയെ മനസ്സിലാക്കിയെന്ന് എനിക്ക് മനസ്സിലാക്കാം; മനസ്സിലായോ?”
അത് കേട്ട് പൊട്ടിച്ചിരിയോടെ “ശരി അമ്മാവാ” എന്നു പറഞ്ഞുകൊണ്ട് കുട്ടികള്‍ അവരുടെ വീട്ടിലേക്ക് ഓടിപ്പോയി. ഞാന്‍ അവരുടെ നേരെ പുഞ്ചിരിച്ചും കൈവീശിയും തെല്ലിട ഗേറ്റിനരികില്നിന്നു.
(അവസാനിച്ചു)
പി.ഐ. ശങ്കരനാരായണന്: 9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: